🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ,31/1/2021
4th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
സങ്കീ 106:47
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളെ രക്ഷിക്കുകയും
ജനതകളുടെ ഇടയില്‍നിന്ന്
ഞങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യണമേ.
അങ്ങേ പരിശുദ്ധ നാമത്തിന് കൃതജ്ഞതയര്‍പ്പിക്കാനും
അങ്ങയെ സ്തുതിക്കുന്നതില്‍ അഭിമാനം കൊള്ളാനും ഇടയാകട്ടെ.
സമിതിപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും
എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
നിയ 18:15-20
ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും.
അക്കാലത്ത് മോശ ജനക്കൂട്ടത്തോടു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവു നിന്റെ സഹോദരങ്ങളുടെ ഇടയില്‍ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്. ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്റെ ദൈവമായ കര്‍ത്താവിനോടു നീ യാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്‌നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു. അന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും. എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്‍പിക്കാത്ത കാര്യം എന്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ വധിക്കപ്പെടണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 95:1-2, 6-7, 8-9
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം;
നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.
കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം.
ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍,
ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.
നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
രണ്ടാം വായന
1 കോറി 7:32a-35
കന്യക ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരയാണ്.
നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു. അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകിക കാര്യങ്ങളില്‍ തത്പരയാകുന്നു. ഞാന്‍ ഇതു പറയുന്നത് നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക് ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 1:21-28
അധികാരമുള്ളവനെപ്പോലെയാണ് അവിടുന്നു പഠിപ്പിച്ചത്.
അക്കാലത്ത്, യേശു കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെ പോലെയാണ് അവന്‍ പഠിപ്പിച്ചത്. അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ അള്‍ത്താരയിലേക്കു കൊണ്ടുവന്നിരിക്കുന്ന
ഞങ്ങളുടെ ശുശ്രൂഷയുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിച്ച്
ഞങ്ങളുടെ പരിത്രാണത്തിന്റെ
കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 31:17-18
അങ്ങേ മുഖം അങ്ങേ ദാസന്റെമേല്‍ പതിക്കണമേ.
അങ്ങേ കാരുണ്യത്തില്‍ എന്നെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ,
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.
Or:
മത്താ 5:3-4
ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്;
ശാന്തശീലര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ഭൂമി അവകാശമാക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ പരിത്രാണത്തിന്റെ ദാനങ്ങളാല്‍
പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
നിത്യരക്ഷയുടെ ഈ സഹായത്താല്‍
സത്യവിശ്വാസം എന്നും പുഷ്ടിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment