🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം, 29/4/2021
Saint Catherine of Siena, Virgin, Doctor
on Thursday of the 4th week of Eastertide
Liturgical Colour: White.
പ്രവേശകപ്രഭണിതം
ഇവളാണ്, കത്തിച്ച തിരികളുമായി
ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട
ബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക.
അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനും
അങ്ങേ സഭയെ ശുശ്രൂഷിക്കുന്നതിനും
വിശുദ്ധ കത്രീനയെ ദിവ്യസ്‌നേഹത്താല്‍
അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിന്റെ രഹസ്യത്തോട് ഐക്യപ്പെട്ട്,
അങ്ങേ ജനം, അവിടത്തെ മഹത്ത്വത്തിന്റെ വെളിപാടില്‍
എന്നും ആനന്ദിക്കാന്‍ അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 13:13-25
വാഗ്ദാനം ചെയ്തിരുന്നതുപോലെ ദാവീദിന്റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു..
പൗലോസും കൂടെയുള്ളവരും പാഫോസില്‍ നിന്ന് കപ്പല്‍യാത്ര ചെയ്ത് പാംഫീലിയായിലെ പെര്‍ഗായില്‍ എത്തി. യോഹന്നാന്‍ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി. എന്നാല്‍, അവര്‍ പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോകായില്‍ വന്നെത്തി. സാബത്തു ദിവസം അവര്‍ സിനഗോഗില്‍ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി. നിയമവും പ്രവചനങ്ങളും വായിച്ചു കഴിഞ്ഞപ്പോള്‍ സിനഗോഗിലെ അധികാരികള്‍ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരന്മാരേ, നിങ്ങളിലാര്‍ക്കെങ്കിലും ജനങ്ങള്‍ക്ക് ഉപദേശം നല്‍കാനുണ്ടെങ്കില്‍ പറയാം. അപ്പോള്‍ പൗലോസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ഇസ്രായേല്‍ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍.
ഈ ഇസ്രായേല്‍ ജനതയുടെ ദൈവം നമ്മുടെ പിതാക്കന്മാരെ തെരഞ്ഞെടുത്തു. ഈജിപ്തില്‍ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു. അവിടുന്നു നാല്‍പതു വര്‍ഷത്തോളം മരുഭൂമിയില്‍ അവരോടു ക്ഷമാപൂര്‍വം പെരുമാറി. കാനാന്‍ ദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായി കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവര്‍ക്കു ന്യായാധിപന്മാരെ നല്‍കി. പിന്നീട് അവര്‍ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട കിഷിന്റെ പുത്രന്‍ സാവൂളിനെ നാല്‍പതു വര്‍ഷത്തേക്ക് ദൈവം അവര്‍ക്കു നല്‍കി. അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 89:1-2,20-21,24,26
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!
കര്‍ത്താവേ, ഞാന്‍ എന്നും
അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങേ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങേ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങേ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു.
എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും.
എന്റെ ഭുജം അവനു ശക്തി നല്‍കും.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!
എന്റെ വിശ്വസ്തതയും കാരുണ്യവും
അവനോടു കൂടെ ഉണ്ടായിരിക്കും;
എന്റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്‍ക്കും.
അവന്‍ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും
എന്റെ രക്ഷാശിലയും അവിടുന്നാണ്
എന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 13:16-20
ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്.
പാദക്ഷാളനത്തിനു ശേഷം യേശു അവരോടു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല. ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍. നിങ്ങള്‍ എല്ലാവരെയും കുറിച്ചല്ല ഞാനിതു പറയുന്നത്. ഞാന്‍ തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവന്‍ എനിക്കെതിരേ കുതികാലുയര്‍ത്തി എന്ന തിരുവെഴുത്തു പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനാണു സംഭവിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ നിങ്ങളോടു പറയുന്നത്. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ കത്രീനയുടെ സ്മരണ ആഘോഷിച്ചുകൊണ്ട്
ഞങ്ങളര്‍പ്പിക്കുന്ന രക്ഷാകരബലി സ്വീകരിക്കണമേ.
ഈ വിശുദ്ധയുടെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിതരായി,
സത്യദൈവമായ അങ്ങേക്ക്,
കൂടുതല്‍ തീക്ഷ്ണതയോടെ കൃതജ്ഞതയര്‍പ്പിക്കാന്‍
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. 1 യോഹ 1:7
ദൈവം പ്രകാശത്തിലായിരിക്കുന്നപോലെ,
നാമും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍
നമുക്ക് പരസ്പരം കൂട്ടായ്മയുണ്ടാകും.
അവിടത്തെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം
എല്ലാ പാപങ്ങളിലും നിന്ന് നമ്മെ ശുദ്ധീകരിക്കുന്നു, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ കത്രീനയുടെ
ഐഹികജീവിതം പരിപോഷിപ്പിച്ച സ്വര്‍ഗീയവിരുന്ന്,
ഞങ്ങളെയും പരിപോഷിപ്പിക്കുകയും
ഞങ്ങള്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment