റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?

റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?

Raghid Aziz Ghani

 
ഫ്രാൻസീസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമതു അപ്പസ്തോലിക യാത്രയാണ് ഇറാക്ക് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവസാൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതൻ്റെ കഥ നമ്മൾ അറിയണം.
 
2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന ഒരു ദിവ്യകാരുണ്യ കോൺഗ്രസിലാണ് ഫാ: റഘീദിന്റെ കഥ ലോക മറിയുന്നത്.
 
സ്വന്തം സഹോദരിക്കു സംഭവിച്ച ദുരന്തത്തോടെ ആയിരുന്നു ഫാ. റഘീദ് തുടങ്ങിയത്: “കഴിഞ്ഞ വർഷം ജൂൺ 20 ന് ഒരു കൂട്ടം സ്ത്രീകൾ ഞായറാഴ്ച കുർബാനയ്ക്കു ഒരുക്കമായി ദൈവാലയം വൃത്തിയാക്കുകയായിരുന്നു എന്റെ സഹോദരി 19 വയസുള്ള റഘാദൂം ആ കുട്ടത്തിലുണ്ടായിരുന്നു.
 
തറ കഴുകാൻ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരുന്നതിനിടയിൽ രണ്ടു പേർ വണ്ടിയിൽ വന്നു പള്ളിയിലേക്കു ഗ്രനേഡ് എറിഞ്ഞു, എന്റെ കുഞ്ഞനിയത്തിയുടെ സമീപം അതു പൊട്ടിത്തെറിച്ചു.
 
അവൾ മരണത്തിൽ നിന്നു രക്ഷപെട്ടതതുഒരു അത്ഭുതംതന്നെയായിരുന്നു, എന്നാൽ അതിനു ശേഷം സംഭവിച്ചത് അത്രമാത്രം അസാധാരണമായിരുന്നു.
 
“എനിക്കും എന്റെ സമൂഹത്തിനും എന്റെ സഹോദരിയുടെ മുറിവുകൾ ഞങ്ങളുടെ കുരിശു വഹിക്കാനുള്ള ഒരു ശക്തി ശ്രോതസ്സായിരുന്നു. മോസൂളിലെ ക്രൈസ്തവരിൽ ആരും ദൈവശാസ്ത്രജ്ഞമാരല്ലായിരുന്നു, അവരിൽ ചിലർ നിരക്ഷരരായിരുന്നു, എന്നിട്ടും ഞങ്ങളുടെ ഉള്ളിൽ തലമുറകളായി ഒരു സത്യം ആലേഘനം ചെയ്യപ്പെട്ടിരുന്നു: ഞായറാഴ്ച ബലിയർപ്പണം ഇല്ലാതെ ഞങ്ങൾക്കു ജീവിക്കാൻ കഴിയില്ല എന്ന സത്യം. ”
 
ഇറാഖിൽ സുന്നി വംശജർ അധികം വസിക്കുന്ന മോസൂളിൽ 1972 ജനുവരി 20 നാണ് റഘീദ് ജനിച്ചത്. മോസൂൾ യൂണിവേഴ്സിറ്റിയിൽ നിന്നു സിവിൽ എൻഞ്ചിനിയറിംഗ് പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 1996 ൽ ബിഷപ് റോമിൽ ദൈവശാസ്ത്ര പഠനത്തിനായി അയച്ചു. 2001 ഒക്ടോബറർ 13 നു വൈദികനായി.2003 സഭൈക്യ ദൈവശാസ്ത്രത്തിൽ റോമിലെ ആഞ്ചെലികം ( Angelicum) സർവ്വകലാശാലയിൽ നിന്നു മാസ്റ്റർ ബിരുദം കരസ്ഥമാക്കി.
 
2003 ൽ ലെ യുഎസ് നേതൃത്വത്തിലുള്ള സംഖ്യസേന സദാം ഹുസൈനെ ആക്രമിച്ചതോടെ ഇറാഖിൽ വ്യാപകമായി ക്രിസ്ത്യൻ പീഡനം വീണ്ടും ആരംഭിച്ചു.
 
2005 ആഗസ്റ്റിൽ സെന്റ് പോൾ പള്ളിയിൽ 6 മണിക്കത്തെ വിശുദ്ധ കുർബാനക്കു ശേഷം ഒരു കാർ ബോംബ്സ്ഫോടനം നടന്നു. സ്ഫോടനത്തിൽ രണ്ടു ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ഗാനി അച്ചന്റെ അഭിപ്രായത്തിൽ ഇത് മറ്റൊരു വലിയ ഒരു അത്ഭുതമായിരുന്നു. തീവ്രവാദികൾ പദ്ധതിയിട്ടതു പോലെ നടന്നിരുന്നെങ്കിൽ നൂറുകണക്കിനു വിശ്വാസികളെങ്കിലും അന്നേ ദിനം മൃതി അടഞ്ഞേനേ, കാരണം അന്നേദിനം 400 വിശ്വാസികൾ ദൈവാലയത്തിൽ എത്തിയിരുന്നു.
 
ടിഗ്രിസിലുള്ള അമലോത്ഭവ മാതാവിന്റെ നാമത്തിലുള്ള പള്ളിയിൽ നടന്ന കൊച്ചു കുട്ടികൾക്കെതിരായിരുന്നു അതിനു ശേഷം ആക്രമണം. പല കുടുംബങ്ങളും അവിടെ നിന്നു പലായനം ചെയ്തു. ഗാനി അച്ചനും ഓടി രക്ഷപ്പെടാനുള്ള അവസരം ഉണ്ടായിരുന്നു.
 
റോമിലെ പൊന്തിഫിക്കൽ ഐറിഷ് കോളേജിൽ പഠിച്ചിരുന്നതിനാൽ അദ്ദേഹത്തിനു ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. 2001 ൽ വൈദീക പട്ടത്തിനു ശേഷം അയർലണ്ടിൽ ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്യാൻ ഗാനി അച്ചനെ വിളിച്ചതായിരുന്നു. ഫാ. ഗാനി അതു സ്നേഹപൂർവ്വം നിരസിക്കുകയും. ജന്മനാട്ടിലേക്കു തിരികെ പോവുകയും ചെയ്തു.
 
“അത് എന്റെ സ്ഥലമാണ് ഞാൻ അവിടേക്കു വേണ്ടിയുള്ളവനാണ്,” ഫാ. ഗാനി എപ്പോഴും പറയുമായിരുന്നു. സുഹൃത്തുക്കളോടു ഇ-മെയിലുകൾ വഴി എല്ലായ്പ്പോഴും പ്രാർഥന സഹായം അപേക്ഷിച്ചിരുന്നു.
 
ഒരിക്കൽ ഗാനിയച്ചൻ പള്ളിയുടെ അടിയിലുള്ള മുറിയിൽ കുട്ടികളുടെ ആദ്യകുർബാന സ്വീകരണം രഹസ്യമായി നടത്തുകയായിരുന്നു. പെട്ടന്നു പുറത്തു നിന്നു വലിയ വെടിയൊച്ച കേട്ടു, കുട്ടികൾ ഭയവിഹ്വലരായി.
 
ഗാനി അച്ചൻ പെട്ടന്നു ഭയപ്പെട്ടങ്കിലും സമനില വീണ്ടെടുത്തു ശാന്തമായി കൂട്ടികളോടു പറഞ്ഞു, നിങ്ങളുടെ ആദ്യകുർബാന സ്വീകരണം പുറത്തു ആഘോഷിക്കുന്നതിന്റെയാണ് ഈ ശബ്ദം.
 
തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷി നിർത്തി ചില ദിവ്യകാരുണ്യ സത്യങ്ങൾ ഫാ. റഘീദ് ഗാനി ബാരിയിൽ ഉറക്കെ ഉദ്ഘോഷിച്ചു.
 
“ ഞങ്ങളുടെ ശരീരം കൊല്ലാമെന്നും മനസ്സിനെ ഭയപ്പെടുത്താമെന്നും തീവ്രവാദികൾ ചിന്തിച്ചേക്കാം പക്ഷേ ഞായറാഴ്ചകളിൽ ഞങ്ങളുടെ പള്ളികളിൽ വിശ്വസികളുടെ തിരക്കാണ്. അവർ ഒരു പക്ഷേ ഞങ്ങളുടെ ജീവൻ എടുത്തേക്കാം പക്ഷേ വിശുദ്ധ കുർബാന അതു ഞങ്ങൾക്കു തിരിച്ചു തരും. ഭയവും ആകുലതയും നിറഞ്ഞ ദിവസങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ വിശുദ്ധ കുർബാന കൈകളിലെടുത്ത് ഈശോയെ നോക്കി ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നു പറയുമ്പോൾ എന്നിൽ ഒരു വലിയ ശക്തി ഞാൻ അനുഭവിക്കുന്നു. ഞാൻ തിരുവോസ്തി എന്റെ കൈകളിൽ പിടിക്കുമ്പോൾ യാർത്ഥത്തിൽ ഈശോ എന്നെയും നിങ്ങളെയും അവന്റെ സംരക്ഷിക്കുന്ന കരങ്ങളിൽ, നമ്മളെ ഒന്നിപ്പിക്കുന്ന അതിർത്തികളില്ലാത്ത സ്നേഹത്തിൻ ചേർത്തു പിടിക്കുകയാണ്. ”
 
2007 ജൂൺ മൂന്നാം തീയതി പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിവസം വിശുദ്ധ കുർബാന അർപ്പിച്ച ശേഷം തിരികെ വരുമ്പോൾ ജിഹാദികൾ വാഹനം തടഞ്ഞു നിർത്തി ഫാ. ഗാനിക്കു നേരെ അലറി: “പള്ളി പൂട്ടണമെന്നു ഞാൻ പലതവന്ന പറഞ്ഞതല്ലേ, നീ എന്തുകൊണ്ടു അനുസരിച്ചില്ല? എന്താണ് നീ ഇപ്പോഴും ഇവിടെ ?” “ ദൈവത്തിന്റെ ഭവനം എനിക്കെങ്ങനെ അടക്കാനാവും? ” ഗാനി അച്ചൻ്റെ മറുചോദ്യം ചോദിച്ചു. ഒട്ടും വൈകിയില്ല റഘീദ് ഗാനിയും കൂടെ ഉണ്ടായിരുന്ന മൂന്നു സബ് ഡീക്കന്മാരും ഐ എസ് തീവ്രവാദികൾ തോക്കിനിരയാക്കി. മുപ്പത്തി അഞ്ചാം വയസ്സിൽ ദിവ്യകാരുണ്യത്തെ ഹൃദയത്തോടു ചേർത്തു പിടിച്ച ആ യുവ വൈദീകൻ്റെയും സെമിനാരിക്കാരുടെയും ചുടുനിണം മോസൂളിലെ സഭയ്ക്കു ഈശോയിലേക്കു വളരാനുള്ള വളമായി.
 
നമ്മുടെ കാലഘട്ടത്തിലെ ഒരു രക്തസാക്ഷി, എന്നാൽ ദിവ്യകാരുണ്യത്തോടുള്ള അവന്റെ സ്നേഹം നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന രക്തസാക്ഷികളോടു കിടപിടിക്കുന്നത്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?”

  1. ALEENA MARTIN Avatar
    ALEENA MARTIN

    Hearing this story about the martyrdom of Fr. Ragheed Ganni. Can’t stop the tears from flowing😪
    Are we living in such a world?
    In this 21 st century, martyrdom like this is happening? Like olden days?

    Liked by 1 person

Leave a comment