തിരുനാൾ ദിനം: ഏപ്രിൽ 28
വി. ജിയാന്ന ബറേത്ത മോള്ള
(1922 -1962)
1922 ഒക്ടോബറിൽ പതിമൂന്ന് മക്കളുള്ള കുടുംബത്തിലെ പത്താമത്തവളായാണ് ജിയാന്ന ബറേത്ത മോള്ള ജനിച്ചത്. ഇറ്റലിയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്നു വി. ജിയാന്ന.
വി.ജിയാന്ന ചെറുപ്പത്തിൽത്തന്നെ തന്റെ വിശ്വാസത്തെ പരസ്യമായി സ്വീകരിച്ചു, ഒപ്പം അവളുടെ സ്നേഹനിധികളായ മാതാപിതാക്കളിൽ നിന്ന് കത്തോലിക്കാ-ക്രിസ്ത്യൻ വിദ്യാഭ്യാസവും സ്വീകരിച്ചു. ജീവിതത്തെ ദൈവത്തിന്റെ മനോഹരമായ ദാനമായി കണ്ട് അവൾ വളർന്നു, പ്രാർത്ഥനയുടെ ആവശ്യകതയും പ്രാർത്ഥനയുടെ ഫലങ്ങളും അവൾ അന്നേ കണ്ടെത്തി.
1942 ൽ വി.ജിയാന്ന മിലാനിൽ വൈദ്യശാസ്ത്ര പഠനം ആരംഭിച്ചു. യൂണിവേഴ്സിറ്റി പഠനത്തിലും തന്റെ ദൈവവിശ്വാസത്തിലും അവൾ ഉത്സാഹവും കഠിനാധ്വാനിയുമായ ഒരു വിദ്യാർത്ഥിയായിരുന്നു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലെ അംഗമെന്ന നിലയിൽ, വയോജനങ്ങൾക്കും ദരിദ്രർക്കും വേണ്ടിയുള്ള സേവനങ്ങളിൽ അവൾ മുഴുകിയിരുന്നു.
1949 ൽ പവിയ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ബിരുദം നേടി. 1950 ൽ മെസെറോയിൽ ജന്മനാടായ മജന്തയ്ക്ക് സമീപം ശിശുരോഗ ചികിത്സയ്ക്കായി ഒരു മെഡിക്കൽ ഓഫീസും തുറന്നു.
1955 ൽ പിയാത്രോ മോള്ളയെന്ന വ്യക്തിയെ വിവാഹവും ചെയ്തു. മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. നാലാമത്ത കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് ജിയാന്നയുടെ ഗർഭാശയത്തിൽ ഒരു മുഴ രൂപപ്പെടുകയും അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്തു. മൂന്ന് കാര്യങ്ങളാണ് ഡോക്ടർ അവളോട് ഉപദേശിച്ചത്. ഒന്ന് വീണ്ടും ഗർഭം ധരിക്കാവുന്ന രീതിയിലുള്ള അബോർഷൻ, രണ്ട് ഗർഭപാത്രം നീക്കം ചെയ്യൽ, അപ്പോഴും കുഞ്ഞ് മരിക്കും. മൂന്ന് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ ഒരുപോലെ അപകടത്തിലാക്കി മുഴ മാത്രം നീക്കം ചെയ്യൽ. മറ്റൊന്നും ആലോചിക്കാതെ മൂന്നാമത്തെ ഓപ്ഷൻ ജിയാന്ന തിരഞ്ഞെടുത്തു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കണമെന്ന് അവർ ഡോക്ടർമാരോട് അഭ്യർഥിച്ചു. കുഞ്ഞിനുവേണ്ടി നിരന്തരം പ്രാർത്ഥിച്ചു. അങ്ങനെ 1962 ഏപ്രിൽ 21 ന് ജിയാന്ന ഇമ്മാനുവല മോള്ള ജനിച്ചു. എന്നാൽ ഒരാഴ്ചയ്ക്കകം അമ്മ, ജിയാന്ന ബറേത്ത മോള്ള മരിച്ചു.
1994 ഏപ്രിൽ 24 ന് വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജിയാന്നയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2004 മെയ് 16 നു വിശുദ്ധ പദവിയിലേക്കും ഉയർത്തി. ജിയാന്നയുടെ ഭർത്താവിന്റെയും മക്കളുടെയും സാന്നിധ്യത്തിലായിരുന്നു അത്. ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ഏത് ബുദ്ധിമുട്ടുകൾക്കും വിശുദ്ധ ജിയാന്നയോട് പ്രാർത്ഥിച്ച് സൗഖ്യം പ്രാപിക്കുന്നവർ ധാരാളമുണ്ട്. ഗർഭവതികളുടെയും അമ്മമാരുടെയും മധ്യസ്ഥയായാണ് വി. ജിയാന്ന ബറേത്ത മോള്ള അറിയപ്പെടുന്നതും.
ഏപ്രിൽ 28 നാണ് വി. ജിയാന്നയുടെ തിരുനാൾ ആഘോഷിക്കുന്നത്.



Leave a comment