അനുദിന വിശുദ്ധർ | ജൂൺ 21 | Daily Saints | June 21

⚜️⚜️⚜️⚜️ June 21 ⚜️⚜️⚜️⚜️
വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും, അതില്‍ മനംമടുത്ത വിശുദ്ധന്‍ താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഒരു കുലീന കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ വിനോദങ്ങള്‍ക്കായി അവന് ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. കുതിരസവാരിയും, കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ നടത്തിയിരുന്ന വലിയ വിരുന്നുകളും അലോയ്സിയൂസിന് വളരെയധികം ഇഷ്ടമായിരുന്നു. എന്നാല്‍ സദാചാരത്തിന് വിരുദ്ധമായ ആഘോഷ രീതികളാണെന്ന് കണ്ടാല്‍ വിശുദ്ധന്‍ ഉടന്‍ തന്നെ അവിടം വിടുമായിരുന്നു.

നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കുക എന്നത് മാത്രമായിരുന്നില്ല അലോയ്സിയൂസിന്റെ ആഗ്രഹം; ഒരു വിശുദ്ധനായി തീരുവാന്‍ കൂടി അവന്‍ ആഗ്രഹിച്ചിരുന്നു; ഇക്കാര്യത്തില്‍ വിശുദ്ധന്‍ കാര്‍ക്കശ്യമുള്ളവനും, യാതൊരു വിട്ടുവീഴ്ചയില്ലാത്തവനുമായിരുന്നു. നവോത്ഥാനകാലത്തെ ഇറ്റലിയിലെ പ്രസിദ്ധ കുടുംബങ്ങളില്‍ ഒന്നായ ഗോണ്‍സാഗസ് യുദ്ധവീരന്‍മാരുടെ കുടുംബമായിരുന്നു. ആ വംശത്തിലെ മുഴുവന്‍ പേരും മറ്റുള്ളവരെ കീഴടക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, തന്നെത്തന്നെ കീഴടക്കുവാനാണ് വിശുദ്ധ അലോയ്സിയൂസ് ആഗ്രഹിച്ചത്.

ഒരു പുരോഹിതനാവുക എന്നതായിരുന്നു അലോയ്സിയൂസിന്റെ ആഗ്രഹം. വിശുദ്ധന് 12നും 13നും ഇടയ്ക്ക് വയസ്സുള്ളപ്പോള്‍ തന്റെ ആത്മീയ ജീവിതത്തിനു തയ്യാറെടുക്കാന്‍ വേണ്ട ഒരു പദ്ധതി വിശുദ്ധന്‍ കണ്ടുപിടിച്ചു. രാത്രികളില്‍ വിശുദ്ധന്‍ തന്റെ കിടക്കയില്‍ നിന്നുമിറങ്ങി കല്ല്‌ വിരിച്ച തണുത്ത തറയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. പലപ്പോഴും വിശുദ്ധന്‍ തന്റെ ശരീരത്തില്‍ നായയുടെ തോല്‍വാര്‍ കൊണ്ട് സ്വയം പീഡനമേല്‍പ്പിക്കുമായിരുന്നു. സ്വന്തം ഇച്ചാശക്തിയിലായിരുന്നു അലോയ്സിയൂസ് ഒരു വിശുദ്ധനാകുവാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരു സന്യാസാര്‍ത്ഥിയായി ജെസ്യൂട്ട് സഭയില്‍ പ്രവേശിച്ചപ്പോഴാണ് വിശുദ്ധന് ഒരു ആത്മീയ നിയന്താവിനെ ലഭിച്ചത്. വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ആയിരുന്നു വിശുദ്ധന്റെ ആത്മീയ മാര്‍ഗ്ഗദര്‍ശി.

ദിവ്യത്വത്തിനു വേണ്ടി അലോയ്സിയൂസ് പിന്തുടര്‍ന്ന് വന്ന മാര്‍ഗ്ഗങ്ങളെ ബെല്ലാര്‍മിന്‍ തിരുത്തി, സ്വയം നിയന്ത്രണത്തിന്റേയും, എളിമയുടേതുമായ ചെറിയ പ്രവര്‍ത്തികള്‍, മണിക്കൂറുകള്‍ നീണ്ട പ്രാര്‍ത്ഥന തുടങ്ങിയ ജെസ്യൂട്ട് നിയമങ്ങളായിരുന്നു അതിനു പകരമായി ബെല്ലാര്‍മിന്‍ അലോയ്സിയൂസിന് നിര്‍ദ്ദേശിച്ചത്. വിശുദ്ധന്റെ അത്യാവേശം ബെല്ലാര്‍മിനെ പ്രകോപിപ്പിച്ചുവെങ്കിലും അലോയ്സിയൂസിന്റെ ഭക്തി വ്യാജമല്ലെന്നും, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയാല്‍ അവന്‍ ഒരു വിശുദ്ധനായിതീരുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ മര്‍ക്കടമുഷ്ടി ഒരു പ്രശ്നമാണെന്ന കാര്യം അലോയ്സിയൂസ് മനസ്സിലാക്കി. ഒരിക്കല്‍ തന്റെ സഹോദരന് അവന്‍ ഇപ്രകാരം എഴുതുകയുണ്ടായി “ഞാന്‍ അല്‍പ്പം വളഞ്ഞ ഒരു ഇരുമ്പ്‌ കഷണമാണ്, ഈ വളവ് നേരെയാക്കുവാനാണ് ഞാന്‍ ആത്മീയ ജീവിതത്തിലേക്ക്‌ പ്രവേശിച്ചത്.”

1591 ജനുവരിയില്‍ റോമില്‍ ശക്തമായ പ്ലേഗ് ബാധയുണ്ടായി. നഗരത്തിലെ ആശുപത്രികള്‍ മുഴുവന്‍ പ്ലേഗ് ബാധിതരെ കൊണ്ട് നിറഞ്ഞു. ജെസ്യൂട്ട് സഭക്കാര്‍ തങ്ങളുടെ മുഴുവന്‍ പുരോഹിതരേയും, പുരോഹിതാര്‍ത്ഥികളേയും ആശുപത്രികളില്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി നിയോഗിച്ചു. അലോയ്സിയൂസിനെ സംബന്ധിച്ചിടത്തോളം ഇതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാല്‍ രോഗികളെ പരിചരിച്ചു തുടങ്ങിയപ്പോള്‍ വിശുദ്ധന്റെ ഭയവും, അറപ്പും സഹതാപമായി മാറി. അവന്‍ യാതൊരു മടിയും കൂടാതെ റോമിലെ തെരുവുകളിലേക്കിറങ്ങി, തന്റെ സ്വന്തം ചുമലില്‍ രോഗികളേയും, മരിച്ചുകൊണ്ടിരിക്കുന്നവരേയും ആശുപത്രികളില്‍ എത്തിച്ചു.

അവന്‍ അവരെ വൃത്തിയാക്കുകയും, അവര്‍ക്കായി കിടക്കകള്‍ കണ്ടെത്തുകയും, അവര്‍ക്ക്‌ ഭക്ഷണം നല്‍കുകയും ചെയ്തു. രോഗികളുമായുള്ള ഈ അടുത്ത ഇടപഴകല്‍ അപകടകരമായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ അവന് പ്ലേഗ് രോഗം ബാധിക്കുകയും, തന്റെ 23-മത്തെ വയസ്സില്‍ വിശുദ്ധന്‍ മരണപ്പെടുകയും ചെയ്തു. രോഗികളിലും, നിസ്സഹായരിലും, മരണശയ്യയില്‍ കിടക്കുന്നവരിലും വിശുദ്ധ അലോയ്സിയൂസ് ക്രൂശിതനായ യേശുവിനെ ദര്‍ശിച്ചു സ്വര്‍ഗീയ സമ്മാനത്തിന് അര്‍ഹനായി. കൗമാരക്കാരുടെ മാദ്ധ്യസ്ഥനെന്ന നിലയില്‍ വിശുദ്ധന്‍ ബഹുമാനിക്കപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. നോര്‍മന്‍റിയിലെ അഗോഫ്രെദൂസ്

2. ജര്‍മ്മനിയില്‍ സുവിശേഷം പ്രസംഗിച്ച ഗ്രീക്കു വൈദികന്‍ ആള്‍ബന്‍

3. ഡറോയിലെ കോര്‍ബ്മാക്ക്

4. ആഫ്രിക്കയിലെ സിറിയക്കൂസും അപ്പോളിനാരിസും

5. ഡെമെട്രിയാ

6. ഫ്രീസുലന്‍റിലെ എങ്കേല്‍മുണ്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 21
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയവും സഹോദരസ്നേഹവും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഈശോയുടെ പീഡാനുഭവവും അവിടുത്തെ ഹൃദയവേദനയും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ലോകനാഥനായ മിശിഹായുടെ തിരുശരീരത്തില്‍ അനുഭവിച്ച പാടുപീഡകളെല്ലാം അവിടുത്തെ ജീവിതകാലം കൊണ്ട് അവസാനിച്ചു. ഈ പീഡകളെല്ലാം ജെറുസലേം നീവാസികളില്‍ നിന്നത്രേ അനുഭവിച്ചത്. എന്നാല്‍ ആരാധ്യമായ ഈശോയുടെ ദിവ്യഹൃദയം അവിടുത്തെ ഉത്ഭവം മുതല്‍ ലോകാവസാനം വരെയും വേദന അനുഭവിച്ചു കൊണ്ടാണിരിക്കുന്നത്. ഈ ഹൃദയ വേദനകള്‍ക്കു കാരണക്കാര്‍ അവിടുത്തെ സ്വന്തക്കാരായ വൈദികര്‍, സന്യാസിനീ സന്യാസികള്‍, അല്‍മായര്‍, ഭരണാധികാരികള്‍, മുതലാളികള്‍, തൊഴിലാളികള്‍, എന്നിവരെല്ലാമാണ്. ദേവാലയങ്ങള്‍, കുടുംബങ്ങള്‍, തീയേറ്ററുകള്‍, ഹോട്ടലുകള്‍, നൃത്തകേന്ദ്രങ്ങള്‍, നഗരങ്ങള്‍ എന്നിവിടങ്ങളില്‍ വച്ചെല്ലാം കഠിനഹൃദയരായ പാപികള്‍ മാരകമായ പാപങ്ങള്‍ ചെയ്യുമ്പോഴെല്ലാം ഈശോയുടെ ദിവ്യഹൃദയമാണ്‌ വേദനിക്കുന്നത്.

പരി. കന്യകയും വി.യൗസേപ്പിനും വാസസ്ഥലം കിട്ടാതിരുന്ന സമയത്തും ഹേറോദേശ് സ്നേഹനിധിയായ സമാധാന പ്രഭുവിനെ ക്രൂരമായി വധിക്കുവാന്‍ ഒരുങ്ങിയപ്പോഴും ഈജിപ്തിലേക്ക് ഒളിച്ചോടിയ അവസരത്തിലും യഹൂദജനം പരിഹാസ ശരങ്ങള്‍ ഏല്‍പ്പിച്ചപ്പോഴും അവര്‍ കല്ലെറിഞ്ഞു കൊല്ലുവാന്‍ ഒരുങ്ങിയ അവസരത്തിലും ഈശോയുടെ ഹൃദയം വേദനിക്കയുണ്ടായി .

ഗത്സേമന്‍ തോട്ടത്തില്‍ വച്ചു രക്തം വിയര്‍ത്തപ്പോഴും സ്വശിഷ്യരില്‍ ഒരുവനായ യൂദാസ് ഒറ്റിക്കൊടുത്തപ്പോഴും ഈശോ ഹൃദയ പീഡകള്‍ അനുഭവിക്കയുണ്ടായി. വി. കുര്‍ബാനയുടെ സ്ഥാപനം മുതല്‍ ലോകാവസാനം വരെ ദൈവദോഷത്തോടെ കുര്‍ബാന സ്വീകരിക്കുക, ഈ വിശുദ്ധ രഹസ്യത്തെ നിഷേധിക്കുക, അവഹേളിക്കുക എന്നിങ്ങനെയുള്ള മഹാപാപങ്ങളെല്ലാം സഹിച്ച് അത്ഭുതകരമായ ഭയത്തോടെ മനുഷ്യരെ സ്നേഹിക്കുവാന്‍ ഈശോയുടെ ഹൃദയത്തിന് കഴിയുന്നു. മനുഷ്യരുടെ ചിന്തയ്ക്കും ഭാവനയ്ക്കും എത്തിച്ചേരുവാന്‍ സാധ്യമല്ലാത്തവിധം അത്രയ്ക്കഗാധവും സ്നേഹസാന്ദ്രവുമാണ് ഈശോയുടെ ദിവ്യഹൃദയം.

ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്ന പുണ്യവാന്‍മാര്‍ സ്നേഹാഗ്നിയാല്‍ എരിയുക മാത്രമല്ല ബോധരഹിതരാവുക കൂടി ചെയ്തിരുന്നുവെന്ന് അവരുടെ ചരിത്രങ്ങളില്‍ നിന്നു വ്യക്തമാവുന്നു. വിശുദ്ധരുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ ‍ആഗ്രഹിക്കുന്ന നാം ഈശോയുടെ ക്ലേശപൂരിതമായ പീഡകളെപ്പറ്റി ധ്യാനിക്കുന്നതില്‍ ഉത്സുകരാകാം. ദിവസത്തില്‍ ഏതാനും മിനിട്ടുകള്‍ ഇതിനുവേണ്ടി ചെലവഴിക്കുകയും ഈ ദിവ്യഹൃദയം അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്യാം.

ജപം
❤️❤️

എന്‍റെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിക്കുന്ന ഈശോയുടെ ദിവ്യഹൃദയമേ! അങ്ങയെ എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്നേഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും പുണ്യാത്മാക്കളും അങ്ങേയ്ക്കു ചെയ്യുന്ന ആരാധനകളും സ്തുതിസ്തോത്രങ്ങളും സ്നേഹപ്രകരണങ്ങളും, ഭൂമിയില്‍ നീതിമാന്‍മാര്‍ അങ്ങേ ദിവ്യഹൃദയത്തിനു നല്‍കുന്ന ആരാധനകളും, സല്‍കൃത്യങ്ങളും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കും, അങ്ങു സഹിക്കുന്ന നിന്ദാപമാനങ്ങള്‍ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ അളവറ്റ കരുണയാല്‍ ഇവ സ്വീകരിച്ച് ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

നിത്യദൈവമേ! എന്‍റെയും ലോകമൊക്കെയുടെയും പാപങ്ങള്‍ക്കു പരിഹാരമായി അങ്ങേ ദിവ്യപുത്രന്‍റെ തിരുരക്തത്തെ അങ്ങയ്ക്ക് ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു.

സല്‍ക്രിയ
❤️❤️❤️❤️❤️

ഈശോയുടെ ദിവ്യഹൃദയ ഭക്തി പ്രചരിപ്പിക്കുന്നതിനു 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ദൈവം എന്നെ പരിപാലിച്ചിരുന്ന പഴയ കാലങ്ങളിലെപ്പോലെ ഞാൻ ആയിരുന്നെങ്കിൽ..(ജോബ് :29/1)
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..

ഞങ്ങൾക്ക് പുതിയൊരു പ്രഭാതം കൂടി നൽകിയ അങ്ങയുടെ അവർണനീയമായ സ്നേഹത്തിനു സ്തുതി.. ശിശുക്കളെ പോലെ സങ്കടങ്ങളിൽ കണ്ണു നിറയ്ക്കുന്നതും സന്തോഷങ്ങളിൽ പുഞ്ചിരി വിടർത്തുന്നതുമായ ഒരു നിഷ്കളങ്ക ഹൃദയത്തെ ആഗ്രഹിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങൾ അണഞ്ഞിരിക്കുന്നു. ബാല്യത്തിന്റെ കളങ്കമില്ലാത്ത ഭാവങ്ങളിൽ പലപ്പോഴും എന്റേതെന്നതു പോലെ തന്നെ എനിക്കു പ്രിയപ്പെട്ടവരുടെ സങ്കടങ്ങളും എന്നെ കണ്ണീരണിയിച്ചിരുന്നു.. മറ്റുള്ളവരുടെ സന്തോഷങ്ങളോടൊപ്പം ചേർന്ന് ഞാനും ആഹ്ലാദിച്ചിരുന്നു.. എന്നാൽ പ്രായവും പക്വതയുമെത്തിയപ്പോൾ..പലപ്പോഴും നേടിയതിനേക്കാൾ വലുതിനു വേണ്ടി ഞാനാഗ്രഹിച്ചു തുടങ്ങിയപ്പോൾ.. ചുറ്റുമുള്ള സന്തോഷങ്ങളൊന്നും എന്നെ സ്പർശിക്കാതെയായി.. സങ്കടങ്ങളെ പുറത്തേക്കൊഴുകാൻ അനുവദിക്കാതെ മനസ്സിന്റെയുള്ളിൽ തന്നെ തടഞ്ഞു നിർത്താൻ ഞാൻ ശീലിച്ചു തുടങ്ങി.. അങ്ങനെ സ്വയം എന്റെ തന്നെ മുൻപിലും.. മറ്റുള്ളവരുടെ മുൻപിലും മുഖംമുടിയണിഞ്ഞു ജീവിക്കാൻ ഞാനും പഠിച്ചു.

സ്നേഹപിതാവേ.. ശിശുക്കളെപ്പോലെ എളിമപ്പെടുന്നവർക്ക് സ്വന്തമാകുന്ന ദൈവരാജ്യം അവകാശപ്പെടുത്തുന്നതിന് നിഷ്കളങ്കമായ ഒരു ഹൃദയഭാവം എനിക്കും നൽകിയരുളേണമേ.. അപ്പോൾ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ എന്റെ ജീവിതത്തിലും എന്നും നിറവേറുക തന്നെ ചെയ്യും..
ഈശോയുടെ തിരുഹൃദയമേ.. എന്റെ മേൽ കൃപ ചെയ്യണമേ.. ആമേൻ.

Advertisements

നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.
ഗലാത്തിയാ 6 : 7

സ്വര്‍ഗസ്‌ഥനായ ദൈവത്തിനു നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം അനന്തമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 136 : 26

Leave a comment