🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
07-Feb-2021, ഞായർ
5th Sunday in Ordinary Time
Liturgical Colour: Green.
____
ഒന്നാം വായന
ജോബ് 7:1-4,6-7
പ്രഭാതം വരെ ഞാന്‍ കിടന്നുരുളുന്നു.
ജോബ് പറഞ്ഞു: മനുഷ്യജീവിതം നിര്‍ബന്ധിതസേവനം മാത്രമല്ലേ? അവന്റെ ദിനങ്ങള്‍ കൂലിക്കാരന്റെ ദിനങ്ങള്‍ക്കു തുല്യമല്ലേ? അടിമ തണലിനു വേണ്ടിയെന്ന പോലെയും കൂലിക്കാരന്‍ കൂലിക്കു വേണ്ടിയെന്ന പോലെയും; ശൂന്യതയുടെ മാസങ്ങളും ദുരിതങ്ങളുടെ രാവുകളും എനിക്കു ലഭിച്ചിരിക്കുന്നു.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ എപ്പോഴാണ് പ്രഭാതമാവുക എന്നു ഞാന്‍ ചിന്തിക്കുന്നു. എന്നാല്‍, രാത്രി നീണ്ടതാണ്. പ്രഭാതം വരെ ഞാന്‍ കിടന്നുരുളുന്നു. എന്റെ ദിനങ്ങള്‍ നെയ്ത്തുകാരന്റെ ഓടത്തെക്കാള്‍ വേഗത്തില്‍ കടന്നുപോകുന്നു. പ്രത്യാശയില്ലാതെ അസ്തമിക്കുന്നു.
എന്റെ ജീവന്‍ ഒരു ശ്വാസം മാത്രമാണെന്ന് അനുസ്മരിക്കണമേ! എന്റെ കണ്ണുകള്‍ ഇനി ഒരിക്കലും നന്മ ദര്‍ശിക്കുകയില്ല.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 147:1-2,3-4,5-6
R. ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനു സ്തുതി പാടുന്നത് എത്ര ഉചിതം? കാരുണ്യവാനായ അവിടുത്തേക്കു സ്തുതി പാടുന്നത് ഉചിതം തന്നെ.
R. ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍ നിന്നു ചിതറിപ്പോയവരെ അവിടുന്ന് ഒരുമിച്ചു കൂട്ടുന്നു. അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു; അവയോരോന്നിനും പേരിടുന്നു.
R. ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
നമ്മുടെ കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്. കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു; ദുഷ്ടരെ തറപറ്റിക്കുന്നു.
R. ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്ന കര്‍ത്താവിനെ സ്തുതിക്കുവിന്‍.
____
രണ്ടാം വായന
1 കോറി 9:16-19,22-23
ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗം അനുസരിച്ചാണ് ചെയ്യുന്നത്. അപ്പോള്‍ എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നല്‍കുന്ന അവകാശം പൂര്‍ണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം.
ഞാന്‍ എല്ലാവരിലും നിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായി തീര്‍ന്നിരിക്കുന്നു. ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനു വേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.
കർത്താവിന്റെ വചനം.
____
സുവിശേഷ പ്രഘോഷണവാക്യം
യോഹ 8:12
അല്ലേലൂയാ, അല്ലേലൂയാ!
യേശു അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍. ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലൂയാ!
Or:
മത്താ 8:17
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു.
അല്ലേലൂയാ!
____
സുവിശേഷം
മാര്‍ക്കോ 1:29-39
വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി.
അക്കാലത്ത്, യേശു സിനഗോഗില്‍ നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി. ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു. അവന്‍ അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടു മാറി. അവള്‍ അവരെ ശുശ്രൂഷിച്ചു.
അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെ അടുത്തു കൊണ്ടുവന്നു. നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല. അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. സിനഗോഗുകളില്‍ പ്രസംഗിച്ചു കൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment