ദിവ്യബലി വായനകൾ – Saint Peter’s Chair – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 22/2/2021

Saint Peter’s Chair – Feast 

Liturgical Colour: White.

പ്രവേശകപ്രഭണിതം

ലൂക്കാ 22:32

കര്‍ത്താവ് ശിമയോന്‍ പത്രോസിനോട് അരുള്‍ചെയ്തു:
നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍
ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു.
നീ തിരിച്ചുവന്ന് നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തുക.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അപ്പസ്‌തോലിക വിശ്വാസപ്രഖ്യാപനത്തിന്റെ
പാറമേല്‍ ഉറപ്പിക്കപ്പെട്ട ഞങ്ങളെ
ഒരു കൊടുങ്കാറ്റും ആടിയുലയ്ക്കാന്‍ അങ്ങ് അനുവദിക്കരുതേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 പത്രോ 5:1-4
നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍.

ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്നു: നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍. അതു നിര്‍ബന്ധം മൂലമായിരിക്കരുത്. ദൈവത്തെ പ്രതി സന്മനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്‍കിക്കൊണ്ടായിരിക്കണം. ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 16:13-19
നീ പത്രോസാണ്, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും.

അക്കാലത്ത്, യേശു കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സഭയുടെ പ്രാര്‍ഥനകളും കാണിക്കകളും
കനിവോടെ സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഇടയനായ വിശുദ്ധ പത്രോസിന്റെ പ്രബോധനത്താലാണല്ലോ
തിരുസഭ വിശ്വാസത്തിന്റെ സമഗ്രത പ്രകടമാക്കുന്നത്.
അങ്ങനെ, അദ്ദേഹത്തോടൊപ്പം തിരുസഭ
നിത്യമായ അവകാശത്തിലേക്ക് എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:16,18

പത്രോസ് യേശുവിനോടു പറഞ്ഞു:
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
യേശു പ്രതിവചിച്ചു: നീ പത്രോസാണ്;
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ പത്രോസ് അപ്പോസ്തലന്റെ
തിരുനാള്‍ ആഘോഷിക്കുന്ന ഞങ്ങളെ,
ക്രിസ്തുവിന്റെ ശരീരരക്തങ്ങളിലുള്ള പങ്കുചേരല്‍ വഴി
അങ്ങ് പരിപോഷിപ്പിച്ചുവല്ലോ.
പരിത്രാണത്തിന്റെ ഈ വിനിമയം
ഞങ്ങള്‍ക്ക് ഐക്യത്തിന്റെയും
സമാധാനത്തിന്റെയും കൂദാശയായി തീരട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ മനസ്സിനെ
അങ്ങേ മഹത്ത്വത്തിന്റെ പ്രഭയാല്‍ പ്രകാശിപ്പിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടതെന്തെന്നു ദര്‍ശിക്കാന്‍ സാധിക്കുകയും
ശരിയായവ ചെയ്യാന്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment