പുലർവെട്ടം 453

{പുലർവെട്ടം 453}

 
സ്വാമി വിവേകാനന്ദനുമായുള്ള തന്റെ ഒടുവിലത്തെ കൂടിക്കാഴ്ച ഇങ്ങനെയാണ് സിസ്റ്റർ നിവേദിത ഓർമ്മിച്ചെടുക്കുന്നത്. ആചാര്യൻ ഏകാദശി വ്രതത്തിലായിരുന്നു. എന്നിട്ടും ശിഷ്യർക്ക് ഏറ്റവും താത്പര്യത്തോടെ അന്നം വിളമ്പി. അതിനുശേഷം തന്റെ കൈകളിൽ വെള്ളമൊഴിച്ച് കഴുകുകയും തുണി കൊണ്ട് തുടയ്ക്കുകയും ചെയ്തു. ‘ഞാനായിരുന്നു ഇതൊക്കെ അങ്ങേയ്ക്ക് വേണ്ടി ചെയ്തു തരേണ്ടിയിരുന്നത്, മറിച്ചായിരുന്നില്ല’ എന്ന എതിർപ്പിനെ അസാധാരണ ഗൗരവത്തോടുകൂടിയാണ് ഗുരു നേരിട്ടത്. ‘യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയിട്ടുണ്ട്. പക്ഷേ, അവസാനനേരത്തായിരുന്നു’ എന്നൊരു മറുപടി പറയാൻ ആഗ്രഹിച്ചെങ്കിലും എന്തോ ഒന്ന് ഉള്ളിലിരുന്ന് അവരെ തടഞ്ഞു. അതായിരുന്നു ശരി. ഇവിടെയും ഇത് അവസാനനേരം തന്നെ. രണ്ടു ദിവസങ്ങൾക്ക് ശേഷം 1902 ജൂലൈ നാലിന് ഗുരു കടന്നു പോയി. (The Master as I Saw Him, 1910)
 
ലോകത്തിന്റെ ആന്തരികഭാവനയെ സദാ ദീപ്തമാക്കിയ ഒന്നാണ് അത്താഴമേശയിലെ പാദക്ഷാളനം. പൊടിപുരണ്ട കാലടികളുമായി എത്തിയ തന്റെ അതിഥികളുടെ വിണ്ടുകീറിയ പാദങ്ങൾ കഴുകുക വഴി പ്രകാശത്തിന്റെ ഒരു സനാതനമാതൃക രൂപപ്പെടുകയാണ്. താരതമ്യേന അപ്രസക്തമെന്നു കരുതി മറ്റ് സുവിശേഷകർ ഒഴിവാക്കിയ ഈ കാൽകഴുകൽവിശേഷം എത്ര ഉത്സവഭരിതമായിട്ടാണ് യോഹന്നാൻ അടയാളപ്പെടുത്തുന്നത്. അഭ്യൂഹങ്ങൾ ഇങ്ങനെയാണ്. ഏറ്റവും ഒടുവിലായാണ് യോഹന്നാന്റെ സുവിശേഷം രൂപപ്പെടുന്നത്. ഇതിനകം തന്നെ തിരുവത്താഴശുശ്രൂഷ വ്യാപകമായിട്ടുണ്ട്. എന്തും അനുഷ്ഠാനമായി ചുരുങ്ങുമ്പോൾ അതിന്റെ ആത്മാവിന് ശ്വാസംമുട്ടും. അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിച്ച് ഭക്ഷിക്കുന്നതിലൂടെ മാത്രം അവന്റെ സാന്നിധ്യത്തിന്റെ നിലനിൽപ്പുണ്ടാവും എന്ന തെറ്റിദ്ധാരണയൊന്നും അയാൾക്കില്ല. അപരന്റെ മുൻപിൽ കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെടുന്ന യേശുവിന്റെ അരൂപിയുടെ കൈമാറ്റമാണ് എല്ലാ തർക്കങ്ങളുടെയും മത്സരങ്ങളുടെയും ശമനമായി മാറേണ്ട ഒറ്റമൂലി എന്നയാൾ കരുതി. അപ്പവും വീഞ്ഞും ഉയർത്തിയപ്പോൾ യേശു ഉപയോഗിച്ച പദങ്ങളെ അയാൾ നമ്മുടെ ഭാഷയിൽ ഇവിടേക്ക് കട്ട് & പേസ്റ്റ് ചെയ്തു. ചുരുക്കത്തിൽ പാദം കഴുകുന്ന ദാസ്യഭാവത്തിലേക്കാണ് കാലം കുറേക്കൂടി ഏകാഗ്രമാകേണ്ടതെന്നു സാരം.
 
ഈ പെസഹായിലും അത് സംഭവിക്കും. കല്ലിലുരച്ചുരച്ച് ആറന്മുളക്കണ്ണാടി പോലെ തെളിഞ്ഞ കാല്പാദങ്ങളെ മേൽക്കച്ച മാറ്റി അരക്കെട്ടു കെട്ടി താലത്തിൽ വെള്ളമെടുത്ത് കഴുകിത്തുടച്ച് പിന്നെ ചുംബിച്ച് പുരോഹിതൻ നില്പുണ്ടാവും. അതിന്റെ ഗാർഹിക എഡിഷനുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നുള്ളതാണ് പ്രശ്നം. വയോധികനായ അച്ഛനെ മുഖക്ഷൗരം ചെയ്യാനും അവളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിക്കൊടുക്കാനും അവൻ തയ്യാറാവുന്നുണ്ടോ, ഒരു വീട് വയ്ക്കുമ്പോൾ കുഞ്ഞുങ്ങൾ പറയുന്ന വർണ്ണങ്ങൾ ചുവരിൽ പൂശുമോ എന്നൊക്കെയാണ് ഈ വിചാരത്തിന്റെ പ്രായോഗികപാഠം.
 
ഒന്ന് കുനിയാൻ തയാറാകുമ്പോൾ ലോകം എത്ര ഭേദപ്പെട്ടതാകുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 453”

Leave a reply to Nelson Cancel reply