🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ഞായർ, 7/3/2021
3rd Sunday of Lent – Proper Readings
(see also The Samaritan Woman)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 25:15-16
എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.
എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍
കെണിയില്‍നിന്നു വിടുവിക്കും.
എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.
എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്.
Or:
cf. എസെ 36:23-26
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍
ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലും നിന്ന് ഒരുമിച്ചുകൂട്ടും.
നിങ്ങളുടെ മേല്‍ ഞാന്‍ ശുദ്ധജലം തളിക്കുകയും
നിങ്ങളുടെ സകലമാലിന്യങ്ങളിലും നിന്ന്
നിങ്ങള്‍ സംശുദ്ധരാക്കപ്പെടുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്ക് നവചൈതന്യം നല്കും.
സമിതിപ്രാര്‍ത്ഥന
സര്‍വകാരുണ്യത്തിന്റെയും സകലനന്മയുടെയും ഉടയവനായ ദൈവമേ,
ഉപവാസം, പ്രാര്‍ഥന, ദാനധര്‍മം എന്നിവയില്‍
പാപങ്ങളുടെ പരിഹാരം കാണിച്ചുതന്ന അങ്ങ്
ഞങ്ങളുടെ എളിമയുടെ ഈ ഏറ്റുപറച്ചില്‍
ദയാപൂര്‍വം ശ്രവിക്കണമേ.
അങ്ങനെ, മനസ്സാക്ഷിയാല്‍ എളിമപ്പെട്ട ഞങ്ങള്‍
അങ്ങേ കാരുണ്യത്താല്‍ എപ്പോഴും ഉയര്‍ത്തപ്പെടട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പുറ 20:1-17
ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്.
അക്കാലത്ത്, ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ: അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്നു നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല. സാബത്തു വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാം ദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. എന്തെന്നാല്‍, കര്‍ത്താവ് ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാ വിനെയും ബഹുമാനിക്കുക. കൊല്ലരുത്. വ്യഭിചാരം ചെയ്യരുത്. മോഷ്ടിക്കരുത്. അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്. അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്; അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 19:7-10
കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു:
കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
കര്‍ത്താവിന്റെ കല്‍പ്പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
ദൈവഭക്തി നിര്‍മ്മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.
കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്;
അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
രണ്ടാം വായന
1 കോറി 1:22-25
യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്‍ക്ക് – യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ – ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ശക്തവുമാണ്.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 2:13-25
നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും.
യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍ നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടു ചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു. പെസഹാത്തിരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് വളരെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു. യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലിവസ്തുക്കളില്‍ അങ്ങ് സംപ്രീതനാകണമേ.
സ്വന്തം പാപങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെടാന്‍ പ്രാര്‍ഥിക്കുന്ന ഞങ്ങള്‍,
സഹോദരരുടെ പാപങ്ങള്‍ ക്ഷമിക്കാന്‍
പരിശ്രമിക്കുന്നതിന് അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ,
കുരുകില്‍പക്ഷി തനിക്കായി ഒരു ഭവനവും
മീവല്‍പക്ഷി തന്റെ കുഞ്ഞുങ്ങളെ വയ്ക്കാന്‍ ഒരു കൂടും കണ്ടെത്തുന്നു:
അങ്ങേ അള്‍ത്താരകളില്‍!
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
അവര്‍ എന്നേക്കും അങ്ങയെ സ്തുതിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയ രഹസ്യത്തിന്റെ അച്ചാരം സ്വീകരിച്ചു കൊണ്ടും
ഇഹത്തില്‍ ആയിരുന്നുകൊണ്ട്
ഉന്നതത്തില്‍ നിന്നുള്ള അപ്പത്താല്‍ സംതൃപ്തരായും
ഞങ്ങള്‍ അങ്ങയോട് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്താല്‍ ഞങ്ങളില്‍ നിവര്‍ത്തിതമായത്,
പ്രവൃത്തിയാല്‍ പൂര്‍ത്തീകരിക്കപ്പെടട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നയിക്കുകയും
കാരുണ്യപൂര്‍വം അങ്ങേ ദാസര്‍ക്ക് ഈ കൃപ നല്കുകയും ചെയ്യണമേ.
അങ്ങനെ, ഇവര്‍ അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ നിലനിന്ന്
അങ്ങേ കല്പനകളുടെ പൂര്‍ണത കൈവരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
ആമേൻ.
🔵


Leave a comment