ഈ ജീവിതത്തിൽ എന്താണ്  ‘അ’വശ്യമായിട്ടുള്ളത്?

✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 06

ഈ ജീവിതത്തിൽ എന്താണ്  ‘അ’വശ്യമായിട്ടുള്ളത്?

മലയാറ്റൂർ തീർത്ഥാടനം നോമ്പുകാലത്തെ ഒരു പതിവാണ്. ഏകദേശം 35 കിലോമീറ്ററുള്ള ഈ നടത്തം സമപ്രായക്കാരായ സുഹൃത്തുക്കളുമൊത്ത് വീട്ടിൽനിന്നാണ് പോകാറുള്ളത്. സ്വന്തം ഇടവകയായ അന്നനാട്ടിൽ നിന്നും കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര കൂടി മലയാറ്റൂർ എത്തുമ്പോഴേക്കും ഏകദേശം 8 – 10 മണിക്കൂർ പിന്നിട്ടിരിക്കും. വൈകീട്ട് 7 മണിയോടെ ആരംഭിക്കുന്ന ആ നടത്തം വെളുപ്പിനാണ് മലയാറ്റൂർ കുരിശുമുടിയിൽ എത്തിച്ചേരുക. ഏറെയും ഉൾവഴികളിലൂടെയാണ് നടക്കാറുള്ളത്. ആരംഭത്തിലെ ശൂരത്വം വൈകാതെ കുറയാൻ തുടങ്ങും. കറുകുറ്റി എത്തുമ്പോഴേക്കും ഏകദേശം എനർജി ഒക്കെ തീരും. അവസാനം മൂക്കന്നൂർ എത്തുമ്പോഴേക്കും കാലൊക്കെ വേദനിച്ച് ഒരടി മുൻപോട്ട് പോകാനാകാതെ തളർന്നിട്ടുണ്ടാകും. കാണുന്ന കപ്പേളകളിലും ബസ് സ്റ്റോപ്പിലും എല്ലാം ഇരുന്ന്, കനാലിൽ ഇറങ്ങി മുഖം കഴുകിയൊക്കെയാണ് നീങ്ങാറുള്ളത്. ഏകദേശം 11 മണി ആകുമ്പോഴേക്കും നല്ല തളർച്ചയും ദാഹവും തോന്നും. എവിടെ നിന്നെങ്കിലും അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കും. കാലുകളിലെ ഓരോ മസ്സിലും വേദനിയ്ക്കാൻ മത്സരിക്കും. കുറെ വഴിനടന്നു കഴിയുമ്പോൾ മൂക്കന്നൂർ എത്തുന്നതിനുമുമ്പ്സ് സ്ഥിരം ഇരിക്കുന്ന, (കിടക്കുകയാണ് പതിവ്) ഒരു കപ്പേളയുണ്ട്. എപ്പോഴും അവിടെ ഒരുകലത്തിൽ കഞ്ഞിയും, പാത്രങ്ങളിൽ പയറും ചമ്മന്തിയും ഉണ്ടാകും. വളരെ കൊതിയോടും ജിജ്ഞാസയോടും കൂടിയാണ് ആ കപ്പേളയിലേക്ക് കടക്കുക. എന്നാൽ ഒരിക്കലും അവിടം ഞങ്ങളെ നിരാശരാക്കിയിട്ടില്ല. ആരാണ് അത് ഒരുക്കിവയ്ക്കുന്നതെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ല. എല്ലാ വർഷവും ആ കപ്പേളയിൽ കഞ്ഞിയുണ്ടാകും. വയറുനിറയെ അത് കുടിക്കും. അത് കുടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്. ആ സുഖം ലോകത്തെവിടെയും, ഒരു ഹോട്ടലിലും ഇന്നുവരെ കിട്ടിയിട്ടില്ല. അത് ഒരുക്കുന്നവരോട് ഒരു നന്ദി വാക്കുപോലും പറയാൻ സാധിക്കാറില്ല. അത് പാചകം ചെയ്തു വയ്ക്കുന്നവർക്ക് ആരാണ് അത് കഴിക്കുന്നതെന്നു പോലും അറിയാനും സാധിക്കുന്നുണ്ടാകില്ല. എങ്കിലും വർഷങ്ങളായി ഞങ്ങളുടെ മലയാറ്റൂർ തീർത്ഥാടനത്തിൽ ഒരു പ്രധാന അനുഭവമാണ് ആ കഞ്ഞികുടി.

മനുഷ്യൻ്റെ ജീവിതവും ഒരു തീർത്ഥാനടനമല്ലേ? മുന്പിലെന്താണ് പതിയിരിക്കുന്നതെന്ന് അറിയാതെയുള്ള ഒരു കണ്ണുകെട്ടി നടത്തം? ‘നാളെ ആശുപത്രിയിൽ പോകുന്നുണ്ട് , ഒന്ന് പ്രാർത്ഥിച്ചേക്കണേ’ – എന്ന് പറഞ്ഞ സുഹൃത്ത്, ദിവസങ്ങളായിട്ടും ഒന്നും പറയാതെ വന്നപ്പോൾ അന്ന്വേഷിച്ചുചെന്നു. അവനെടുത്ത് നീട്ടിയ മരുന്നുകുറിപ്പു കണ്ടപ്പോൾ അവനെക്കാളും ഹൃദയം മുറിഞ്ഞത് എനിക്കുതന്നെയായിരുന്നു. സഹോദരതുല്യമായവന് “ഇനിയൊന്നും നോക്കേണ്ട, ഈ മരുന്ന് കൊടുത്തുകൊള്ളുക”- എന്ന് പറഞ്ഞ് ലെവിപിൽ (അപസ്മാരത്തിനുള്ള മരുന്ന്) എഴുതിയ ഡോക്ടറോട് ഒന്നും പറയാനാകാതെ തൊണ്ടയിൽ ശബ്ദംകുടുങ്ങി, സ്ഥലകാലബോധം നഷ്ടപ്പെട്ട നിമിഷങ്ങൾ ഓർക്കുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം,,സന്ദർശിക്കാനായി ചെന്ന കൂട്ടുകാരൻ്റെ വീട്ടിൽ, പതിവിൽ കവിഞ്ഞ ആൾപെരുമാറ്റം കണ്ട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇനിയവന് അച്ഛനില്ലെന്നായിരുന്നു. ചെറുപ്പം മുതൽ എടുത്തുകൊണ്ടുനടന്നു വളർത്തിയ ഒരമ്മയെ അവസാന നിമിഷങ്ങളിൽ കാണാനായി ചെന്നപ്പോഴേക്കും അവരുടെ ആയുസ്സ് അവരെ ഉപേക്ഷിച്ചു പോയിരുന്നു. റെയിൽവേ ഗേറ്റ് അടയ്ക്കാൻ ഇരുപത് സെക്കന്റ് താമസിച്ചിരുന്നെങ്കിൽ ആ അമ്മയെ ഒരിക്കൽക്കൂടി ജീവനോടെ കാണാൻ കഴിയുമായിരുന്നു എന്നത് ഇന്നും ഒരു സ്വകാര്യ ദുഖമാണ്. ഒന്ന് തിരിച്ചുവിളിച്ചിരുന്നെങ്കിൽ ഞാൻ അകന്നു പോവുകയില്ലായിരുന്നു എന്ന് പതിറ്റാണ്ടുകൾക്കുശേഷം പരാതിപ്പെട്ട സുഹൃത്തുണ്ടെനിക്ക്. കൂടെയുണ്ടായിരുന്നെങ്കിൽ അവൻ കയറിയ കാൽവരിയിലൊക്കെ, അവൻ്റെ മുഖം തുടയ്ക്കാനെങ്കിലും എനിക്ക് കഴിയുമായിരുന്നെന്നു, അവൻ കുരിശിൽ കിടന്നു പിടയുമ്പോൾ ഞാൻ ഓർക്കുന്നുണ്ട്.

വെട്ടിപ്പിടിച്ചതും നേടിയെടുത്തതും ഒന്നുമല്ലാതാകുന്ന നിമിഷങ്ങൾ എത്രയോ ജീവിതങ്ങളിലാണ് നാം കണ്ടിട്ടുള്ളത്? “അഞ്ചുമിനിറ്റ്കൂടി കഴിഞ്ഞിട്ട്പോകാം അതുവരെ അച്ചനിവിടെ ഇരി’ എന്ന് ഒറ്റയ്ക്ക് താമസിക്കുന്ന അമ്മച്ചി പറയുമ്പോൾ അവരനുഭവിക്കുന്ന ഏകാന്തതയുടെ ആഴം ആർക്കാണ് മനസ്സില്ലാക്കാനാകാതിരിക്കുക? ‘ചായയുടെ ചൂട് ആറ്റിത്തരാൻ പറയരുത്. അതിൻ്റെ ചൂടാറുന്നവരെയെങ്കിലും ഇവിടെ ഇരിക്കുമല്ലോ’ എന്ന് പരിഭവം പറയുന്ന ഒരമ്മയെയും ഓർമ്മയുണ്ട്.

ഈ ജീവിതത്തിൽ ഏറ്റവും വേണ്ടത് പണവും പ്രതാപവുമല്ല, വിദ്യയും വിജയവുമല്ല, സൗന്ദര്യവും സത്‌പേരുമല്ല, നീ അനാഥനല്ല എന്ന ചിന്തയാണ്. താൻ ഒറ്റയ്ക്കായല്ലോ എന്ന പേടിയിൽ രാത്രിയിൽ പിടഞ്ഞെണീക്കുന്ന എത്രയോ മനുഷ്യരുണ്ട്? താൻ ആരുടേയും ജീവിതത്തിൽ ഇനിയും ഇടം നേടിയിട്ടില്ലല്ലോ എന്ന് സ്വയം പഴിക്കുന്ന എത്രയോ ജീവിതങ്ങളുണ്ട്? എല്ലാവരും പേടിക്കുന്നത് അവർ ഒറ്റയ്ക്കായിപ്പോകുമെന്നും അവരെ ആരും സ്വീകരിക്കുകയില്ല എന്നുമൊക്കെയാണ്. പലതും പലരുടെയും തെറ്റിദ്ധാരണകളും അനാവശ്യ പേടികളും ആയിരിക്കും. പക്ഷെ അങ്ങനെ ഭയപ്പെടാൻ ന്യായമായ അവകാശമുള്ളവരും ചുറ്റിലുമുണ്ട്.

ഭൂമിയിൽ വേറെ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ അമ്മയും മകളും അറിയാം. അവളുടെ അവസാനത്തെ സംഭാഷണത്തിൽ അവളാവശ്യപ്പെട്ടത് ഞങ്ങൾ ഒരുമിച്ചുമരിയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്നാണ്. രോഗിയായ അമ്മയെ ആരെ ഏല്പിച്ചിട്ടുമരിക്കുമെന്നും, അമ്മയില്ലാതെ താൻ എങ്ങനെ ഭൂമിയിൽ തുടരുമെന്നും ആശങ്കപ്പെടുന്ന ആ മകളെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കുക?

ആശ്വസിപ്പിക്കാനും സമാധാനിക്കാനും അത്ര എളുപ്പമല്ല. എന്തിലാണ് ആശ്വാസം കണ്ടെത്തുക? എന്തിലാണ് സമാധാനിക്കുക? കുറെ ചിന്തിക്കുമ്പോൾ അവസാനം മനസ്സിലേക്ക് കടന്നുവരുന്നത് ഈ വരികളാണ്.

I didn’t know Jesus was all that I needed
Until He was all that I had.

ഈശോയെ മാത്രമാണ് എനിക്ക് ആകെ ആവശ്യം എന്ന് ഞാൻ മനസ്സിലാക്കാൻ ഈശോ മാത്രം ബാക്കി ആകേണ്ടി വന്നു.

ബില്ലി ഫീൽഡ്സ് – ൻ്റെ മനോഹരമായ ഒരു രചനയാണ്‌ Until He was all that I had. പലപ്പോഴും അവൻ മാത്രം ബാക്കിയാകുമ്പോഴാണ് അവൻ മാത്രമേ നമുക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ എന്ന് നാം തിരിച്ചറിയുന്നത്. അതുവരെ അവനൊഴികെ ബാക്കിയെല്ലാത്തിനു പുറകെയും നമ്മളോടുകയാണ്, എല്ലിൻ കഷണത്തിനു പിന്നാലെ ഓടുന്ന നായകുഞ്ഞിനെപ്പോലെ. ഇനിയുള്ളത് തിരിച്ചറിവിൻ്റെ ദിവസങ്ങളാകട്ടെ. എത്രയൊക്കെ ഓടിയാലും അലഞ്ഞാലും അവസാനം അവനിൽതന്നെ എത്തിച്ചേരുന്നുണ്ടെന്നു ഉറപ്പിക്കാൻ എനിക്കാകട്ടെ. എത്രയൊക്കെ പരിക്ഷീണിതനായാലും അവസാനം അവനിൽതന്നെ ഞാൻ വീണുറങ്ങട്ടെ.

Fr Sijo Kannampuzha OM

Advertisements

Leave a comment