അത് യൗസേപ്പിതാവിൻ്റെ പ്രവർത്തിയാണ്

ജോസഫ് ചിന്തകൾ 134

അത് യൗസേപ്പിതാവിൻ്റെ പ്രവർത്തിയാണ്

 
കത്താലിക്കാ സഭ ഏപ്രിൽ 21 നു പാർസ്ഹാമിലെ വിശുദ്ധ കോൺറാഡിൻ്റെ (Conrad of Parzham) തിരുനാൾ ആഘോഷിക്കുന്നു. ജർമ്മനിയിൽ പ്രത്യേകിച്ച് ബവേറിയ സംസ്ഥാനത്തിലെ പ്രിയപ്പെട്ട വിശുദ്ധനാണ് കോൺറാഡ് (1818-1894). നാൽപ്പതുവർഷം ആൾട്ടോങ്ങിലെ( Altöting) കപ്പൂച്ചിൻ ആശ്രമത്തിലെ സ്വീകരണമുറിയിലായിരുന്നു തുണ സഹോദരനായിരുന്ന കോൺറാഡിൻ്റെ ശുശ്രൂഷ. വിശുദ്ധ കോൺറാഡിനു യൗസേപ്പിതാവിനോടുള്ള ഭക്തിയെക്കുറിച്ചും ബന്ധത്തെക്കുറിച്ചു ഒരു ജർമ്മൻ വല്യമ്മ എന്നോടു പറഞ്ഞ സംഭവമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.
 
ഫ്രാൻസീസ് അസ്സീസിയുടെ ചൈതന്യം ജീവിത വ്രതമാക്കിയിരുന്ന കോൺറാഡ് പാവപ്പെട്ടവരോടും അനാഥരോടും പ്രത്യേക പരിഗണന കാട്ടിയിരുന്നു ആശ്രമത്തിൽ എത്തുന്നവരെ സഹായിക്കാനും അവരുടെ വേദനകൾ കേൾക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും ധാരാളം സമയം കോൺറാഡ് ചിലവഴിച്ചിരുന്നു. ഭക്ഷണത്തിനായി പാവപ്പെട്ടവർ ആശ്രമത്തിലെത്തുമ്പോൾ ഉദാരതയോടെ അവർക്കു ഭക്ഷണം നൽകിയിരുന്നു. ഒരിക്കൽ ആശ്രമത്തിൽ ഭക്ഷണ സാധനങ്ങൾ വളരെ കുറവായിരുന്നു അന്തേവാസികൾക്കു കഷ്ടിച്ചു ഒരുനേരം കഴിക്കാനുള്ള ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. സ്വീകരണമുറിയിലെ മണി മുഴങ്ങി, ചെന്നുനോക്കിയപ്പോൾ ഭക്ഷണം തേടി ഒരു അമ്മയും രണ്ടും കുഞ്ഞുങ്ങളും ഭക്ഷണം തേടിവന്നതാണ്. അധികം ആലോചിക്കാതെ ഊട്ടു മുറിയിലിരുന്ന ഭക്ഷണ സാധനങ്ങൾ ബ്രദർ കോൺറാഡ് ആ അമ്മയ്ക്കും മക്കൾക്കും നൽകി.
 
ഭക്ഷണ സമയമായപ്പോൾ സന്യാസികൾ എല്ലാം ഊട്ടു മുറിയിലെത്തി വിശപ്പകറ്റാൻ ഒന്നും ഇല്ലാത്തതിനാൽ അവരെല്ലാം കോൺറാഡിനോടു ദ്യേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്തു. അവരുടെ വിഷമം മനസ്സിലാക്കിയ ബ്രദർ നമുക്കു യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാം ആ പിതാവു നമ്മളെ സഹായിക്കും എന്നു തറപ്പിച്ചു പറഞ്ഞു. കോൺറാഡ് പ്രാർത്ഥിക്കാനായി ആശ്രമത്തിലെ ചാപ്പലിലേക്കു പോയി, അഞ്ചു മിനിറ്റിനിടയിൽ സ്വീകരണമുറിയെ മണി മുഴങ്ങി. മറ്റു സഹോദരന്മാർ സ്വീകരണ മുറിയുടെ വാതിൽ തുറന്നപ്പോൾ അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല ഒരാഴ്ചത്തേക്കുള്ള ഭക്ഷണവുമായി ഒരു പ്രഭുകുമാരൻ അവരെ സന്ദർശിക്കാൻ വന്നിരിക്കുന്നു. ഭക്ഷണം ലഭിച്ച കാര്യം അറിയിക്കാനായി ഒരു സഹോദരൻ ചാപ്പലിലേക്ക് ഓടി. സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ കോൺറാഡ് പറഞ്ഞു അത് യൗസേപ്പിതാവിൻ്റെ പ്രവർത്തിയാണ്.
 
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പിതാവാണ് ഈശോയുടെ വളർത്തു പിതാവ്. ആ പിതാവിനെ നമുക്കും പ്രത്യാശയോടെ സമീപിക്കാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment