🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം, 10/6/2021
Thursday of week 10 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ,
അങ്ങേ പ്രചോദനത്താല്‍,
ശരിയായവമാത്രം ചിന്തിക്കാനും
അങ്ങേ മാര്‍ഗനിര്‍ദേശത്താല്‍
അവ പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരായ ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 കോറി 3:15-4:1,3-6
ദൈവം തന്റെ ദിവ്യതേജസ്സിന്റെ അറിവിന്റെ പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചു.
സഹോദരരേ, ഇന്നും മോശയുടെ ഗ്രന്ഥം വായിക്കുമ്പോഴെല്ലാം ഇസ്രായേല്‍ക്കാരുടെ മനസ്സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്. എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു. കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍ നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്.ദൈവകൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ ഭഗ്നാശരല്ല.
ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കു മാത്രമാണ്. ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്തുവിനെ കര്‍ത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായും ആണ്. അന്ധകാരത്തില്‍ നിന്നു പ്രകാശം ഉദിക്കട്ടെ എന്ന് അരുളിച്ചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജസ്സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 85:8ab,9,10-11,12-13
കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.
കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കുതന്നെ.
കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.
കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;
നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.
കര്‍ത്താവു നന്മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.
കര്‍ത്താവായ ദൈവം തന്റെ ജനത്തിനു സമാധാനം അരുളും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 5:20-26
സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷ
കരുണയോടെ കടാക്ഷിക്കണമേ.
ഞങ്ങളര്‍പ്പിക്കുന്നത് അങ്ങേക്കു സ്വീകാര്യമായ അര്‍പ്പണവും
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനവും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 18:2
കര്‍ത്താവാണ് എന്റെ രക്ഷാശിലയും കോട്ടയും
വിമോചകനും എന്റെ ദൈവവും എന്റെ സഹായകനും.
Or:
1 യോഹ 4:16
ദൈവം സ്‌നേഹമാണ്,
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും
ദൈവം അവനിലും വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സൗഖ്യദായകമായ പ്രവര്‍ത്തനം
ഞങ്ങളെ ഞങ്ങളുടെ പാപങ്ങളില്‍നിന്ന്
കാരുണ്യപൂര്‍വം മോചിപ്പിക്കുകയും
നേരായവയിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment