🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വെള്ളി, 12/3/2021
Friday of the 3rd week of Lent – Proper Readings
(see also The Samaritan Woman)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
സങ്കീ 86:8,10
കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേക്കു തുല്യനായി ആരുമില്ല,
എന്തെന്നാല്‍, അങ്ങ് വലിയവനാണ്,
വിസ്മയകരമായ കാര്യങ്ങള്‍ അങ്ങു നിര്‍വഹിക്കുന്നു.
അങ്ങു മാത്രമാണ് ദൈവം.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ കൃപ കാരുണ്യപൂര്‍വം ചൊരിയണമേ.
മാനുഷികമായ അത്യാഗ്രഹങ്ങളില്‍നിന്ന്
ഞങ്ങളെപ്പോഴും പിന്‍വലിക്കപ്പെടുകയും
അങ്ങേ ഔദാര്യത്താല്‍
സ്വര്‍ഗീയപ്രബോധനങ്ങള്‍ അനുസരിക്കാന്‍
പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹോസി 14:2-10
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേല്‍, നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും. അസ്സീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാന്‍ ഞങ്ങള്‍ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നു.
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെ മേല്‍ സ്‌നേഹം ചൊരിയും. കാരണം, അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാന്‍ തുഷാരബിന്ദു പോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും. അവന്റെ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന് ഒലിവിന്റെ മനോഹാരിതയും ലബനോന്റെ പരിമളവും ഉണ്ടായിരിക്കും. അവര്‍ തിരിച്ചുവന്ന് എന്റെ തണലില്‍ വസിക്കും. പൂന്തോട്ടം പോലെ അവര്‍ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരം പോലെയാണ് ഞാന്‍. നിനക്കു ഫലം തരുന്നത് ഞാനാണ്. ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്റെ വഴികള്‍ ഋജുവാണ്. നീതിമാന്മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 81:5b-7ab,7bc-8,9-10ab,13,16
ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.
അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു:
ഞാന്‍ നിന്റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു;
നിന്റെ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു.
കഷ്ടകാലത്തു നീ വിളിച്ചപേക്ഷിച്ചു;
ഞാന്‍ നിന്നെ മോചിപ്പിച്ചു.
ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.
അദൃശ്യനായി ഇടിമുഴക്കത്തിലൂടെ നിനക്ക് ഉത്തരമരുളി;
മെരീബാ ജലാശയത്തിനരികെ വച്ചു ഞാന്‍ നിന്നെ പരീക്ഷിച്ചു.
എന്റെ ജനമേ, ഞാന്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക;
ഇസ്രായേലേ, നീ എന്റെ വാക്കു കേട്ടിരുന്നെങ്കില്‍!
ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.
നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്;
ഒരന്യദൈവത്തെയും നീ വണങ്ങരുത്.
ഈജിപ്തു ദേശത്തു നിന്നു നിന്നെ മോചിപ്പിച്ച
ദൈവമായ കര്‍ത്താവു ഞാനാണ്;
ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.
എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍,
ഇസ്രായേല്‍ എന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍,
ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു
നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു;
പാറയില്‍ നിന്നുള്ള തേന്‍കൊണ്ടു
നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.
ഞാനാണ് കര്‍ത്താവായ ദൈവം. നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുവിന്‍.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 12:28-34
എല്ലാറ്റിലും പ്രധാനമായ കല്പന ഇതാണ് … ഇതുപോലെ തന്നെയത്രേ രണ്ടാമത്തെ കല്പനയും.
അക്കാലത്ത്, ഒരു നിയമജ്ഞന്‍ വന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണ മനസ്സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍ നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അര്‍പ്പിക്കുന്ന കാണിക്കകള്‍
കാരുണ്യപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഇവ അങ്ങേക്ക് പ്രീതികരമായി ഭവിക്കുകയും
ഞങ്ങള്‍ക്ക് എന്നും രക്ഷാകരമായി തീരുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മര്‍ക്കോ 12:33
ദൈവത്തെ പൂര്‍ണഹൃദയത്തോടെയും
അയല്ക്കാരനെ തന്നെപ്പോലെയും സ്‌നേഹിക്കുന്നത്
എല്ലാ ബലികളെയുംകാള്‍ ശ്രേഷ്ഠമത്രേ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അവിടത്തെ ശക്തിയുടെ പ്രവര്‍ത്തനം
ഞങ്ങളുടെ മനസ്സും ശരീരവും നിറയ്ക്കട്ടെ.
അങ്ങനെ, പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ സ്വീകരിച്ചത്
പൂര്‍ണരക്ഷയിലൂടെ സ്വന്തമാക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കാരുണ്യത്തിനായി കേണപേക്ഷിക്കുന്ന
അങ്ങേ വിശ്വാസികളെ ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, അങ്ങേ ദയയില്‍ ആശ്രയിക്കുന്നവര്‍,
അങ്ങേ സ്‌നേഹത്തിന്റെ ദാനങ്ങള്‍
എല്ലായിടത്തും വ്യാപിപ്പിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
ആമേൻ.
🔵


Leave a comment