Malakhamarothu Vaanil | St. Alphonsa Song | Lyrics

Malakhamarothu Vaanil… Lyrics

അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥനാഗാനം

മാലാഖമാരൊത്തു വാനില്‍
വാഴുന്നോരല്‍ഫോന്‍സാ ധന്യേ
നിസ്തുല നിര്‍മല ശോഭയില്‍ മിന്നുന്ന
സ്വര്‍ഗീയ മാണിക്യമുത്തേ

സുരലോകഗോളമേ
വരജാലഭാണ്ഡമേ
ക്ളാരസഭാരാമ മലരേ
മാനത്തെ വീട്ടില്‍ നിന്ന-
വിരാമമിവരില്‍ നീ
വരമാരി ചൊരിയേണമമ്മേ
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ

മീനച്ചിലാറിന്റെ തീരത്തു പുഷ്പിച്ച
മന്താര സൌഗന്ധ മലരേ
നിറകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍
കൈകൂപ്പി നില്ക്കുന്നു ഞങ്ങള്‍
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ

ഒരു ഹോമബലിയായി നീ
സുരദീപശാഖയായ് നീ
സഹനത്തിന്‍ ശരശയ്യ തീര്‍ത്തു
ഒരു നാളിലഖിലേശന്‍
നിറമോദവായ്പോടെ
നിന്‍ സ്നേഹയാഗം കൈക്കൊണ്ടു
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ

പ്രിയദാസി എളിയവളില്‍
കരുണാകടാക്ഷത്തിന്‍
കിരണം പൊഴിച്ചു മഹേശന്‍
സുരകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍
കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ…

മാലാഖമാരൊത്തു….

Malakhamarothu Vaanil | Lyrics by Martin Perumalil Directed by Fr. Xavier Kunnumpuram mcbs

വിശുദ്ധ അല്‍ഫോന്‍സാമ്മ ദിവസവും ചൊല്ലിയിരുന്ന പ്രാര്‍ത്ഥന

“ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹ്രദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയില്‍ നിന്നും എന്നെ  വിമുക്തയാക്കണമേ. കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതു വരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെ തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ, ലൌകികാശ്വാസങ്ങളെല്ലം എനിക്കു കയ്പായി പകര്‍ത്തണമേ. നീതിസൂര്യനായ എന്റെ ഈശോയെ, അങ്ങേ ദിവ്യകതിരിനാല്‍ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് അങ്ങേ നേര്‍ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണേ.” ആമ്മേന്‍.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.