യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ

ആഗമനകാലം പുണ്യമുള്ളതാക്കാൻ യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ
 
ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരു മരപ്പണിക്കാരനിൽ നിന്നു ദൈവപുത്രൻ്റെ വളർത്തു പിതാവ് എന്ന പദവിയേക്കു ഉയർത്തപ്പെട്ട വിശുദ്ധ യൗസേപ്പ് ആഗമന കാലത്തെ ഉത്തമ പാഠപുസ്തകമാണ്. ആഗമന കാലം ഏറ്റവും ഫലപ്രദമായി ജീവിക്കാൻ നമ്മളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും ഉത്തമനായ വിശുദ്ധനാണ് വി. യൗസേപ്പ്, അതിനു പല കാരണങ്ങൾ ഉണ്ട്. യൗസേപ്പു പിതാവിൽ അസാധാരണമായി വിളങ്ങി നിന്ന അഞ്ചു പുണ്യങ്ങൾ ക്രിസ്തുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കവാൻ അനുകരണീയമായ മാതൃകകൾ ആണ്.
 
1. നിശബ്ദത
 
വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റെതായി ഒരു വാക്കു പോലും നാം കേൾക്കുന്നില്ല. വാചലമായ മൗനം ആണ് ജോസഫിന്റേത്. ആഴമേറിയ പ്രാർത്ഥനക്കു വേണ്ട അടിസ്ഥാന മനോഭാവം നിശബ്ദതയുടേതാണന്നു ജോസഫിന്റെ മൗനം നമ്മളെ പഠിപ്പിക്കുന്നു. കോലാഹലങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കു ദൈവ സ്വരം കേൾക്കുവാൻ കഴിയുകയില്ല. നിശബ്‌ദതയുടെ കുളിർ തെന്നലിലാണ് പരിശുദ്ധാത്മാവു നമ്മോടു സംസാരിക്കുക. വി. ജോസഫിന്റെ ജീവിതം നമുക്കു നൽകുന്ന ആധികാരികതയാണ് നിശബ്ദത. ദൈവത്തിൻ്റെ സാന്നിധ്യം ഉള്ളിലറിഞ്ഞു അവിടുത്തോടു സംഭാഷണം നടത്തിയ യൗസേപ്പിനു ഈ നിശബ്ദതയോളം മനോഹരമായി മറ്റൊന്നില്ലായിരുന്നു.
 
2. പ്രാർത്ഥന
 
വി. ജോസഫ് പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു. രക്ഷാകര ചരിത്രത്തിലെ ഒരു പ്രധാന പങ്കുവഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയതു ആഴമേറിയ പ്രാർത്ഥന ആയിരുന്നു. ദൈവമാതാവായ മറിയത്തിന്റെ ഭാര്യയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വളർത്തു പിതാവുമായിരുന്നു ജോസഫ്. ദൈവത്തെ അബാ പിതാവേ എന്നു വിളിക്കാൻ ഈശോയെ പഠിപ്പിച്ചതു വി. ജോസഫാണ്. ദൈവവുമായുള്ള ഈശോയുടെ ബന്ധത്തിനു ഒരു മാനുഷികതലം വരുത്തി കൊടുത്തത് യൗസേപ്പ് പിതാവാണന്നു പറയാം. ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കും എന്നതിൽ തർക്കമില്ല. വി. യൗസേപ്പു പിതാവേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കും പ്രാർത്ഥിച്ചു തുടങ്ങാം.
 
3. ധൈര്യം
 
ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ പല പുരുഷന്മാരും വീഴ്ച വരുത്തുമ്പോൾ വി.യൗസേപ്പ് നമുക്കു തരുന്ന മാതൃക ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ആണ്. എതീർപ്പുകൾ അതിജീവിക്കാൻ ദുസഹമായ കാലാവസ്ഥയിൽ കൊടിയ തണുപ്പും കാറ്റും അവഗണിച്ചു മൈയിലുകൾ താണ്ടി. അവസാനം ഒരു കാലിത്തൊഴുത്തിൽ അവർക്കു അഭയം കിട്ടി. ഉണ്ണിയേശുവിനെ രക്ഷിക്കാനായി അതിരാവിലെ ഉണർന്നു ഈജിപ്തിലേക്കു പാലയനം ചെയ്തു. ബുദ്ധിമുട്ടുകളെ ധൈര്യപൂർച്ചം അഭിമുഖീകരിച്ച യൗസേപ്പുപിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്ത മാതൃകയാണ്. ധൈര്യവാനായ മാന്യൻ ആയിരുന്നു വി. യൗസേപ്പ്
 
4. നൽകുക സംരക്ഷിക്കുക
 
തിരുകുടുംബത്തെ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വി. യൗസേപ്പ്. ആശാരിപ്പണി ചെയ്ത കഠിനാധ്വാനി ആയിരുന്നു ജോസഫ്. അന്നത്തെ അപ്പത്തിനായി നെറ്റിയിലെ വിയർപ്പു കൊണ്ടു അധ്വാനിച്ച വ്യക്തിയായിരുന്നു ജോസഫ്. തനിക്കു വേണ്ടി ചിന്തിക്കാതെ തന്നെ എൽപ്പിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു യൗസേപ്പു പിതാവിന്റെ ജീവിത ലക്ഷ്യം. ക്രിസ്തുമസിനോടു അടുക്കുമ്പോൾ നമ്മുടെ ആത്മീയ ജീവിതത്തെ സംരക്ഷിക്കുവാനും നയിക്കുവാനും വി.യൗസേപ്പിനോടു നമുക്കു പ്രാർത്ഥിക്കാം. ഭൗതീകതയും കമ്പോളവൽക്കരണവും സുഖാനുഭൂതിയും ഇന്നത്തെ സംസ്കാരത്തിന്റെ ദൈവങ്ങളാകുമ്പോൾ അവ ആദ്ധ്യാത്മികതയെ ശ്വാസം മുട്ടിക്കും. ഉണ്ണിയേശുവിനെ നമ്മുടെ കരങ്ങളിലും ഹൃദയങ്ങളിലും വഹിക്കുവാൻ കഴിയുക ലോകത്തിലുള്ള എല്ലാ സമ്പാദ്യങ്ങളക്കാലും വലുതാണ്. വി. യൗസേപ്പിതാവിന്റെ ജീവിതം ഇതിനു ഉത്തമ മാതൃകയാണ്.
 
5. തിരു കുടുംബത്തിന്റെ ഭാഗമാവുക
 
ഈശോയും മാതാവും യൗസേപ്പിതാവുമടങ്ങുന്ന നസ്രത്തിലെ കൊച്ചു കുടുംബമാണ് ആഗമന കാലത്തിൽ നാം അംഗമാകേണ്ട സ്വപ്നഗ്രഹം. ശരിയായ കുടുംബ സ്നേഹത്തിലേക്കും മാതൃ വണക്കത്തിലേക്കു നമ്മെ നയിക്കുന്ന പാലമാണ് വി.യൗസേപ്പ്. ഈശോ കഴിഞാൽ പരിശുദ്ധ കന്യകാമറിയത്തെ ഇത്രയധികം ഈ ഭൂമിയിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തി വി. ജോസഫല്ലാതെ മറ്റാരുമല്ല. വി. യൗസേപ്പിതാവിലേക്കു തിരിയുകയും വലിയ കൃപകളും പരിശുദ്ധ മറിയത്തോടുള്ള സ്നേഹവും അറിവും അപേക്ഷിക്കുകയും ചെയ്താൽ, നാം അറിയാതെ തന്നെ നമ്മിൽ മാതൃ ഭക്തി സമൃദ്ധമാകും.
 
വി. യൗസേപ്പിലേക്കു തിരിഞ്ഞു ഈശോയോടുള്ള സ്നേഹത്തിലും അറിവിലും വളരാനുള്ള കൃപയാചിച്ചാൽ മറിയം കഴിഞ്ഞാൽ നമ്മെ സാഹായിക്കാൻ കഴിയുക യൗസേപ്പിതാവിനായിരിക്കും.
 
ഈശോയെയും മാതാവിനെയും യൗസേപ്പിതാവിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താലെ നമ്മുടെ കുടുംബങ്ങളും ഈ ആഗമനകാലത്തു തിരുകുടുംബമാവുകയുള്ളു. അതിനുള്ള ഉത്തമ പാഠപുസ്തകമാണ് നസ്രായനായ വി. യൗസേപ്പ്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “യൗസേപ്പു പിതാവു പഠിപ്പിക്കുന്ന അഞ്ചു വഴികൾ”

  1. St. Joseph, Pray for us…

    Liked by 1 person

Leave a comment