ദിവ്യബലി വായനകൾ – Wednesday of week 11 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 16/6/2021


Wednesday of week 11 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 കോറി 9:6-11
സന്തോഷപൂര്‍വം നല്‍കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്.

സഹോദരരേ, അല്‍പം വിതയ്ക്കുന്നവന്‍ അല്‍പം മാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളം കൊയ്യും. ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചു വേണം പ്രവര്‍ത്തിക്കാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്‌വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വം നല്‍കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്.
നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനുംവേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം. എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരിവിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്തു. അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു. വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവും കൊടുക്കുന്നവന്‍ നിങ്ങള്‍ക്കു വിതയ്ക്കാനുള്ള വിത്തു തരുകയും അതിനെ വര്‍ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും. നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 112:1bc-2,3-4,9

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
അല്ലെങ്കില്‍
അല്ലേലൂയാ!

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍
ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും;
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
അല്ലെങ്കില്‍
അല്ലേലൂയാ!

അവന്റെ ഭവനം സമ്പത്സമൃദ്ധമാകും;
അവന്റെ നീതി എന്നേക്കും നിലനില്‍ക്കും.
പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും;
അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
അല്ലെങ്കില്‍
അല്ലേലൂയാ!

അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു;
അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു;
അവന്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കും.

കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
അല്ലെങ്കില്‍
അല്ലേലൂയാ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മത്താ 6:1-6,16-18
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍ നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.


Or:
യോഹ 17:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment