പുലർവെട്ടം 443

{പുലർവെട്ടം 443}

 
ഇങ്ങനെയാണ് എല്ലാം ആരംഭിച്ചത്.
 
ആ അത്താഴം വളരെ പ്രധാനപ്പെട്ടതാണെന്ന് അവർക്ക് അറിയാമായിരുന്നു.
 
എവിടെയോ അതിനുള്ള ഇടം ഇതിനകം തയ്യാറായിട്ടുണ്ടാകും.
 
അവിടേക്കുള്ള സൂചന ഇതായിരുന്നു: നിങ്ങൾ തെരുവിലെത്തുമ്പോൾ വെള്ളം കോരി വരുന്ന ഒരു പുരുഷനെ കാണും. അയാളെ പിന്തുടരുക. അയാൾ നിങ്ങളെ അലങ്കരിച്ച വിശാലമായ മാളികയിലേക്ക് കൂട്ടിക്കൊണ്ടു പോകും.
 
തോളിൽ ജലകുംഭവുമായി നിൽക്കുന്ന ആ പുരുഷനിൽ തച്ചന്റെ പ്രകാശത്തിന്റെ നിഴൽ വീണിരിക്കുന്നു. വക്കോളം ജലരാശിയുള്ള ഒരു മനുഷ്യൻ. തിക്കും തിരക്കും തിടുക്കവുമുള്ള കുടിയേറുന്ന ഒരു കാലത്തിന്റെ നിരത്തിൽ ഇപ്പോൾ കുളിച്ചു കയറിയ ആളെപ്പോലെ അടിമുടി നനഞ്ഞ് ഈറനണിഞ്ഞ് അയാൾ നിൽപ്പുണ്ട്. ഒരേയൊരു ധർമ്മം പുലർത്തി. ദശാസന്ധിയിൽ ഇനി ഏതുവഴി എന്ന അങ്കലാപ്പിൽ പരിഭ്രമിച്ചു നിൽക്കുന്ന ചിലരെ കവിതയുടെ ഊട്ടുപുരയിലേക്കെത്തിക്കുക.
 
ജീവിതത്തെ അലങ്കരിക്കുകയായിരുന്നു അയാളുടെ ധർമ്മം. സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചതിനു ശേഷം വേദപുസ്തകം പറയുന്നത് അയാളുടെ ആത്ഗതമാണെന്ന് തോന്നുന്നു. രാവിനെയും വാനിനെയും അലങ്കരിക്കാൻ ഇനി ഞാൻ നക്ഷത്രങ്ങളെ വിതറുവാൻ പോകുകയാണ്. ഉപ്പുകാറ്റ് വീശുന്ന തീരത്ത് സൂര്യതാപമേറ്റ് പൊള്ളിയ മനുഷ്യരോട് അയാൾ അലങ്കാരമുള്ള ഭാഷ പറഞ്ഞു. ഒരു ഉണക്കശിഖരത്തെ വർണ്ണക്കടലാസ് തൂക്കി ക്രിസ്മസ് മരമാക്കുന്നതുപോലെ അവരുടെ ഊഷരവും ദരിദ്രവുമായ നിലനില്പിനെ പകിട്ടുള്ളതാക്കി. കൈമുഷ്ടിയോളമുള്ള കുടുസ്സ് ഹൃദയത്തെ കടലോരം പോലെ വിശാലമാക്കാനുള്ള മാർഗ്ഗം തുറന്നു. ഒരു മുക്കുവഗ്രാമത്തിലിരുന്ന് ഭൂമിയുടെ അതിരുകളെക്കുറിച്ച് സംസാരിച്ചു. എവിടെനിന്നോ വന്ന എവിടേയ്ക്ക് പോകുമെന്നറിയാത്ത കാറ്റിൽ പൊട്ടിയ പട്ടം പോലെ അലഞ്ഞുപോകുന്നതിന്റെ അഴകിനേക്കുറിച്ച് പറഞ്ഞു. ഭാരതത്തിലായിരുന്നെങ്കിൽ അയാൾ നൂറ്റൊന്നാവർത്തി അത് തന്റെ കുഞ്ഞുങ്ങളെക്കൊണ്ട് മണലിൽ എഴുതിപ്പിച്ചേനേ: ബൃഹത്താവുന്നതാണ് ബ്രഹ്മം.
 
മാളികമുകൾ മോഹിപ്പിക്കുന്നുണ്ട്, The upper room. കുടുസ്സുപടവുകൾ കയറിക്കയറി അവിടെയെത്തുമ്പോഴാണ് എത്ര കിളുന്തുകാര്യങ്ങളിലായിരുന്നു ജീവിതം തടഞ്ഞുനിന്നതും തകർന്നു പോയതെന്നുമോർത്ത് ആത്മനിന്ദയുണ്ടാകുന്നത്. ഉയരവും വലിപ്പമുള്ള ഇടങ്ങളാണ് ഉന്നതരായ മനുഷ്യരെ സൃഷ്ടിക്കുന്നതെന്ന് തോന്നുന്നു.
 
കുറേക്കാലം മുൻപാണ്. കാട്ടിൽപെട്ടുപോയ ഒരു മനുഷ്യൻ; അയാൾക്ക് പുറത്തേയ്ക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഒരു വനവാസിയാണ്. നദിയെ പിന്തുടരുക. അതത്ര എളുപ്പമൊന്നുമായിരുന്നില്ല. ഇല്ലിക്കാടുകളിൽ ചോര പൊടിഞ്ഞും പാറക്കെട്ടുകളിൽ ഇടറിവീണും ക്ലേശകരമായിരുന്നു യാത്ര. എന്നിട്ടും കാണെക്കാണെ അതിരുകളില്ലാത്ത, പച്ചപുതച്ച ഒരു താഴ്വാരം തെളിഞ്ഞു വരുന്നുണ്ട്.
 
കനത്തമഴയത്തുനിന്ന് ഇടിമിന്നലിനായി പ്രാർത്ഥിക്കുന്നയാൾ.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “പുലർവെട്ടം 443”

  1. Love this writing so touching

    Liked by 1 person

  2. Enikku pularvettom whatsapp vazhi ayachu tharumo (daily ullathu) my number +1682 408 2020

    Liked by 1 person

Leave a reply to Nelson Cancel reply