പുലർവെട്ടം 502

{പുലർവെട്ടം 502}

 
തന്നെ വിശ്വസിക്കുന്നതിന് മുൻപ് നാണയമാറ്റക്കാർ നാണയം പരിശോധിക്കുന്നത് പോലെ സൂക്ഷ്മതയോടെ ഉരച്ച് നോക്കണമെന്ന് രാമകൃഷ്ണ പരമഹംസർ തന്റെ ശിഷ്യരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനത്തോടുള്ള തന്റെ വിപ്രതിപത്തി അദ്ദേഹത്തിന്റെ ഭാഷണങ്ങളിലെ തുടർച്ചയായ ഒരു വിചാരമായിരുന്നു. അതിൻ്റെ സത്യസന്ധത പരിശോധിക്കുവാൻ നരേന്ദ്രൻ തീരുമാനിച്ചു. ഗുരുവിൻ്റെ അഭാവത്തിൽ കിടക്കയുടെ താഴെ ഒരു നാണയം വച്ചു. പിന്നീട് അതിന് മീതേ ഇരുന്ന ഗുരു ഏതോ ക്ഷുദ്രജീവിയുടെ ദംശനമേറ്റെന്ന മട്ടിൽ ഉറക്കെ നിലവിളിച്ചു. വൈകാതെ ഒളിപ്പിച്ചു വച്ച ആ നാണയത്തെ അവർ കണ്ടെടുത്തു. അങ്ങനെ നാണയത്തെക്കുറിച്ചുള്ള ഗുരുവിന്റെ പാഠത്തെ നരേന്ദ്രൻ അതിലൂടെ അടിവരയിട്ട് പഠിച്ചു. പൂർണ്ണമായി ഗുരുചരണങ്ങളിൽ അർപ്പിക്കുകയും ചെയ്തു.
 
ഗുരുക്കന്മാർ എന്തുകൊണ്ടാണ് ധനത്തെ ഇത്രയും കഠിനമായി നേരിടുന്നത്. അതിൽ ഒരപകടത്തിൻ്റെ ഒരു വിത്ത് അത്ര ആഴത്തിലല്ലാതെ മൂടിയിട്ടിട്ടുണ്ടെന്ന് അവർ ഭയന്നു. Behind every great fortune there is a crime വലി എന്ന പ്രസ്താവന എത്ര സത്യസന്ധമായ നിരീക്ഷണമാണ്. മൂന്ന് പ്രതലങ്ങളിലായി കണ്ടെത്തേണ്ട വീണ്ടുവിചാരമാണിത്.
 
a) അത് രൂപപ്പെടുന്ന രീതി. കണക്കില്ലാത്ത ധനത്തിന് പിന്നിൽ അധാർമ്മികമായ ഒരു ജീവിതമുണ്ട്. ഏതെങ്കിലും തരത്തിൽ ഒരു ചൂഷണത്തിന്റെ കഥയുണ്ട് അതിന് പിന്നിൽ. പ്രകൃതി / മനുഷ്യൻ ഇതിലേതെന്ന് ഒന്നുറപ്പാക്കിയാൽ മാത്രം മതി.
 
b) അത് ചിലവഴിക്കുന്ന രീതി. ആഡംബരം ഒരു പാപമാണെന്ന് ആരുമിപ്പോൾ പറഞ്ഞുകൊടുക്കാറില്ലത്രേ. എന്താണ് ആഡംബരമെന്ന് ഏറ്റവും ഭംഗിയായി പറഞ്ഞു തന്നത് ഗാന്ധിയാണ്. പാർക്കുന്ന പരിസരത്തിന് നിരക്കാത്തത് എന്താണോ അത്. മലയാളിയുടെ പരിസരത്തിൽ കൊടിയ ദാരിദ്ര്യമുണ്ട്. ലോകത്ത് എവിടെയായിരിക്കുമ്പോഴും ഓർക്കണം പാർക്കുന്ന വൻനഗരങ്ങളല്ല നിങ്ങളുടെ പരിസരം. മറിച്ച് സൗജന്യമായി ലഭിക്കുന്ന ഒരു ഭക്ഷണക്കിറ്റിൽ ജീവിതം നിലനിർത്തുന്ന വലിയൊരു ശതമാനം മനുഷ്യരുള്ള ആ ചെറിയ ദേശമാണ് നിങ്ങളുടെ പരിസരം. ഇത് പറയുവാൻ ഏറ്റവും അർഹതയുള്ളയാൾ ഗാന്ധി തന്നെയാണ്. അവസാനത്തെ ഭാരതീയനും മേൽക്കുപ്പായം തുന്നുന്ന നാളിൽ മാത്രം താനുമത് ധരിക്കാമെന്ന് ഒരു കുഞ്ഞിനോട് പറഞ്ഞു ബോധ്യപ്പെടുത്തുന്ന ബാപ്പു. ആ ചെറിയ തോർത്തുടുത്ത് ചെന്നതിൻ്റെ പേരിൽ പേപ്പൽ കൂടിക്കാഴ്ചയ്ക്ക് സഭ്യമായ വസ്ത്രധാരണമല്ല എന്ന് പറഞ്ഞ് അനുവാദം നിഷേധിക്കപ്പെട്ട അയാൾ. ഭിത്തിയിലെ ക്രൂശിതരൂപത്തിലെ യേശുവിന്റെ തോർത്ത് അയാളുടേതിനേക്കാൾ ചെറുതാണെന്ന കാര്യം പോലും തിരക്കിനിടയിൽ മറന്നുപോയി.
 
c) അത് ശേഖരിച്ച് വയ്ക്കുന്ന രീതി. രേഖപ്പെടുത്തിയ ധനം രൂപപ്പെട്ട രീതിയിൽ ഒരപാകതയുമില്ലെന്ന് നിങ്ങൾ ആണയിടുമ്പോൾ, പരമാവധി ലളിതമായാണ് ജീവിക്കുന്നതെന്ന് ഉറപ്പ് വരുത്തുമ്പോൾ, അത് ശേഖരിച്ച് വയ്ക്കുന്ന രീതിയിലാണ് ഒടുവിൽ നമുക്ക് ചുവട് തെറ്റാൻ പോകുന്നത്. അതുകൊണ്ടാണ് രണ്ടുള്ളവൻ ഒന്ന് കൊടുക്കട്ടെ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പുതിയ നിയമം ആരംഭിക്കുന്നത്. ഓർമ്മിക്കണം യേശു പോലുമില്ല അത് പറഞ്ഞത്. അയാൾക്ക് മുന്നോടിയായി വന്ന സ്നാപകയോഹന്നാനാണത്. അയാളത് പറഞ്ഞ് അരങ്ങിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ഗ്രീൻ റൂമിൽ താടിയും മുടിയുമൊക്കെ വച്ച് ഒരാൾ ഒരുങ്ങുന്നുണ്ട്. ഇനി അയാൾക്ക് പ്രവേശിക്കാനുള്ള നേരമാണ്. വളരെ മൃദുലമായി അയാൾ പറഞ്ഞു തുടങ്ങും : നീ പരിപൂർണ്ണനാവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക.
ക്രാഷ് ലാൻഡിങ് ആണ്. സീറ്റ് ബെൽറ്റ് മുറുക്കി അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ശ്വാസമടക്കിയിരിക്കുക !
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 502”

Leave a reply to Nelson Cancel reply