🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ശനി, 11/9/2021
Saturday of week 23 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 തിമോ 1:15-17
യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ്.
യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍. എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണമായ ക്ഷമ പ്രകടമാക്കുന്നതിനു വേണ്ടിയാണ്. യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏക ദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 113:1b-2,3-4,5a,6-7
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയാ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ,
അവിടുത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയാ!
ഉദയം മുതല്‍ അസ്തമയംവരെ
കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയാ!
നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്?
അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു;
അഗതിയെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു.
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയാ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 6:43-49
നിങ്ങള്‍ എന്നെ ‘കര്‍ത്താവേ’, ‘കര്‍ത്താവേ’ എന്നു വിളിക്കയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍ നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്മയില്‍ നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്റെ അടുത്തുവന്ന് എന്റെ വചനം കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന് ഞാന്‍ വ്യക്തമാക്കാം. ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്ഥാനമിട്ട് വീടു പണിത മനുഷ്യനോടു സദൃശനാണ് അവന്‍. വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിന്മേല്‍ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു. വചനം കേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്റെ തകര്‍ച്ച വലുതായിരുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2
നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.
Or:
യോഹ 8: 12
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment