⚜️⚜️⚜️⚜️ May 18 ⚜️⚜️⚜️⚜️
മാര്‍പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഇറ്റലിയിലെ ടസ്ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍. തന്റെ ജീവിതകാലത്ത് മാത്രമല്ല, മരണത്തിന് ശേഷവും ദൈവ മഹിമയെ മഹത്വപ്പെടുത്തുവാന്‍ ഭാഗ്യം സിദ്ധിച്ചവനായിരുന്നു വിശുദ്ധന്‍. അക്കാലത്ത് ഇറ്റലിയിലെ ഭരണാധികാരിയായിരുന്ന തിയോഡോറിക്ക്, കിഴക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിച്ചുവെങ്കിലും തിയോഡോറിക്ക് ഇതിനെ സംശയത്തോട് കൂടിയായിരുന്നു വീക്ഷിച്ചിരുന്നത്. മാത്രമല്ല യേശുവിന്റെ ദൈവീകതയെ നിഷേധിക്കുന്ന ‘അരിയാനിസ’മെന്ന മതവിരുദ്ധ വാദത്തില്‍ വിശ്വസിക്കുന്നവനുമായിരുന്നു അദ്ദേഹം. ഇതിനിടെ ജെസ്റ്റിന്‍ ചക്രവര്‍ത്തി, മതവിരുദ്ധ വാദികള്‍ക്കെതിരായുള്ള നിയമങ്ങള്‍ പുനസ്ഥാപിക്കുക, ദേവാലയങ്ങള്‍ തങ്ങളുടെ അധീനതയിലാക്കുക, മതവിരുദ്ധ വാദികളെ പൊതു പദവികളില്‍ നിന്നും വിലക്കുക തുടങ്ങിയ നടപടികള്‍ മൂലം അരിയന്‍സ് ഉള്‍പ്പെടെയുള്ള നിരവധി മതവിരുദ്ധവാദികള്‍ തങ്ങളുടെ തെറ്റായ വിശ്വാസ പ്രമാണങ്ങള്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ പ്രേരിതരായി.
ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെ ഈ നടപടികളില്‍ രോഷം പൂണ്ട തിയോഡോറിക്ക് വിശുദ്ധ ജോണിനെ റാവെന്നായിലേക്ക് വിളിപ്പിക്കുകയും, ചക്രവര്‍ത്തിയുടെ പീഡനം നിറുത്തുക, അരിയാനിസത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തവരെ തിരിച്ച് അരിയാനിസത്തില്‍ വിശ്വസിക്കുവാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഒരു പ്രതിനിധി സംഘത്തെ നയിച്ചു കൊണ്ട് ചക്രവര്‍ത്തിയുടെ പക്കലേക്ക് പോകുവാന്‍ വിശുദ്ധനോടാവശ്യപ്പെട്ടു. ആദ്യം വിശുദ്ധന്‍ ഈ ആവശ്യം നിഷേധിച്ചു, എന്നാല്‍ അത് മൂലം പാശ്ചാത്യ കത്തോലിക്കരുടെ മേല്‍ രാജാവിന്റെ കോപം പതിയുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു സമ്മതിച്ചു. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവരെ തിരിച്ച് മതവിരുദ്ധവാദത്തിലേക്ക് പോകുവാന്‍ അനുവദിക്കണമെന്ന കാര്യം താന്‍ ചക്രവര്‍ത്തിയോട് ആവശ്യപ്പെടുകയില്ലെന്നദ്ദേഹം ധൈര്യപൂര്‍വ്വം രാജാവിനോട് പറഞ്ഞു.
526-ലെ ഉയിര്‍പ്പു തിരുനാളിന് തൊട്ടു മുന്‍പാണ് അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തുന്നത്. ഇറ്റലിയില്‍ നിന്നും പുറത്ത് പോകുന്ന ആദ്യത്തെ മാര്‍പാപ്പായായിരുന്നു വിശുദ്ധ ജോണ്‍ ഒന്നാമന്‍, അതിനാല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം അദ്ദേഹത്തിന് സ്വപ്നംകാണുന്നതിനും അപ്പുറമായിരുന്നു. മുഴുവന്‍ നഗര വാസികളും രാജ്യത്തിന്റെ പന്ത്രണ്ടാമത്തെ മൈല്‍കുകുറ്റിക്കരികില്‍ വെച്ച് വിശുദ്ധനുമായി സന്ധിച്ചു.
കൈകളില്‍ കത്തിച്ചുപിടിച്ച മെഴുകു തിരികളും, കുരിശുകളുമായി പുരോഹിതന്‍മാരുടെ നീണ്ട നിരയായിരുന്നു പ്രദിക്ഷിണത്തിന് നേതൃത്വം നല്‍കിയത്. സാക്ഷാല്‍ ചക്രവര്‍ത്തി പരിശുദ്ധ പാപ്പായുടെ മുന്‍പില്‍ സാഷ്ടാംഗ പ്രണാമം നടത്തി. ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജോണ്‍ സാന്‍ക്റ്റാ സോഫിയ ദേവാലയത്തില്‍ വെച്ച് പാത്രിയാര്‍ക്കീസിലും ഉന്നതമായ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായികൊണ്ട് ലാറ്റിന്‍ പാരമ്പര്യമനുസരിച്ചുള്ള വിശുദ്ധ കുര്‍ബ്ബാന അദ്ദേഹം അര്‍പ്പിച്ചു. ജെസ്റ്റിന്‍ ചക്രവര്‍ത്തിയുടെ തലയില്‍ പാരമ്പര്യമനുസരിച്ചു ഈസ്റ്റര്‍ കിരീടം അണിയിക്കുവാനുള്ള അവസരം നല്‍കികൊണ്ട് അവര്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചു .
ഇതിനിടെ തിയോഡോറിക്കിന്റെ പ്രതിനിധിയായി ചക്രവര്‍ത്തിയുമായി ചര്‍ച്ചകള്‍ നടത്തിയശേഷം വിശുദ്ധന്‍ റാവെന്നായിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. എന്നാല്‍ കിഴക്കന്‍ ഭാഗത്ത് പാപ്പാക്ക് ലഭിച്ച വന്‍ സ്വീകരണത്തില്‍ അസൂയാലുവായ തിയോഡോറിക്കിന്റെ കോപം ജ്വലിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും ചക്രവര്‍ത്തിയില്‍ നിന്നും നേടിയെടുക്കാതെ വിശുദ്ധന്‍ തന്റെ ദൗത്യം പരാജയപ്പെടുത്തി എന്ന് രാജാവ് കുറ്റാരോപണം നടത്തുകയും, റാവെന്ന വിട്ടു പോവരുതെന്ന് രാജാവ് വിശുദ്ധനോട് ഉത്തരവിടുകയും ചെയ്തു.
പ്രായാധിക്യമുള്ള പാപ്പാ രാജാവിന്റെ മുന്നില്‍ സമര്‍പ്പിച്ച യാചനകളൊന്നും ഫലം കണ്ടില്ല. അധികം താമസിയാതെ രോഗബാധിതനായ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം കോട്ട മതിലിനു പുറത്താണ് അടക്കം ചെയ്തത്. പിന്നീട് 526 മെയ് 27ന് വിശുദ്ധന്റെ ഭൗതികശരീരം വീണ്ടും പുറത്തെടുക്കുകയും റോമില്‍ കൊണ്ട് വന്ന് സെന്റ്. പീറ്റേഴ്സ് ദേവാലയത്തിന്റെ മദ്ധ്യത്തില്‍ സ്ഥാപിക്കുകയും ചെയ്തു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. എല്‍ഗിവാ
2. തെയോഡോട്ട്സ്, അലക്സാന്‍ട്രാ, തെക്കൂസാ, ക്ലാവുദിയാ ഫയിനാ, ഏവുഫ്രാസിയാ,മട്രോണാ ജൂലിറ്റാ
3. ഈജിപ്തിലെ ഡിയോസ്കൊറസ്
4. സ്വീഡനിലെ രാജാവായ എറിക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം
പതിനെട്ടാം തീയതി
💙💙💙💙💙💙💙💙💙💙💙💙
“അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും”
(എശയ്യ 7:14).
പ.കന്യകയുടെ കന്യാത്വം
💙💙💙💙💙💙💙💙💙💙💙💙
ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു മാറ്റം കുറിച്ചു. ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. ഒരര്‍ത്ഥത്തില്‍ പ.കന്യകയുടെ കന്യാത്വമാണ് ലോകപരിത്രാതാവിനെ ജനിപ്പിച്ചത്. അതിനാല്‍ കന്യാത്വം ആദ്ധ്യാത്മിക ജനനത്തിന്‍റെ ഉറവിടമായി. പ.കന്യകയുടെ കന്യാത്വത്തിന്‍റെ യാതൊരു കോട്ടവും തട്ടാതെയാണ് മിശിഹാ ജനിച്ചത്. അനുവദനീയമായ ലൈംഗിക സുഖഭോഗങ്ങള്‍ പോലും പരിത്യജിച്ച് ആത്മശരീരവിശുദ്ധി ആജീവനാന്തം പാലിക്കുക എന്നതാണ് കന്യാത്വം കൊണ്ട് വിവക്ഷിക്കുന്നത്.
പ.കന്യക മിശിഹായെ ഗര്‍ഭം ധരിക്കുന്നതിനു മുമ്പും പരിശുദ്ധാത്മാവിനാല്‍ ഈശോയെ ഗര്‍ഭം ധരിച്ചതിനു ശേഷവും അവിടുത്തെ കന്യാത്വത്തിനു യാതൊരു ഭംഗവും സംഭവിച്ചില്ല എന്നുള്ളത് അപ്പസ്തോലിക കാലം മുതലുള്ള വിശ്വാസമായിരുന്നു. കണ്ടാലും, കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. അവന്‍ എമ്മാനുവേല്‍ എന്നു വിളിക്കപ്പെടും (എശയ്യ. 7:14) എന്നുള്ള ഏശയ്യ പ്രവാചകന്റെ പ്രവചനം ക്രിസ്തുവിന്‍റെ കന്യകയില്‍ നിന്നുള്ള ജനനത്തെ എടുത്തുകാണിക്കുന്നു.
വി.ലൂക്കാ സുവിശേഷകന്‍ മംഗലവാര്‍ത്തയെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ദൈവദൂതന്‍ യൗസേപ്പ് എന്ന പുരുഷനോട് വിവാഹം ചെയ്യപ്പെട്ടിരുന്ന കന്യകയുടെ പക്കലേയ്ക്കു അയയ്ക്കപ്പെട്ടു. (ലൂക്കാ 1:26) മേരി ദൂതനോടു പറഞ്ഞ വാക്കുകളും അത് വ്യക്തമാക്കുന്നുണ്ട്. ഞാന്‍ പുരുഷനെ അറിയാത്തതിനാല്‍ ഇത് എങ്ങനെ സംഭവിക്കും. ദൈവദൂതന്‍ ഉടന്‍ തന്നെ മേരിയുടെ സംശയ നിവാരണം വരുത്തി: “പരിശുദ്ധാത്മാവ് വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. അതിനാല്‍ നിന്നില്‍ നിന്ന്‍ പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും. ഇതാ, നിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്ത് തന്നെയും അവരുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കപ്പെടുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ല” (ലൂക്കാ 1:34-37). ഇവിടെ സാധാരണ രീതിയില്‍ അസാധ്യമായ ഒന്നിന്‍റെ സാധ്യതയെപ്പറ്റി, അഥവാ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലുള്ള ഗര്‍ഭധാരണമാണ് ദൈവദൂതന്‍റെ വിവക്ഷ.
വി.മത്തായിയുടെ സുവിശേഷം ഇത് വ്യക്തമാക്കുന്നു. “യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു” (വി.മത്തായി 1:18).
ഇന്നു ലൈംഗികാതിപ്രസരവാദവും ലൈംഗികാരാജകത്വവും ശക്തിപ്രാപിച്ചു വരുന്ന ഈ അവസരത്തില്‍ പ.കന്യകയുടെ മാതൃക നമുക്ക് ആത്മശരീരവിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ പ്രചോദനമരുളണം. ഓരോ ജീവിതാന്തസ്സിലുള്ളവരും അവരവരുടെ ജീവിതാന്തസ്സിനനുസരണമായ വിശുദ്ധി പാലിക്കണം. പ.കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും. ശുദ്ധത പാലിക്കുന്നവരെ പ.കന്യകയും ഈശോയും വളരെയധികം സ്നേഹിക്കുന്നുവെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സംഭവം
💙💙💙
അയര്‍ലന്‍ഡിലെ വി.ബ്രിജിറ്റ് വളരെ സൗന്ദര്യവതിയായിരുന്നു. അവള്‍ പ.കന്യകയുടെ നേരെ അതിയായ ഭക്തിയുള്ളവളുമായിരുന്നു. ചെറുപ്പത്തിലെ തന്നെ അവള്‍ കന്യാവ്രതം വാഗ്ദാനം ചെയ്തു. പക്ഷേ മാതാപിതാക്കന്മാര്‍ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിച്ചു. ഒരു പ്രഭുകുമാരന്‍ അവളെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിച്ചു. ബ്രിജിറ്റ് കന്യാവ്രതം അര്‍പ്പിച്ചതുകൊണ്ട് വിവാഹത്തില്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്. മാത്രമല്ല അവള്‍ക്ക് ഒരു രോഗം പിടിപെട്ട് അവളുടെ സൗന്ദര്യത്തിനു കോട്ടം സംഭവിച്ചു. ശുദ്ധതയോടുള്ള സ്നേഹം നിമിത്തം അവള്‍ തന്നെ മുഖം വിരൂപമാക്കി. തന്നിമിത്തം വിവാഹാലോചനകളെല്ലാം മാതാപിതാക്കന്മാര്‍ ഉപേക്ഷിച്ചു.
കുറെനാള്‍ കഴിഞ്ഞ് അത്ഭുതമെന്നു പറയട്ടെ അവളുടെ പൂര്‍വ സൗന്ദര്യം അവള്‍ക്കു ലഭിച്ചു. അവള്‍ പിന്നീട് പ.കന്യകയോടു ഏറ്റവും ഐക്യം പ്രാപിച്ചു. അതിനാല്‍ അയര്‍ലന്‍ഡിലെ മേരി എന്ന അപരാഭിദാനത്തിന് അവള്‍ അര്‍ഹയായി തീര്‍ന്നു. എല്ലാ വിശുദ്ധരും അവളുടെ ശുദ്ധത സംരക്ഷിക്കുന്നതിനായി പ.കന്യകയോടു അന്യാദൃശമായ ഭക്തി പ്രകടിപ്പിച്ചിരുന്നു. അവള്‍ കന്യകകളുടെ രാജ്ഞിയാണ്. പ.കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്.
പ്രാര്‍ത്ഥന
💙💙💙💙
പ.കന്യകയെ, അങ്ങു അവിടുത്തെ കന്യാവ്രതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്ക് നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന്‍ അതിനെ വളരെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കി. ഞങ്ങള്‍ ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. ഇന്ന് അനേകര്‍ ഞങ്ങളുടെ ആത്മനൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ. കന്യാംബികയെ, അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം
സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ .
സുകൃതജപം
💙💙💙💙💙
കളങ്കരഹിതയായ കന്യകയെ, നിഷ്ക്കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
💙💙💙💙💙💙💙💙💙💙💙💙
🌻പ്രഭാത പ്രാർത്ഥന🌻
എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്..നിന്നോടുള്ള വിശ്വസ്ഥത അചഞ്ചലവും.. (ജറെമിയാ: 31/3)
സ്നേഹ നാഥാ..
ജീവന്റെ പ്രകാശമായ അങ്ങയെ അനുഗമിക്കാനും, ആ പ്രകാശത്തിൽ നിത്യം നിലനിൽക്കാനുമുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ മനസ്സോടെ ഞങ്ങൾ അങ്ങയെ സമീപിക്കുന്നു. പലപ്പോഴും സഹോദരബന്ധത്തേക്കാളേറെ സ്നേഹവും സ്ഥാനവും കൊടുത്ത് ജീവിതത്തിന്റെ ഒരു ഭാഗമായി കൂടെ കൂട്ടിയവരുടെ വിശ്വാസവഞ്ചനയാണ് ഞങ്ങളിൽ പലരുടെയും ജീവിതത്തെ പരാജയപ്പെടുത്തുന്നത്. അൽപ്പം അഹങ്കാരത്തോടെയും അതിലേറെ അഭിമാനത്തോടെയും ഞങ്ങൾ ഹൃദയത്തിൽ കൊണ്ടു നടന്ന സൗഹൃദങ്ങൾ, ഞങ്ങളുടെ സമയത്തെയും സന്തോഷത്തെയും ഒരുപോലെ പകുത്തെടുത്തവർ.. എന്തു വന്നാലും ഞങ്ങളുണ്ട് കൂടെ എന്ന പൊള്ളയായ വാക്കുകളിലൂടെ ഞങ്ങളുടെ വിശ്വാസത്തെ ആകാശത്തോളം ഉയർത്തിയവർ.. ചെറിയൊരു വിശ്വാസത്തകർച്ച കൊണ്ടു പോലും താളം തെറ്റിയ മനസുകളെ സമ്മാനിക്കാൻ ഞങ്ങളിൽ അത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട ഹൃദയബന്ധങ്ങൾ..
ഈശോയേ.. അനന്തമായ സ്നേഹത്തോടെയും അചഞ്ചലമായ വിശ്വാസത്തോടെയും ഞങ്ങളെ കാത്തിരിക്കുന്ന ദൈവത്തെ മറന്ന് നശ്വരമായ ഹൃദയബന്ധങ്ങൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാനും.. അവരിൽ ആശ്വാസം കണ്ടെത്താനും എന്നെ അനുവദിക്കരുതേ.. എന്തും ഞാനാദ്യം പറയാൻ കൊതിക്കുന്ന സൗഹൃദവും.. എന്നും ഞാനാദ്യം തേടാൻ കൊതിക്കുന്ന സ്നേഹവും നീ മാത്രമായിരിക്കാൻ എന്നെ പഠിപ്പിക്കണേ നാഥാ.. അപ്പോൾ എത്ര വലിയ ഉയർച്ചകളിലും താഴ്ച്ചകളിലും ഉലയാത്ത ഹൃദയവുമായി ഞാൻ എന്നും നിന്റെ ഹൃദയത്തോട് ചേർന്നിരിക്കുക തന്നെ ചെയ്യും..
മറിയമേ സ്വസ്തി.. നാഥേ സ്വസ്തി.. സമുദ്രതാരമേ സ്വസ്തി.. ആമേൻ.
നീതിക്കുവേണ്ടി കഷ്‌ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്‌ഥരാവുകയും വേണ്ടാ.
1 പത്രോസ് 3 : 14


Leave a comment