ദിവ്യബലി വായനകൾ Saint Bartholomew, Apostle – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 24/8/2021

Saint Bartholomew, Apostle – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അപ്പോസ്തലനായ വിശുദ്ധ ബര്‍ത്തലോമിയ
അങ്ങേ പുത്രനെ വിശ്വസ്തമനസ്സോടെ ആശ്ലേഷിച്ച വിശ്വാസം
ഞങ്ങളില്‍ ശക്തിപ്പെടുത്തണമേ.
അദ്ദേഹത്തിന്റെ പ്രാര്‍ഥനകളാല്‍,
അങ്ങേ സഭ സകല ജനതകള്‍ക്കും
രക്ഷയുടെ കൂദാശയായിത്തീരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 21:9-14
നഗരത്തിന്റെ മതിലിലെ പന്ത്രണ്ട് അടിസ്ഥാനങ്ങളില്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു.

അവസാനത്തെ ഏഴു മഹാമാരികള്‍ നിറഞ്ഞ ഏഴു പാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചു തരാം. അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവില്‍ എന്നെ കൊണ്ടുപോയി. സ്വര്‍ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു. അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായ രത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികം പോലെ നിര്‍മലം. അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു. കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍. നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകളും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:10-11,12-13,17-18

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

അവിടുത്തെ ശക്തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.
അവിടുത്തെ രാജത്വം ശാശ്വതമാണ്;
അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു;

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും
അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
കര്‍ത്താവു സമീപസ്ഥനാണ്.

കര്‍ത്താവേ, അങ്ങേ വിശുദ്ധര്‍ അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 1:45-51
ഇതാ, നിഷ്‌കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍.

പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്റെ മകന്‍, നസറത്തില്‍ നിന്നുള്ള യേശുവിനെ – ഞങ്ങള്‍ കണ്ടു. നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു. നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അപ്പോസ്തലനായ വിശുദ്ധ ബര്‍ത്തലോമിയയുടെ തിരുനാള്‍
നവമായി ആഘോഷിച്ചുകൊണ്ട്,
അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥമാണല്ലോ
ഞങ്ങള്‍ ഈ സ്‌തോത്രബലി അങ്ങേക്ക് അര്‍പ്പിക്കുന്നത്.
ഈ വിശുദ്ധന്റെ മാധ്യസ്ഥ്യത്താല്‍
അങ്ങേ സഹായം പ്രാപിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ലൂക്കാ 22:29-30

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പിതാവ് എനിക്ക് രാജ്യം കല്പിച്ചുതന്നപോലെ,
ഞാന്‍ നിങ്ങള്‍ക്കും കല്പിച്ചുതരുന്നു.
അത്, നിങ്ങള്‍ എന്റെ രാജ്യത്തില്‍
എന്റെ മേശയില്‍നിന്ന് ഭക്ഷിക്കുന്നതിനും
പാനംചെയ്യുന്നതിനും വേണ്ടിയാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അപ്പോസ്തലനായ വിശുദ്ധ ബര്‍ത്തലോമിയയുടെ
തിരുനാള്‍ ആഘോഷിച്ചുകൊണ്ട്,
ഞങ്ങള്‍ സ്വീകരിച്ച നിത്യരക്ഷയുടെ അച്ചാരം,
ഇഹലോകജീവിതത്തിലും പരലോകജീവിതത്തിലും
ഞങ്ങള്‍ക്ക് ഒന്നുപോലെ സഹായകമായി ഭവിക്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment