{പുലർവെട്ടം 415}

 
പുതിയ നിയമത്തിലെ ഏറ്റവും സ്നേഹസുഗന്ധമുള്ള സ്ത്രീകളിൽ ഒരാളെക്കുറിച്ചാണ് ഇങ്ങനെ നാം വായിക്കുന്നത്: “ഇവളിൽ നിന്നാണ് ഏഴ് പിശാചുക്കളെ യേശു പുറത്താക്കിയത്.” സ്നേഹം എല്ലാ ദുരാത്മാക്കളും രാപ്പാർക്കുന്ന വിചിത്രകൂടാരമാണ്. എന്തൊരു അപകടം പിടിച്ച വാക്കാണത്!
 
ഡ്രാക്കുള ഭയപ്പെടുത്തിയത് അത് സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന ബാലിശമായ ഭീതിയുടെ പരിസരം കൊണ്ടല്ല, മറിച്ച് സ്നേഹത്തിന്റെ ഇച്ഛാഭംഗങ്ങൾ ഒരാളെ ഏത് ആസുരതയുടെയും അങ്ങേയറ്റത്തേക്ക് എറിഞ്ഞുകളയാൻ പര്യാപ്തമാണ് എന്ന ബോധത്തിൽ നിന്നാണ്. വ്ലാഡ് സെപെഷ് യുദ്ധഭൂമിയിലാണ്; അതും വിശുദ്ധയുദ്ധമെന്ന് വിശേഷണമുള്ള ഒന്നിൽ. അയാൾ കൊല്ലപ്പെട്ടു എന്ന വ്യാജവാർത്തയിൽ ഉലഞ്ഞുപോയ അയാളുടെ സ്ത്രീ മറ്റൊരു നാളിൽ സ്വർഗ്ഗത്തിൽ വച്ച് പരസ്പരം കാണാനുള്ള സാധ്യത ഇതുമാത്രമാണെന്ന് മന്ത്രിച്ച് സ്വയഹത്യ ചെയ്യുന്നു. അയാളുടെ കൊടിയ ദുഃഖത്തെ വീണ്ടും അഗാധമാക്കിക്കൊണ്ട് ആത്മഹത്യ ചെയ്ത അവൾക്ക് ദൈവം നരകശിക്ഷയാണ് കരുതിവച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒരു സ്വർഗത്തിലും നിങ്ങൾ ഒരുമിക്കില്ലെന്നും ധാർഷ്ട്യം പറയുന്ന പുരോഹിതൻ. ദൈവത്തിന്റെ വിനീതദാസനെന്ന് സ്വയം കരുതി അഭിമാനിച്ചിരുന്ന എനിക്കുവേണ്ടി ഇതായിരുന്നു കരുതിവച്ചിരുന്ന സമ്മാനം എന്നതായിരുന്നു അയാളുടെ അമർഷം. ‘സകല നരകീയ ശക്തിയുമായും ശവകുടീരത്തിൽ നിന്ന് ഞാൻ ഉയർത്തെഴുന്നേൽക്കും’ എന്നായിരുന്നു അയാളുടെ പ്രതിജ്ഞ. അയാൾ പിന്നീട് ബുദ്ധിമുട്ടിലാക്കിയവരോടൊക്കെ ആവർത്തിക്കുന്ന ചോദ്യമുണ്ട്: Look at what your God has done to me. സ്നേഹമേ നീയെന്തൊക്കെയാണ് ഓരോരുത്തരോടും ചെയ്യുന്നത്!
 
ചന്ദനലേപം പോലെ നെറ്റിയെ തണുപ്പിക്കുന്ന ആ പദത്തിലാണ് പലരുടെയും തലയോട്ടി പിളരുന്നത്. A bit of Othello എന്നു പറഞ്ഞ് അവഗണിക്കാവുന്നതല്ല അതിന്റെ കാഠിന്യം. അവൾ പറഞ്ഞതാണ് അതിന്റെ ശരി: ലോകത്ത് ഏറ്റവും വലിയ ധൈര്യശാലികളായി നിലനിൽക്കേണ്ടത് പ്രണയഭാജനങ്ങളാണ്; വിശേഷിച്ചും പുരുഷൻ. കാരണം അവളുടെ ബോധത്തിൽ ഇനി മറ്റൊരാൾ തെളിയില്ല. ഗാന്ധാരിയെപ്പോലെ മറ്റെല്ലാത്തിനോടും അന്ധയാകാൻ തീരുമാനിച്ചിരിക്കുകയാണ്. പെരുവിരലുണ്ണുന്ന ആലിലക്കണ്ണനെപ്പോലെ സ്വയം സൃഷ്ടിച്ച ചെറുവൃത്തത്തിനുള്ളിൽ അവൾ സദാ തൃപ്തയാണ്. എഴുതാൻ അറിയുമായിരുന്നെങ്കിൽ ഏതൊരു നാടോടിസ്ത്രീയും ഇങ്ങനെ കുറിച്ചേനേ: ‘കൃഷ്ണാ നിന്റെ കറുപ്പിൽ ഞാൻ അന്ധയാകുന്നു.’
സ്നേഹത്തിൽ തമ്പടിച്ച ദുർഭൂതങ്ങളെ ഉച്ചാടനം ചെയ്യുവാൻ അയാൾ വരുമെന്നാണ് പറയുന്നത്- മിശിഹാ! നുണകളുടെ അച്ഛനെന്നാണ് അയാൾ സാത്താനെ വിളിക്കുന്നത്. സ്നേഹത്തിന്റെ നേരുകൊണ്ട് ഉയിരിനെ സംഗീതസാന്ദ്രമാക്കുകയാണ് അയാളുടെ ധർമ്മം.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Fediverse reactions
July 2026
S M T W T F S
 1234
567891011
12131415161718
19202122232425
262728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading