Pularvettom – Fr Bobby Jose Kattikadu OFM Cap.
വനത്തിൽ മരം വീഴുന്നതുപോലെയാണ് ചിലരുടെ വിയോഗം. തണലു പോയെന്ന് പരിഭ്രാന്തി മാറി വരുമ്പോൾ മരം നിന്നിടത്ത് മാനം തെളിയുന്നു.
ഞങ്ങളുടെ കുറച്ചധികം സന്യാസികളെ അടക്കം ചെയ്തിരിക്കുന്നത് പൊന്നുരുന്നി ആശ്രമത്തിലാണ്. ആരു തുടങ്ങിവച്ച രീതിയാണെന്നറിഞ്ഞുകൂടാ, ഓരോരുത്തരുടേയും മീതെയുള്ള എപിറ്റാഫിന് ഒരു പൊതുസ്വഭാവമുണ്ട്; അവരുടെ സ്നേഹജീവിതത്തിന്റെ ചില സവിശേഷതകളെ ഓർമ്മിപ്പിക്കുക.
താടിരോമം വലിച്ചെടുത്താൽപ്പോലും ചെറുപുഞ്ചിരിയോടെ ഇരുന്ന ഒരാളുടെ മീതെ സ്നേഹം ക്ഷമയാണ് – Love is patience – എന്ന് ഒറ്റവരി.
ഏതു പാതിരാത്രിയിലും ആരു വിളിച്ചാലും എത്ര ദൂരവും സഞ്ചരിക്കുന്ന മറ്റൊരാളുടെ മീതെ സ്നേഹം സംലഭ്യതയാണെന്ന് – Love is availability.
കഠിനമായ ആരോഗ്യപ്രശ്നങ്ങളും ക്ലേശങ്ങളുമൊക്കെ ഉണ്ടായിരുന്ന ഒരാൾക്കു മീതെ Love is suffering.
പേരു കേട്ട ഒരു വൈദ്യരച്ചന്റെ മീതെ സ്നേഹം ഔഷധമെന്ന് – Love is healing.
കുഞ്ഞുങ്ങളുടെ ലാളിത്യം പുലർത്തിയിരുന്ന വേറൊരാൾക്കു മീതെ Love is simplicity എന്ന്. പപ്പങ്ങ, മാങ്ങ, വാഴപ്പഴം ഇത്യാദി ഫലങ്ങൾ കൊണ്ട് ഭരണിക്കണക്കിന് ജാമുണ്ടാക്കി വച്ചിരുന്നു അദ്ദേഹം. ട്രാഫിക് ജാമെന്നു കേട്ടാൽപ്പോലും പേടിച്ചു തുടങ്ങിയത് അങ്ങനെയാണ്!
അങ്ങനെയങ്ങനെയങ്ങനെ…
ഒരു ദിവസം കുറച്ച് എഴുത്തിന്റേയും വായനയുടേയും അസ്കിതയുള്ള ഒരു ചങ്ങാതിയെ സമാധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഓരോരോ കുറിപ്പുകൾ വായിച്ച് അയാളുടെ കണ്ണു നിറഞ്ഞു. കാര്യങ്ങൾ ഏശുന്നതിന്റെ സന്തോഷം മറച്ചുപിടിക്കാൻ പെട്ട പാട്! എല്ലാം കഴിഞ്ഞ് അടുത്തുവന്ന് അവൻ പറഞ്ഞു: “ഉടനേയൊന്നും മരിക്കരുത്- എന്തെഴുതിവയ്ക്കാനാണ്!” ശരിയാണ്, ഒരു അവിയൽ പാകത്തിൽ സ്നേഹിക്കുന്നു എന്നൊക്കെ പറയുന്നതല്ലാതെ എന്റേതെന്നു മാത്രം ഓർമ്മിച്ചെടുക്കാനാവുന്ന വിധത്തിൽ ഒരു സ്നേഹസുഗന്ധം ഇനിയും രൂപപ്പെട്ടിട്ടില്ല.
അത്രയേയുള്ളു പറയുവാൻ – സ്നേഹത്തിന് ചില വിശേഷപ്പെട്ട ഫ്ലേവറുകൾ സ്വന്തമായി കണ്ടെത്താതെ അഭിവന്ദ്യരേ നിങ്ങളും മരിക്കരുത്.
നവംബർ 2- ഇന്ന് കത്തോലിക്കാസഭയിൽ മരിച്ചവരെ ഓർമ്മിക്കാനുള്ള ദിവസമാണ്. വോൾബ്രെറ്റ് നാഗൽ എന്ന ജർമ്മൻ മിഷനറി മലയാളം പഠിച്ചെഴുതിയ – ഒരുപക്ഷേ നമ്മുടെ ഏറ്റവും പുരാതനമായ ക്രിസ്തീയകീർത്തനം – ‘സമയമാം രഥത്തിൽ’ ഒന്നു കണ്ണു പൂട്ടി കേൾക്കാവുന്നതാണ്.
- ഫാ. ബോബി ജോസ് കട്ടികാട്


Leave a comment