ലോക മാതൃഭാഷാ ദിനം

 

*അമ്മതന്‍ ഭാഷയാണെന്റെ ഭാഷ; അമ്മിഞ്ഞപ്പാലാകുമെന്റെ ഭാഷ:

ഫെബ്രുവരി 21: ലോക മാതൃഭാഷാ ദിനം*

‘മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍’

ഇന്ന് ലോക മാതൃഭാഷാ ദിനം. അന്താരാഷ്ട്ര മാതൃഭാഷാ ദിനാചാരണം 20-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1999 നവംബര്‍ 17-നാണ് യുനെസ്‌കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവര്‍ഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം.

1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശില്‍ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്. ഭാഷ്യാ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്‌കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വര്‍ഷംതോറും ആചരിക്കപ്പെടുന്നു.

സ്വന്തമായി ഒരു ഭാഷയുണ്ടായിരിക്കുകയെന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ആ ഭാഷ ഇല്ലാതാകുമ്പോഴേ മനസ്സിലാകൂ. മാതൃഭാഷയെ പുച്ഛിക്കുന്നവര്‍ മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാത്തവരാണ്. മാതൃഭാഷയെ അവഗണിച്ചാലും സാരമില്ല, താത്കാലികവും പ്രായോഗികവുമായ നേട്ടങ്ങള്‍ ഉണ്ടായാല്‍ മതി എന്നു വിചാരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്ന മണ്ടത്തരം ചെയ്യുന്നവരാണെന്നേ പറയാനാകൂ. തികച്ചും താത്കാലികമായ നേട്ടങ്ങള്‍ക്ക് വേണ്ടി, ചില മുന്‍വിധികളില്‍ കുടുങ്ങി മലയാളം മറക്കുന്ന മലയാളി വാസ്തവത്തില്‍ അത്യന്തം ദയനീയ സ്ഥിതിയിലാണെന്നതാണ് സത്യം.

ഭാര്യ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുമ്പോഴെ, കുട്ടി ജനിക്കുമ്പോള്‍ത്തന്നെ ഇംഗ്ലീഷിന്റെ മണവും വായുവും ശ്വസിക്കാനും സംസാരിക്കണമെന്ന ആഗ്രഹത്തോടെ, പ്രസവം ഇംഗ്ലണ്ടില്‍ വെച്ച് നടത്താന്‍ ആലോചിക്കുന്ന ഭര്‍ത്താവ്- ഇതു വെറും കവി കല്‍പന മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതിയെ വളച്ചൊടിക്കലുകള്‍ ഇല്ലാതെ, തുറന്നു കാണിക്കുന്ന കവി ഒരു കാലഘട്ടത്തിന്റെ നെടുവീര്‍പ്പാണ് പങ്കുവെക്കുന്നത്..! പക്ഷേ ഇന്നത്തെ അവസ്ഥ ഒരുപക്ഷേ കുഞ്ഞുണ്ണിമാഷ് നേരത്തെ മനസിലാക്കിയിരുന്നു എന്നുവേണം കരുതാന്‍. കാരണം കുട്ടികള്‍ നന്നായി ഇംഗ്ലീഷ് പറയീന്‍ വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ മലയാളികള്‍ തയാറായി കഴിഞ്ഞു. പക്ഷേ ഇതില്‍ അത്ഭുതപ്പെട്ടിട്ടും വലിയ കാര്യമൊന്നുമില്ല. കാരണം ഇംഗ്ലീഷ് സംസാരിക്കാത്തതിന് സ്വന്തം പട്ടിയെ തല്ലുന്ന ഒരാളുടെ വീഡിയോ നമ്മളില്‍ പലരും കണ്ടു കഴിഞ്ഞു. ഈ ഒരു സഹചര്യത്തില്‍ സ്വന്തം കുട്ടി ഇംഗ്ലീഷ് സംസാരിക്കണം എന്ന് വാശിപിടിക്കുന്നവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

മലയാളഭാഷാ പഠനം വിദ്യാഭ്യാസ പഠന കാലയളവില്‍ നിര്‍ബന്ധമാക്കുമെന്ന് ഉദ്യോഗസ്ഥരും മന്ത്രിമാരും പ്രസ്താവനകള്‍ ഇറക്കി മത്സരിക്കുമ്പോളും മലയാളം ഒരക്ഷരം പോലും പഠിക്കാതെ ബിരുദ തലം വരെ ഒരു ബുദ്ധിമുട്ടുമില്ലാതെ എത്താവുന്ന സാഹചര്യം ഇന്നുണ്ട്. മക്കള്‍ മലയാളം പറയുന്നത് കുറച്ചിലാനെന്നു കരുതുന്ന മാതാപിതാക്കള്‍ മക്കളെ ചേര്‍ക്കാന്‍ ഇന്റര്‍നാഷണല്‍ സ്‌കുളുകള്‍ തേടി പോവുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നു. ഏപ്രില്‍ മെയ് മാസങ്ങളില്‍ നിരവധി സൗജന്യങ്ങള്‍ പ്രഖ്യാപിച്ചു പിള്ളേരെ പിടിക്കാന്‍ ഇറങ്ങുന്ന അധ്യാപകരെ ഗ്രാമപ്രദേശങ്ങളില്‍ കാണാം.. നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അലകും പിടിയും മാറിയാലേ മാതൃ ഭാഷക്ക് മാന്യമായ സ്ഥാനം ഉണ്ടാവുകയുള്ളൂ. ”മലയാളത്തെ കഴിയുന്നത്ര ഒതുക്കാനും അകറ്റാനും ശ്രമിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനമാനിവിടെയുള്ളത്’

ഭാഷകള്‍ മരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാതൃഭാഷ സംരക്ഷിക്കുന്നതിനാണ് ഈ ദിനാചരണം. കവിത ചോരുമ്പോള്‍ സംസ്‌കാരം ചോരും. ഭാഷ നശിക്കുമ്പോള്‍ സംസ്‌ക്കാരം നശിക്കും.ഓരോ ഭാഷയും സംസ്‌ക്കാരത്തിന്റെ ചിഹ്നമാണ് അടയാളമാണ്. മനുഷ്യ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതു് ഭാഷയിലാണ്.’ അക്ഷര സംഘാത നിബദ്ധം മര്‍ത്യ ചരിത്ര വിഹാരമെന്നാണ് ചരിത്രത്തെ കവി അടയാളപ്പെടുത്തിയത്. ലോകത്ത് ആയിരക്കണക്കിന് ഭാഷകള്‍. ഏഴായിരത്തിലധികം വരുമെന്നാണ് ഒരു കണക്ക് .അവയില്‍ മാസത്തിലൊരിക്കല്‍ ഒരു ഭാഷയെങ്കിലും ഇല്ലാതാവുന്നുവെന്നാണ് നിരീക്ഷണം പെറ്റമ്മയും മാതൃഭാഷയും ഒന്നാണ്.

ജിവിതത്തോട് ഏറ്റവും അടുത്ത്, നമ്മേ ആശ്ലേഷിച്ചു നില്ക്കുന്ന മാതൃഭാഷയിലൂടെ മനസ്സിലാക്കുന്ന അറിവാണ് നമ്മില്‍ ലയിച്ചു ചേരുന്നത്. അല്ലാത്തവ മനസ്സിലാക്കപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും അതു പൊങ്ങുതടിയായി നില്ക്കും…. ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ മാതൃഭാഷയിലൂടെ തന്നെ സ്വായത്തമാക്കണം … മലയാളിയുടെ പൊങ്ങച്ചമാണ് മാതൃഭാഷയില്‍ നിന്ന് അകറ്റുന്നത് … എന്റെ കുട്ടിക്ക് മലയാളം അറിയല്ലെന്ന് തന്റെ പൊങ്ങച്ച സഞ്ചിയില്‍ നിന്ന് വിളമ്പുന്നത് മാന്യതയുടെ ലക്ഷണമായി കരുതുന്ന മലയാളി പുനര്‍വിചിന്തനത്തിന് തയ്യാറാവണം. …. ക്ലാസുകളില്‍ മലയാളം പറയുന്ന കുട്ടി ഇവിടെ ഇപ്പോഴും ശിക്ഷിക്കപ്പെടുകയാണ്. എല്ലാ ഭാഷകളും പഠിക്കുന്നത് നന്ന്…. പ്രത്യേകിച്ച് ഇംഗ്ലീഷ് .ലോക വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നു തന്ന ഭാഷയാണത്. മാതൃഭാഷയെ അവഗണിക്കാതെ അതില്‍ അവഗാഹം നേടി ഏതു ഭാഷയും നമ്മുക്ക് സ്വന്തമാക്കാം….

നമ്മുടെ മാതൃഭാഷ മലയാളം ആണ് ഇംഗ്ലീഷ് അല്ല. എന്നാല്ലും നമ്മള്‍ വിദ്യാഭ്യാസത്തിനു ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത്.ഒരു മലയാളി എന്ന് രീതിയില്‍ നോക്കിയാല്‍,നമ്മള്‍ എന്തുകൊണ്ട് നമ്മുടെ ഭാഷയില്‍ വിദ്യാഭ്യാസം നടപ്പിലക്കുനില്ല എന്ന് ചോദിച്ചു പോകും. എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് നോക്കിയാല്‍ അങ്ങനെ മലയാളത്തില്‍ പഠിച്ചതുകൊണ്ട് നമ്മുക്ക് എന്താ പ്രയോജനം?.അനവധി മതങ്ങളും ഭാഷകളും കലര്‍ന്ന ഒരു രാഷ്ട്രമാന്നു ഇന്ത്യ.അവിടെ ഓരോരുത്തര്‍ അവനവന്റെ മാതൃഭാഷയില്‍ മാത്രം സംസരിക്കുവന്നെല്‍ എന്ത് സംഭവിക്കും??പലപ്പോള്‍ ആയി ഞാന്‍ പത്രങ്ങളില്‍ മലയാളത്തേക്കാള്‍ ഉപരി ഇംഗ്ലീഷ് അല്ലേല്‍ മംഗ്ലീഷ് ഉപയോഗിക്കുന്ന കാര്യവും പറഞ്ഞു ലേഖനം കാണാറുണ്ട്.ഒരു പരിധി വരെ ആ ലേഖനങ്ങളില്‍ പറയുന്നത് നേരാ.ചില എളുപ്പമുള്ള മലയാള വാക്കുകളെക്കാള്‍ കട്ടി കൂടിയ ഇംഗ്ലീഷ് വാക്കുകളോട പലര്‍ക്കും കമ്പം.എന്ന് പറഞ്ഞു നമുക്ക് ഇംഗ്ലീഷ് ഭാഷ മൊത്തത്തില്‍ ബഹിഷ്‌കരിക്കാന്‍ പറ്റില്ല.ഇപ്പൊ നമ്മുടെ ബസ്സിലും റോഡിലെ സൈന്‍ബോര്‍ഡിലും എഴുതിയിരിക്കുന്ന ഇംഗ്ലീഷ് മായിച്ചു മൊത്തം മലയാളത്തില്‍ ആകിയാലോ?? നമുക്ക് ഒരു പ്രശ്‌നവുമില്ല.അന്യസംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍ വരുമ്പോ പാടുപെടും..അമിതമായാല്‍ എന്തും വിഷമാന്നു.അത് ഇംഗ്ലീഷ് ആയാലും മലയാളം ആയാലും.കേരളത്തിന്റെ പുറത്തു ഇംഗ്ലീഷ് തന്നെ വേണ്ണം, അല്ലേല്‍ പിടിച്ചു നില്ക്കാന്‍ പറ്റില്ല.

‘ആറു മലയാളിക്ക് നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല’

കുഞ്ഞുണ്ണി മാഷുടെ കവിത പോലെ മലയാളിക്കിന്നു മലയാളമില്ല. ‘ എനക്ക് കൊഞ്ചം കൊഞ്ചം മലയാളം തെറിയും” എന്നു സങ്കടത്തോടെ പറഞ്ഞിരുന്ന കാലം മാറി. ഇന്ന് മലയാളിയുടെ കൊച്ചുമക്കള്‍ കൈയില്‍ റിമോട്ടും പിടിച്ചു നെഞ്ചും വിരിച്ചു പറയുന്നു : I don’t know malayalam . മലയാളി ഒരുപ്പാട് മാറി. എല്ലാ തലത്തിലും എല്ലാ അര്‍ത്ഥത്തിലും. എങ്കിലും നാലാള്‍ മുന്നില്‍ നമ്മെ സംസ്‌കാരോന്നതിയില് കൈ പിടിച്ചു നിര്‍ത്തുന്നത്, നമ്മെ നാമാക്കിയ നമ്മുടെ ഭാഷ, മലയാളമാണ്. ഭാഷ പകര്‍ന്നു നല്‍കിയ വെളിച്ചമാണ്, സംസ്‌ക്കാരമാണ്. അമ്മ, അറിവിന്റെ ആദ്യാക്ഷരം ഹരിശ്രീ കുറിച്ചതും പിന്നീട് അമ്മയുടെ മടിയില്‍കിടന്നു കഥകള്‍കേട്ട് ഉറങ്ങുമ്പോഴും സ്വപ്നങ്ങളില്‍ വര്‍ണം ചാലിച്ചതും ഇണക്കങ്ങളിലും പിണക്കങ്ങളിലും ചിന്തയും എഴുത്തിലും എല്ലാം നമ്മെ വിളക്കിചേര്‍ത്ത്, പൊന്നിന്റെ ശോഭയില്‍ മുന്നോട്ടു നയിച്ചത് നമ്മുടെ പെറ്റമ്മ, നമ്മുടെ മലയാളമാണ്.

നമുക്ക് മുന്‍പേ ഒരു തലമുറയുണ്ടായിരുന്നു. സ്വന്തം അമ്മയ്ക്കും മാതൃഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നുവര്‍. സംസ്‌കാരമെന്തെന്ന് വള്ളിപുള്ളി തെറ്റാതെ എന്താണെന്നറിഞ്ഞവര്‍.

‘ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷ തന്‍ വക്ത്രത്തില്‍നിന്നു താന്‍ കേള്‍ക്കവേണം…’

മഹാകവി വള്ളത്തോളിന്റെ ഈ വരികളില്‍നിന്നു മാതൃഭാഷയുടെ ജീവല്‍ പ്രാധാന്യമെന്താണെന്നു വ്യക്തമാകും ഏതൊരാള്‍ക്കും. ചിന്തയുടെ മാധ്യമം ഭാഷയാണ്, വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷ തന്നെ. ഇനിയുള്ള തലമുറയ്ക്ക് ഒരുപക്ഷേ മലയാളം എന്ന ഭാഷ വെറും കേട്ടുകേള്‍വിയുള്ള ഒന്നായി മാത്രം മാറുമെന്ന് കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതൊക്കെ വെച്ചു നോക്കുമ്പോള്‍ നമ്മള്‍ എത്രയോ ഭാഗ്യവാന്‍മാരാണ്…..ഒന്നുമില്ലെങ്കില്‍ മലയാളം എന്ന പെറ്റമ്മയെ അടുത്തറിയാനുള്ള ഭാഗ്യമെങ്കിലും ഇന്നത്തെ തലമുറയിലുള്ളവര്‍ക്കു ലഭിച്ചു. എന്നാല്‍ അടുത്ത തലമുറയോ…? ചിന്തിക്കേണ്ടിയിരിക്കുന്നു നാം… ഒരുപാട്…വാസ്തവത്തില്‍ നാടോടുമ്പോള്‍ നാടിന്റെ നടുവേ ഓടുകയല്ല നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്, പകരം ഒരുമുഴം മുമ്പേ ഓടുകയാണിപ്പോള്‍…..

മലയാളം പഠിക്കുക എന്ന് പറഞ്ഞാല്‍ ഒരു ഭാഷ പഠിക്കുക എന്നു മാത്രമല്ല അര്‍ഥം. നമ്മുടെ മാതൃസംസ്‌കാരത്തിന്റെ സത്ത് ആസ്വദിക്കുക എന്നതാണ്. ആ സംസ്‌കാരത്തെ- ആ സംസ്‌കാരത്തിന്റെ ഭാഷയായ മലയാളത്തെ- അവഗണിക്കുക എന്നു പറഞ്ഞാല്‍ നാടും മൂടും മറക്കുക എന്നാണ് അര്‍ഥം. അതില്‍ മാതാപിതാക്കന്മാര്‍ അഭിമാനിക്കുകയും കൂടി ചെയ്യുക എന്ന് പറഞ്ഞാല്‍ അതില്‍പരം ഒരധഃപതനം നമുക്ക് സംഭവിക്കാനില്ല. മലയാളത്തെ അവഗണിക്കുന്ന മലയാളി നമുക്കൊരു അപമാനമാണ്. ഈ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. അമ്മമലയാളത്തെ നമുക്ക് സംരക്ഷിക്കാം എന്ന പ്രതിജ്ഞ….

Leave a comment