കനൽ 9

*കനൽ 9*

മൂത്ത മകൾക്ക് രണ്ടര വയസുള്ളപ്പോൾ ഞങ്ങൾ രാമേശ്വരത്തേക്ക് വിനോദയാത്ര പോയി. മറ്റ് രണ്ട് കുടുംബങ്ങളുമുണ്ട് ഒപ്പം. ദീർഘദൂര യാത്ര. വേനൽച്ചൂട്. മൂന്നാം ദിനം മടങ്ങുമ്പോഴേക്കും എല്ലാവരും ക്ഷീണിതരാണ്. മധുരയിൽ വണ്ടി നിർത്തി. അൽപ്പം വെള്ളമൊക്കെ കുടിച്ച് ദാഹമകറ്റി വഴിയോരത്ത് വിശ്രമിക്കാനിരുന്നു. ഫുട്പാത്തിലൂടെ ജന പ്രവാഹം. പുഴയൊഴുകും പോലെ വാഹനങ്ങൾ നിരത്തിൽ.

മോളാണെങ്കിൽ മടിയിൽ നിന്നും ചാടിയിറങ്ങി നിരത്തിലേക്ക് ഓടാൻ ശ്രമിക്കുന്നു. പിടിച്ച് ചേർത്തു നിർത്തുമ്പോഴൊക്കെ കൈ തട്ടി മാറ്റി ഓടുന്നു. യാത്രയുടെ മടുപ്പ്. ക്ഷീണം. ജനക്കൂട്ടത്തിനിടയിൽ കുഞ്ഞ് നഷ്ടപ്പെടുമെന്ന വ്യഗ്രത. എല്ലാം കൂടി ചേർന്ന് അസ്വസ്ഥനാക്കി. നാലാം തവണ കുതറിയോടാൻ ശ്രമിച്ചപ്പോൾ കൈ വീശി ഒരടി കൊടുത്തു കൊച്ചു ചന്തിക്ക്. പ്രതീക്ഷിച്ചതിലും ശബ്ദം കേട്ടു. ദുഷ്ടനും നീചനുമായ എന്നെ ഭാര്യയും സൃഹൃത്തുക്കളും തുറിച്ചു നോക്കി. കുഞ്ഞ് കരഞ്ഞു തളർന്നു. ഒരപ്പൻ്റെ കരുതൽ വ്യഗ്രത ആ കുഞ്ഞുശരീരത്തിൽ കൈവിരൽ പാടായി തിണർത്തു കിടന്നു. ആഴ്ചകളോളം മനസ് കുറ്റബോധം കൊണ്ട് നീറി.

ദേവനന്ദ എന്ന കുഞ്ഞിൻ്റെ മരണം കേട്ടപ്പോൾ എന്തുകൊണ്ടോ മനസ് ഓടിപ്പോയത് മധുരയിലെ ആ രംഗത്തിലേക്കാണ്. തിണർത്ത വിരൽപ്പാടുകളിലേക്കാണ്.

ക്രൈസ്തവ വിശ്വാസത്തിൽ ദൈവത്തിന് ഒരപ്പൻ്റെ സ്ഥാനമാണ്. കരുതലും കാവലുമാകുന്ന അപ്പൻ. ശിക്ഷയും ശിക്ഷണവും ശാസനയും നൽകുന്ന അപ്പൻ. സാധാരണ എല്ലാ മക്കളെയും പോലെ, സമ്മാനം കിട്ടുമ്പോൾ my dad is great എന്നു നമ്മൾ. പക്ഷേ, ജീവിതത്തിൽ ചില തിരിച്ചടിയുടെ പാടുകൾ തിണർത്ത് കിടക്കുമ്പോഴോ?

സ്നേഹം വ്യാഖ്യാനിച്ചെടുക്കേണ്ടത് ചില തിരസ്കരണങ്ങളെ കൂടി ചേർത്താണ്. മനുഷ്യ ബന്ധങ്ങളിൽ മാത്രമല്ല, ദൈവത്തോടുള്ള ബന്ധത്തിലും. തിരസ്കരിക്കപ്പെട്ട സ്നേഹത്തിന്റെ തിണർത്ത പാടുകൾ, ഒരു കയ്പ്പു കഷായം പോലെ പിന്നീട് നൻമയ്ക്ക് കാരണമായിട്ടുണ്ട്. തോന്നിയ പോലെ കുതറിയോടാൻ അനുവദിക്കുന്നത് മാത്രമല്ലല്ലോ സ്നേഹം..!

“നന്ദി പ്രിയപ്പെട്ട ജീവിതമേ നീ തരാത്തതിനൊക്കെയും ” എന്ന് കവി എഴുതുന്നു. പ്രാർത്ഥിക്കാം, നന്ദി ദൈവമേ നീ തരാത്തതിനൊക്കെയും…

ജോയ് എം പ്ലാത്തറ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment