🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ശനി, 14/8/2021
Saint Maximilian Kolbe, Priest, Martyr
on Saturday of week 19 in Ordinary Time
Liturgical Colour: Red.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അമലോദ്ഭവകന്യകയോടുള്ള
സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച
വൈദികനും രക്തസാക്ഷിയുമായ
വിശുദ്ധ മാക്‌സി മില്യന്‍ മരിയ കോള്‍ബെയെ
ആത്മാക്കളോടുള്ള തീക്ഷ്ണതയാലും പരസ്‌നേഹത്താലും
അങ്ങ് പൂരിതനാക്കിയല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ മഹത്ത്വത്തിനായി
മനുഷ്യസേവനത്തില്‍ ഔത്സുക്യത്തോടെ പ്രവര്‍ത്തിച്ച്,
അങ്ങേ സുതനോട് മരണംവരെയും അനുരൂപരാകാന്‍
കാരുണ്യപൂര്‍വം ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജോഷ്വ 24:14-29
ആരെയാണ് സേവിക്കുക എന്ന് ഇന്നുതന്നെ തീരുമാനിക്കുവിന്‍.
അക്കാലത്ത്, ജോഷ്വ ജനത്തോടു പറഞ്ഞു: കര്‍ത്താവിനെ ഭയപ്പെടുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടുംകൂടെ അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. ഈജിപ്തിലും നദിക്കക്കരെയും നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ചു കര്‍ത്താവിനെ സേവിക്കുവിന്‍. കര്‍ത്താവിനെ സേവിക്കുന്നതിനു മനസ്സില്ലെങ്കില്‍ നദിക്കക്കരെ നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്മാരെയോ ആരെയാണ് സേവിക്കുക എന്ന് ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എന്റെ കുടുംബവും കര്‍ത്താവിനെ സേവിക്കും.
അപ്പോള്‍ ജനം പ്രതിവചിച്ചു: ഞങ്ങള്‍ കര്‍ത്താവിനെ വിട്ട് അന്യദേവന്മാരെ സേവിക്കാന്‍ ഇടയാകാതിരിക്കട്ടെ! നമ്മുടെ ദൈവമായ കര്‍ത്താവാണ് നമ്മെയും നമ്മുടെ പിതാക്കന്മാരെയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് കൊണ്ടുപോരുകയും നമ്മുടെ കണ്‍മുമ്പില്‍ മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നാം പോയ എല്ലാ വഴികളിലും, കടന്നുപോയ എല്ലാ ജനതകളുടെ ഇടയിലും, നമ്മെ സംരക്ഷിക്കുകയും ചെയ്തത്. ഈ ദേശത്തു വസിച്ചിരുന്ന അമോര്യരെയും മറ്റു ജനതകളെയും നമ്മുടെ മുന്‍പില്‍ നിന്നു കര്‍ത്താവു തുരത്തി. അതിനാല്‍, ഞങ്ങളും കര്‍ത്താവിനെ സേവിക്കും; അവിടുന്നാണ് നമ്മുടെദൈവം.
ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങള്‍ക്കു കര്‍ത്താവിനെ സേവിക്കാന്‍ സാധ്യമല്ല; എന്തെന്നാല്‍, അവിടുന്നു പരിശുദ്ധനായ ദൈവമാണ്; അസഹിഷ്ണുവായ ദൈവം. നിങ്ങളുടെ പാപങ്ങളും അതിക്രമങ്ങളും അവിടുന്നു ക്ഷമിക്കുകയില്ല. കര്‍ത്താവിനെ വിസ്മരിച്ച് അന്യദേവന്മാരെ സേവിച്ചാല്‍ അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നന്മ ചെയ്തിരുന്ന കര്‍ത്താവ് നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയുംചെയ്യും.
അപ്പോള്‍ ജനം ജോഷ്വയോടു പറഞ്ഞു: ഇല്ല; ഞങ്ങള്‍ കര്‍ത്താവിനെ മാത്രം സേവിക്കും. ജോഷ്വ പറഞ്ഞു: കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന് നിങ്ങള്‍തന്നെ സാക്ഷി. അവര്‍ പറഞ്ഞു: അതേ, ഞങ്ങള്‍തന്നെ സാക്ഷി. അവന്‍ പറഞ്ഞു: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയട്ടെ! ജനം വീണ്ടും ജോഷ്വയോടു പറഞ്ഞു: ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍ സേവിക്കുകയും അവിടുത്തെ വാക്കു കേള്‍ക്കുകയും ചെയ്യും.
അങ്ങനെ, ഷെക്കെമില്‍വച്ച് ജോഷ്വ അന്ന് ജനവുമായി ഉടമ്പടി ഉണ്ടാക്കുകയും അവര്‍ക്കുവേണ്ടി നിയമങ്ങളും ചട്ടങ്ങളും നല്‍കുകയും ചെയ്തു. ജോഷ്വ ഈ വാക്കുകള്‍ കര്‍ത്താവിന്റെ നിയമഗ്രന്ഥത്തില്‍ എഴുതി. അവന്‍ വലിയ ഒരു കല്ലെടുത്ത് കര്‍ത്താവിന്റെ കൂടാരത്തിനു സമീപത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ സ്ഥാപിച്ചു. ജോഷ്വ ജനത്തോടു പറഞ്ഞു: ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ. കര്‍ത്താവ് നമ്മോട് അരുളിച്ചെയ്ത എല്ലാ വചനങ്ങളും ഇതു ശ്രവിച്ചിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ ദൈവത്തോട് അവിശ്വസ്തമായി വര്‍ത്തിക്കാതിരിക്കുന്നതിന് ഇതു നിങ്ങള്‍ക്ക് സാക്ഷിയായിരിക്കട്ടെ! അനന്തരം, ജോഷ്വ ജനത്തെ അവരവരുടെ അവകാശദേശത്തേക്ക് അയച്ചു. പിന്നീട്, കര്‍ത്താവിന്റെ ദാസനും നൂനിന്റെ മകനുമായ ജോഷ്വ മരിച്ചു. അപ്പോള്‍, അവനു നൂറ്റിപ്പത്തു വയസ്സുണ്ടായിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 16:1-2a,5,7-8,11
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
എനിക്ക് ഉപദേശം നല്‍കുന്ന
കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍
പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലതുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 19:13-15
ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍. സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
അക്കാലത്ത്, യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ ശകാരിച്ചു. എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. അവന്‍ അവരുടെമേല്‍ കൈകള്‍ വച്ചശേഷം അവിടെനിന്നു പോയി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയോടു കേണപേക്ഷിച്ചുകൊണ്ട്
ഞങ്ങളുടെ ഈ കാഴ്ചദ്രവ്യങ്ങള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ മാതൃകയാല്‍,
ഞങ്ങളുടെ ജീവിതം അങ്ങേക്കു സമര്‍പ്പിക്കാന്‍
ഞങ്ങള്‍ അഭ്യസിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 15:13
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്‌നേഹിതര്‍ക്കു വേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍
വലിയ സ്‌നേഹമില്ല.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ പുത്രന്റെ ശരീരരക്തങ്ങളാല്‍
പരിപോഷിതരായ ഞങ്ങള്‍,
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ
ഈ ദിവ്യവിരുന്നില്‍ നിന്നു സ്വീകരിച്ച അതേ സ്‌നേഹാഗ്നിയാല്‍
ഉജ്ജ്വലിക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment