🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ശനി, 10/4/2021
Easter Saturday
Liturgical Colour: White.
പ്രവേശകപ്രഭണിതം
സങ്കീ 105:43
കര്‍ത്താവ് തന്റെ ജനത്തെ സന്തോഷത്തോടെയും
തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപത്തോടെയും നയിച്ചു, അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങില്‍ വിശ്വസിക്കുന്ന ജനങ്ങളെ
അങ്ങേ കൃപയുടെ സമൃദ്ധിയാല്‍ അങ്ങ് വര്‍ധിപ്പിക്കുന്നുവല്ലോ.
അങ്ങേ തിരഞ്ഞെടുപ്പിനായി
ഇവരെ കരുണാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ജ്ഞാനസ്‌നാന കൂദാശയാല്‍ നവജാതരായവരെ
ഭാഗ്യപൂര്‍ണമായ അനശ്വരതയുടെ വസ്ത്രം അണിയാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 4:13-21
ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.
അധികാരികളും ജനപ്രമാണികളും നിയമജ്ഞരും പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ സാധാരണ മനുഷ്യരാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാണെന്ന് ഗ്രഹിക്കുകയും ചെയ്തു. എന്നാല്‍, സുഖം പ്രാപിച്ച മനുഷ്യന്‍ അവരുടെ സമീപത്തു നില്‍ക്കുന്നതു കണ്ടതിനാല്‍ എന്തെങ്കിലും എതിര്‍ത്തു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട്, സംഘത്തില്‍ നിന്നു പുറത്തു പോകാന്‍ അവരോട് കല്‍പിച്ചതിനുശേഷം അവര്‍ പരസ്പരം ആലോചിച്ചു. ഈ മനുഷ്യരോടു നാം എന്താണു ചെയ്യുക? ഇവര്‍വഴി ശ്രദ്‌ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികള്‍ക്കെല്ലാം വ്യക്തമായി അറിയാം. അതു നിഷേധിക്കാന്‍ നമുക്കു സാധ്യമല്ല. എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം. അവര്‍ അവരെ വിളിച്ച് യേശുവിന്റെ നാമത്തില്‍ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്‍പിച്ചു. പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍ തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. അവര്‍ അവരെ കൂടുതല്‍ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല. കാരണം, ജനത്തെ അവര്‍ ഭയപ്പെട്ടു. എന്തെന്നാല്‍, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 118:1,14-15ab,16-18,19-21
കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കും, അവിടുന്ന് എനിക്കുത്തരമരുളി.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്;
അവിടുന്ന് എനിക്കു രക്ഷ നല്‍കി.
ഇതാ, നീതിമാന്മാരുടെ കൂടാരത്തില്‍ ജയഘോഷമുയരുന്നു.
കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കും, അവിടുന്ന് എനിക്കുത്തരമരുളി.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;
ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു;
എന്നാല്‍, അവിടുന്ന് എന്നെ മരണത്തിനേല്‍പിച്ചില്ല.
കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കും, അവിടുന്ന് എനിക്കുത്തരമരുളി.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നുതരുക;
ഞാന്‍ അവയിലൂടെ പ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.
ഇതാണു കര്‍ത്താവിന്റെ കവാടം;
നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.
അവിടുന്ന് എനിക്കുത്തരമരുളി;
അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു.
കര്‍ത്താവേ, ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കും, അവിടുന്ന് എനിക്കുത്തരമരുളി.
or
അല്ലേലൂയ, അല്ലേലൂയ, അല്ലേലൂയ!
അനുക്രമഗീതം
വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.
മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം
ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.
ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.
ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.
സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.
ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.
ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;
ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 16:9-15
നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍ നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്. അവള്‍ ചെന്ന് അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു. അവന്‍ ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല. ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.
പിന്നീട്, അവര്‍ പതിനൊന്നുപേ ര്‍ഭക്ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ പെസഹാരഹസ്യങ്ങള്‍വഴി
ഞങ്ങളെന്നും കൃതജ്ഞതാനിര്‍ഭരരായിരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളുടെ നവീകരണത്തിന്റെ നിരന്തര
പ്രവര്‍ത്തനം ഞങ്ങള്‍ക്ക് നിത്യാനന്ദത്തിന് നിദാനമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ഗലാ 3:27
ക്രിസ്തുവിലേക്കു സ്‌നാനപ്പെട്ടിരിക്കുന്ന നിങ്ങള്‍
ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തെ കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ
അക്ഷയമായ ഉത്ഥാനത്തില്‍ എത്തിച്ചേരാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment