{പുലർവെട്ടം 379}
 
എഴുത്തിനോടും വായനയോടും മമതയുള്ള ഒരു ചെറുപ്പക്കാരൻ സഹാധ്യാപകനായി എത്തിയിട്ടുണ്ടെന്ന് അപ്പനൊരു ദിവസം പറഞ്ഞു. അധികം നാൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഗവണ്മെന്റ് സ്കൂളിൽ ജോലി കിട്ടി കാസറഗോഡേക്കു പോയി. പിന്നെയും കുറച്ച് വർഷങ്ങൾക്കു ശേഷം ഡി സി ബുക്സിന്റെ നോവൽ മത്സരത്തിൽ സമ്മാനാർഹരുടെ പേരുവിവരം പത്രത്തിൽ വായിച്ചു. അതിലൊരാൾ ആ പഴയ സഹപ്രവർത്തകനായിരുന്നു – ഉറയൂരുന്ന പകലുകൾ / ജോയ് ജെ. കൈമാപ്പറമ്പൻ. ആ ശീർഷകത്തിന്റെ അഴകും പറഞ്ഞുതന്നു. പാമ്പുകളുടെ ശൽക്കങ്ങൾ നിത്യകാഴ്ചയായി മാറിയിട്ടുള്ള ഒരു വടക്കൻ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വിദ്യാലയം. പകലും അതുപോലെ ഉറയൂരുകയാണ്. ഒരു പകലിൽ നിന്ന് മറ്റൊരു പകൽ. അതിനിടയിൽ രാത്രിയുടെ ക്ലേശം. പാമ്പുകൾ ഉറയൂരുന്നത് കഠിനവേദനയിലൂടെയാണെന്ന് ആദ്യം പറഞ്ഞുതന്നതും അപ്പനാണ്.
ഒരു മറുപിറവി സാധ്യമാണ്. അതിന് ചില ക്ലേശങ്ങളിലൂടെ കടന്നുപോകാൻ പറ്റുമോ ഇല്ലയോ എന്നതാണു പ്രശ്നം. പരുന്തിന്റെ വീണ്ടുംപിറവിയേക്കുറിച്ച് അടുത്തിടയും വായിച്ചു, ഒരു വീഡിയോ ഫുട്ടേയ്‌ജായിട്ടാണ്. അത് അതേപോലെ പകർത്തുന്നു. എഴുപതു വർഷത്തോളം ആയുർദൈർഘ്യമുണ്ടതിന്. എന്നാൽ ആ കാലത്തിൽ എത്തണമെങ്കിൽ അതിനു ചിലതിലൂടെയൊക്കെ കടന്നുപോകണം. നാല്പതിലെത്തുമ്പോൾ നഖങ്ങൾക്ക് ഇരയെ പിടിക്കാനുള്ള ആവതില്ലാതെയാകും, കൂർത്ത കൊക്ക് വളഞ്ഞുതുടങ്ങും, ചിറകുകൾ നെഞ്ചോട് കൂമ്പിപ്പോകും. ഫലത്തിൽ പട്ടിണിയാണ്.
രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ ചരമം പ്രാപിക്കുക, അല്ലെങ്കിൽ മാറ്റത്തിന്റെ കഠിനവേദന തിരഞ്ഞെടുക്കുക. രണ്ടാമത്തേതാണ് അതിന്റെ വഴി. വരുന്ന 150 ദിനങ്ങൾ അതിനു വേണ്ടിയാണ്. ഒരു ശിഖയിൽ ഒറ്റയ്ക്കു പാർക്കാൻ തീരുമാനിക്കുന്ന അത് പാറയിൽ കൊത്തിക്കൊത്തി കൊക്ക് പിഴുതെടുക്കുന്നു. പുതിയതൊന്നു വളരുവാൻ കാത്തിരിക്കുന്നു. കൊക്ക് രൂപപ്പെടുമ്പോൾ നഖങ്ങൾ പിഴുതെടുക്കുകയാണ് അടുത്ത ചടങ്ങ്. പിന്നീട് പഴയ തൂവലുകൾ പിഴുതു കളയുന്നു. ഒടുവിൽ എല്ലാം നവീകരിക്കപ്പെട്ടുകഴിയുമ്പോൾ രണ്ടാംപിറവിയുടെ ആ യാത്ര തുടങ്ങുന്നു. ജീവിച്ചയത്രയും തന്നെ ഇനിയും ജീവിക്കാനുണ്ട്. വസ്തുതാപരമായി ആവശ്യത്തിലേറെ അബദ്ധങ്ങൾ ഈ വിശദീകരണത്തിലുണ്ട്. ഒരു അനാലജി – ഉപമ – ആയി മാത്രം ഇതിനെ ഗണിച്ചാൽ മതി.
നിളയുടെ തീരത്തുനിന്ന് ആ പദം വല്ലാതെ മോഹിപ്പിക്കുന്നു- പുനർജനി. തിരുവില്വാമലയിലാണ് പ്രതിഷ്ഠയില്ലാത്ത ആ ഗുഹാക്ഷേത്രം. വ്രതശുദ്ധിയോടെ നൂണ്ടിറങ്ങിയാൽ ജന്മാന്തരപാപങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്ന വിശ്വാസമുണ്ട് അവിടെ. ഒരിത്തിരി നേരം ബോധത്തെ ഇരുളിലൂടെ നൂളാൻ വിട്ടുകൊടുക്കുന്ന ഏതൊരാൾക്കും വെളിച്ചത്തിന്റെ പൈതലായി പുനർജനിക്കാനാകുമെന്നാണ് സങ്കല്പം.
ഇരുട്ട് എല്ലാത്തരം പൂക്കളുടെയും ഗർഭഗൃഹമാണ്. സുഗന്ധമുള്ളതെല്ലാം വിരിയുന്നത് അവിടെയാണ്. അതുകൊണ്ടാണ് രാത്രിയിലെത്തിയ അതിഥിയോട് ജലത്താലും അഗ്നിയാലും, ശുദ്ധിയുടേയും ക്ലേശത്തിന്റേയും സ്നാനത്തിലൂടെ വീണ്ടും പിറക്കുവാൻ ആവശ്യപ്പെടുന്നത്. നിക്കദേമൂസ് എന്നാണ് അയാളുടെ പേര്. അയാൾ ആദ്യം അമ്പരക്കും, ഈ പ്രായത്തിൽ എങ്ങനെയാണത്? ഏതു പ്രായത്തിലും അതു സാധ്യമാണെന്നു പറഞ്ഞ് ആതിഥേയൻ കണ്ണിറുക്കുന്നു.
ഏതു പ്രായത്തിലും അതു സാധ്യമാണ്.
– ബോബി ജോസ് കട്ടികാട്
 
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading