🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
25-Apr-2021, ഞായർ
4th Sunday of Easter
Liturgical Colour: White.
____
ഒന്നാം വായന
അപ്പോ. പ്രവ. 4:8-12
മറ്റാരിലും രക്ഷയില്ല.
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു: ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്ത ഒരു സത്പ്രവൃത്തിയെന കുറിച്ചാണ്, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തി എന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍, നിങ്ങളും ഇസ്രായേല്‍ ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍ നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 118:1,8-9,21-23,26,28,29
R. പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു. മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്. പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
R. പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും. പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
R. പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു
നിങ്ങളെ ആശീര്‍വദിക്കും. അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ദൈവം;
ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും. അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ദൈവം;
ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.
R. പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു.
____
രണ്ടാം വായന
1 യോഹ 3:1a-2
അവിടുന്ന് ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണും.
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയും ചെയ്യും.
കർത്താവിന്റെ വചനം.
____
സുവിശേഷ പ്രഘോഷണവാക്യം
യോഹ 10:14
അല്ലേലൂയാ, അല്ലേലൂയാ!
ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതു പോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.
അല്ലേലൂയാ!
____
സുവിശേഷം
യോഹ 10:11-18
നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
യേശു പറഞ്ഞു: ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി. ജീവന്‍ അര്‍പ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍. ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.
ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതു പോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകള്‍ക്കു വേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. തിരിച്ചെടുക്കുന്നതിനു വേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍ നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍ നിന്നാണ് എനിക്കു ലഭിച്ചത്.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment