ദിവ്യബലി വായനകൾ – Saint George or Friday of the 3rd week of Eastertide or Saint Adalbert of Prague

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 23/4/2021

Saint George, Martyr 
or Friday of the 3rd week of Eastertide 
or Saint Adalbert of Prague, Bishop, Martyr 

Liturgical Colour: Red.

പ്രവേശകപ്രഭണിതം

cf. മത്താ 25:34

എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍,
ലോകസംസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം
അവകാശപ്പെടുത്തുവിന്‍, അല്ലേലൂയാ.

Or:
സങ്കീ 91:13

സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും., അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പ്രാഭവം പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
വിശുദ്ധ ജോര്‍ജ്, കര്‍ത്താവിന്റെ പീഡാസഹനം
അനുകരിക്കാന്‍ മാതൃകയായിരിക്കുന്നപോലെ
ഞങ്ങളുടെ ബലഹീനതയില്‍ സദാ സഹായകനുമായി തീരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 9:1-20
വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍.

സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെ നേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കു കൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു. അവന്‍ യാത്ര ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍ നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു. അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍. എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെ വച്ച് നിന്നെ അറിയിക്കും. അവനോടൊപ്പം യാത്ര ചെയ്തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ധരായി നിന്നുപോയി. സാവൂള്‍ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്മൂലം, അവര്‍ അവനെ കൈയ്ക്കു പിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന്‍ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.
അനനിയാസ് എന്നു പേരായ ഒരു ശിഷ്യന്‍ ദമാസ്‌ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ കര്‍ത്താവ് അവനെ വിളിച്ചു: അനനിയാസ്; അവന്‍ വിളികേട്ടു: കര്‍ത്താവേ, ഇതാ ഞാന്‍ ! കര്‍ത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന് യൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന്‍ ഇതാ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്റെ മേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു. അനനിയാസ് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വിശുദ്ധര്‍ക്കെതിരായി അവന്‍ ജറുസലെമില്‍ എത്രമാത്രം തിന്മകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരില്‍ നിന്നു ഞാന്‍ കേട്ടിട്ടുണ്ട്. ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അധികാരം പുരോഹിതപ്രമുഖന്മാരില്‍ നിന്ന് അവന്‍ സമ്പാദിച്ചിരിക്കുന്നു. കര്‍ത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍. എന്റെ നാമത്തെ പ്രതി അവന്‍ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചു കൊടുക്കും. അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനും വേണ്ടി എന്നെ അയച്ചിരിക്കുന്നു. ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളില്‍ നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എഴുന്നേറ്റു ജ്ഞാനസ്‌നാനം സ്വീകരിച്ചു. അനന്തരം, അവന്‍ ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്‌ക്കസിലെ ശിഷ്യന്മാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു.
അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവന്‍ സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 117:1bc,2

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍;
ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്;
കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 6:52-59
എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്.

യേശുവിന്റെ പ്രബോധനം കേട്ട് യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തംയഥാര്‍ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. ഇതു സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും. കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ ഇതു പറഞ്ഞത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, രക്തസാക്ഷിയായ വിശുദ്ധ ജോര്‍ജിന്റെ സ്മരണയില്‍,
അങ്ങേ മഹിമയ്ക്കായി ഞങ്ങളര്‍പ്പിക്കുന്ന
അനുരഞ്ജനത്തിന്റെയും സ്തുതിയുടേതുമായ
ഈ ബലി സ്വീകരിക്കണമേ.
അങ്ങനെ, ഈ ബലി ഞങ്ങളെ
പാപമോചനത്തിലേക്കു നയിക്കുകയും
നിത്യമായ കൃതജ്ഞതാപ്രകാശനത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. 2 തിമോ 2:11-12

നാം ക്രിസ്തുവിനോടു കൂടെ മരിച്ചിട്ടുണ്ടെങ്കില്‍,
അവിടത്തോടു കൂടെ ജീവിക്കും;
നാം ഉറച്ചുനില്ക്കുമെങ്കില്‍, അവിടത്തോടുകൂടെ വാഴും, അല്ലേലൂയാ

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇന്നത്തെ ആഘോഷത്തില്‍ ആനന്ദിച്ചുകൊണ്ട്,
അങ്ങേ സ്വര്‍ഗീയദാനങ്ങള്‍ സ്വീകരിച്ച ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഈ ദിവ്യവിരുന്നില്‍ അങ്ങേ പുത്രന്റെ മരണം
പ്രഖ്യാപിക്കുന്ന ഞങ്ങളെ
വിശുദ്ധ ജോര്‍ജിനോടൊത്ത്,
അവിടത്തെ ഉത്ഥാനത്തിലും മഹത്ത്വത്തിലും
പങ്കുകാരാകാന്‍ അര്‍ഹരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment