ദിവ്യബലി വായനകൾ – ലത്തീൻക്രമം March 19

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 19/3/2021

Saint Joseph, husband of the Blessed Virgin Mary – Solemnity 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. ലൂക്കാ 12:42

ഇതാ, കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ ഭരമേല്പിച്ച
വിശ്വസ്തനും വിവേകിയുമായ ദാസന്‍.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
മാനവരക്ഷാരഹസ്യങ്ങളുടെ ആരംഭം
വിശുദ്ധ യൗസേപ്പിന്റെ വിശ്വസ്ത സംരക്ഷണത്തിന്
അങ്ങ് ഭരമേല്പിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ അവയുടെ നിര്‍വഹണം,
അങ്ങേ സഭ നിരന്തരം കാത്തുപാലിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 സാമു 7:4-5,12-14,16
അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. (ലൂക്കാ 1:32).

അക്കാലത്ത്, കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?
ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവന്‍ എനിക്ക് ആലയം പണിയും; അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും. ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. അവന്‍ തെറ്റുചെയ്യുമ്പോള്‍ മാനുഷികമായ ദണ്ഡും ചമ്മട്ടിയുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 89:1-2,3-4,26,28

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

കര്‍ത്താവേ, ഞാന്‍ എന്നും
അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങേ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങേ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങേ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും
എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
എന്റെ കരുണ എപ്പോഴും അവന്റെ മേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.

അവന്റെ വംശം എന്നേക്കും നിലനില്‍ക്കും.

രണ്ടാം വായന

റോമാ 4:13,16-18,22
പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അബ്രാഹം വിശ്വസിച്ചു.

സഹോദരരേ, ലോകത്തിന്റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്. അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്റെ എല്ലാ സന്തതിക്കും – നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും – ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്. ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ച ദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക്‌ സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.
അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 1:16,18-21,24
ജോസഫ് കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു

യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തില്‍ നിന്നു പിറന്ന
അങ്ങേ ഏകജാതനെ ഭക്ത്യാദരപൂര്‍വം
വിശുദ്ധ യൗസേപ്പ് ശുശ്രൂഷിച്ചപോലെ,
നിര്‍മല ഹൃദയത്തോടെ അങ്ങേ അള്‍ത്താരയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെയും അര്‍ഹരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 25:21

കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ,
നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ യൗസേപ്പിന്റെ മഹോത്സവത്തില്‍
ആനന്ദിക്കുന്ന അങ്ങേ കുടുംബത്തെ
ഈ അള്‍ത്താരയില്‍ നിന്നുള്ള ഭോജ്യത്താല്‍
അങ്ങ് പരിപോഷിപ്പിച്ചുവല്ലോ.
നിരന്തരസംരക്ഷണത്താല്‍
അങ്ങേ കുടുംബത്തെ പരിരക്ഷിക്കുകയും
അങ്ങേ ദാനങ്ങള്‍ കുടുംബത്തില്‍
കാരുണ്യപൂര്‍വം കാത്തുപാലിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസരെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ
സ്വര്‍ഗീയ സഹായത്താല്‍ ദയാപൂര്‍വം സംരക്ഷിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment