🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ, 9/6/2021
Wednesday of week 10 in Ordinary Time
or Saint Ephraem, Deacon, Doctor
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,
അങ്ങേ പ്രചോദനത്താല്‍,
ശരിയായവമാത്രം ചിന്തിക്കാനും
അങ്ങേ മാര്‍ഗനിര്‍ദേശത്താല്‍
അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 കോറി 3:4-11
അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു.
സഹോദരരേ, ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം. സ്വന്തമായി എന്തെങ്കിലും മേന്മ അവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തില്‍ നിന്നാണ്. അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു.
കല്‍പലകയില്‍ എഴുതപ്പെട്ട മരണത്തിന്റെ നിയമം തേജസ്സിലാണു നല്‍കപ്പെട്ടത്. ആ തേജസ്സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു. അങ്ങനെയെങ്കില്‍ ആത്മാവിന്റെ ശുശ്രൂഷ എത്രയേറെ തേജസ്സുറ്റതായിരിക്കും! എന്തുകൊണ്ടെന്നാല്‍, ശിക്ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ നീതിയുടെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം. ഒരിക്കല്‍ പ്രശോഭിച്ചിരുന്നത് അതിനെ അതിശയിക്കുന്ന മറ്റൊരു ശോഭമൂലം നിഷ്പ്രഭമായിത്തീര്‍ന്നു. മങ്ങിമറഞ്ഞുപോയതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനില്‍ക്കുന്നതു തീര്‍ച്ചയായും അതിനെക്കാള്‍ തേജസ്സുള്ളതായിരിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 99:5,6,7,8,9
നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
നമ്മുടെ ദൈവമായ കര്‍ത്താവിനെ പുകഴ്ത്തുവിന്‍;
അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;
അവിടുന്നു പരിശുദ്ധനാണ്.
നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
മോശയും അഹറോനും
അവിടുത്തെ പുരോഹിതന്മാരില്‍പെട്ടവരാണ്;
അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചവരില്‍
സാമുവേലും ഉള്‍പ്പെടുന്നു;
അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു;
അവിടുന്ന് അവര്‍ക്ക് ഉത്തരമരുളി.
നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
മേഘസ്തംഭത്തില്‍ നിന്ന് അവിടുന്ന് അവരോടു സംസാരിച്ചു;
അവര്‍ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു.
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് അവര്‍ക്ക് ഉത്തരമരുളി;
അങ്ങ് അവര്‍ക്ക് ക്ഷമിക്കുന്ന ദൈവമായിരുന്നു;
തെറ്റുകള്‍ക്കു ശിക്ഷ നല്‍കുന്നവനും.
നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍!
അവിടുത്തെ വിശുദ്ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍;
നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്ധനാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 5:17-19
അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷ
കരുണയോടെ കടാക്ഷിക്കണമേ.
ഞങ്ങളര്‍പ്പിക്കുന്നത് അങ്ങേക്കു സ്വീകാര്യമായ അര്‍പ്പണവും
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനവും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 18:2
കര്‍ത്താവാണ് എന്റെ രക്ഷാശിലയും കോട്ടയും
വിമോചകനും എന്റെ ദൈവവും എന്റെ സഹായകനും.
Or:
1 യോഹ 4:16
ദൈവം സ്‌നേഹമാണ്,
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും
ദൈവം അവനിലും വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സൗഖ്യദായകമായ പ്രവര്‍ത്തനം
ഞങ്ങളെ ഞങ്ങളുടെ പാപങ്ങളില്‍നിന്ന്
കാരുണ്യപൂര്‍വം മോചിപ്പിക്കുകയും
നേരായവയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment