പുലർവെട്ടം 479

{പുലർവെട്ടം 479}

 
Into the Wild വല്ലാത്തൊരു പടമാണ്. സ്വയം വരിച്ച ഏകാന്തതയും അന്യതാബോധവുമായി ഒരു കൗമാരക്കാരൻ അലാസ്കൻ വന്യതയിലേയ്ക്ക് മാഞ്ഞുപോവുകയാണ്. അതിനുമുൻപ് ജീവിതത്തോട് തന്നെ യോജിപ്പിച്ചുനിർത്തുന്ന എല്ലാം അയാൾ കത്തിച്ചു കളഞ്ഞു. ഐഡിയും പണവുമുൾപ്പെടെ ക്രിസ് എന്ന പേരുപോലും ഉപേക്ഷിച്ച് അലക്സാണ്ടർ സൂപ്പർട്രാംപ് എന്ന് സ്വയം പേരിടുന്നു. പുസ്തകങ്ങൾ മാത്രമായിരുന്നു അയാൾക്ക് കൂട്ട്. നിലനില്പ് തീരെ അസാധ്യമാകുന്നൊരു കാലത്തിൽ അവൻ ബോറീസ് പാസ്റ്റർനാകിൻ്റെ ഡോക്ടർ ഷിവാഗോ വായിക്കുകയായിരുന്നു. ലാറയെന്ന കഥാപാത്രത്തിന്റെ ആത്മഗതം അവനെ സ്പർശിച്ചു. തൻ്റെ ജീവിതത്തെ അവൾ ഇങ്ങനെയാണ് പുനർവിചിന്തനം ചെയ്തത്. തനിക്ക് ചുറ്റുമുള്ള വനഭംഗികളുടെ പൊരുൾ തേടാനും ഓരോന്നിനെ അതിന്റെ ശരിയായ പേര് കണ്ടെത്തി വിളിക്കാനും തീരുമാനിച്ചു. ഒരു ശൈലിയായി മാറിയ വാക്കാണത് – to call each thing by its right name. ആന്തരികസത്ത ചോരാതെയും നേർപ്പിക്കാതെയും ഒരു കാര്യത്തെ കണ്ടെത്തുന്നതിന്റെ phrase ആണത്.
 
ലാറയുടെ ആത്മഗതത്തെ വാച്യാർത്ഥത്തിൽത്തന്നെ പരിഗണിക്കുന്ന അലക്സ്, ചെടികളെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ സഹായത്താൽ തന്റെ അന്നത്തിനുതകുന്ന ഭക്ഷ്യയോഗ്യമായ കായ്കനികൾ തിരഞ്ഞു കണ്ടെത്തുന്നു. തെറ്റിദ്ധാരണയാൽ അയാൾ ആഹരിക്കുന്നത് ഒരു വിഷച്ചെടിയാണ്. മരണത്തിൽ അവസാനിക്കുന്ന ആ ദുര്യോഗത്തിൽ അയാളുച്ചരിക്കുന്നത് നേരത്തെ സൂചിപ്പിച്ച അതേപദമായിരുന്നു: Call everything by it’s right name. തൻ്റെ തീരെച്ചെറിയ മരണക്കുറിപ്പിൽ താൻ സ്വീകരിച്ച പേരല്ല, മറിച്ച് കുടഞ്ഞുകളഞ്ഞ പഴയപേരാണ് കുറിച്ചിട്ടിരിക്കുന്നതെന്നും ഹൃദയഭാരത്തോടെ നാം വായിച്ചെടുക്കുന്നു.
 
എല്ലാത്തിന്റെയും പൊരുളും പ്രസക്തിയും സൂക്ഷ്മമായി കണ്ടെത്തേണ്ട വൈകിയ നേരമാണിതെന്ന് തോന്നുന്നു. ആദാമിനെപ്പോലെ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന ഒരാളോട് ആ പരാശക്തി ഇപ്പോഴും അത് ആവശ്യപ്പെടുന്നുണ്ട്. ഓരോന്നിനെയും പേരിട്ട് വിളിക്കുക.ചില സൂചനകൾക്ക് കാലാന്തരേ എന്തൊരു ഗുരുത്വമാണ് കിട്ടുന്നത്.
 
ഏതൊരു പഠനത്തിന്റെയും പ്രാഥമിക പാഠങ്ങൾ അതിന്റെ നിർവ്വചനവുമായി ബന്ധപ്പെട്ടതാണ്. make things definite എന്നത് തന്നെയാണ് Definitionൻ്റെ സാരം. അനുവർത്തിച്ചുകൊണ്ടിരിക്കുന്ന പലതിനും ഒരു വീണ്ടുവിചാരം ആവശ്യമുണ്ട്. ഇത്രയും അലങ്കാരങ്ങളോ, മേദസ്സോ ഒന്നും അർഹിക്കുന്നില്ല. ക്രിസ്തുവിൻ്റെ ഭാഷയിൽ വസ്ത്രത്തേക്കാൾ പ്രധാനമാണ് ശരീരമെന്നും അപ്പത്തേക്കാൾ പ്രധാനമാണ് ജീവനെന്നുമുള്ള കണ്ടെത്തലാണത്.
 
ഒരാൾ എന്തിനാണ് പ്രാർത്ഥിക്കുന്നത്? അവൻ്റെ പിറവിയിൽ മാലാഖമാർ പാടിയ കീർത്തനത്തിൽ കൃത്യമായി അത് നിർവ്വചിക്കപ്പെട്ടിട്ടുണ്ട് : അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ മനുഷ്യർക്ക് ശാന്തി. അപാരതയെ ധ്യാനിക്കാനും നരകുലത്തിൻ്റെ ശാന്തിക്ക് വേണ്ടി യത്നിക്കാനുമുളള ആഭിമുഖ്യത്തിലാണ് പ്രാർത്ഥന അതിന്റെ പൊരുൾ അറിയേണ്ടത്. അതിൽ ചെറുതൊന്നും ആ പേര് അർഹിക്കുന്നില്ല. കുരിശുപോലെ ലംബവും തിരശ്ചീനവുമായ എൻ്റെ പ്രാണൻ അങ്ങയിലേയ്ക്ക് ഏകാഗ്രമാവുകയും അപരനിലേയ്ക്ക് അണയുകയും ചെയ്യുന്ന ഒരു ക്വാളിറ്റി ടൈമാണത്.
 
നോക്കൂ, യാത്രകൾ പാടില്ലെന്നല്ല ഇപ്പോഴും സർക്കാർ പരസ്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്, അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് മാത്രമാണ്. എത്ര പെട്ടന്നാണ് തെരുവ് വിജനമായത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 479”

Leave a reply to Nelson Cancel reply