ദിവ്യബലി വായനകൾ Saturday of week 24 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 18/9/2021

Saturday of week 24 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.


സമിതിപ്രാര്‍ത്ഥന

സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ,
ഞങ്ങളെ കടാക്ഷിക്കുകയും
അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്,
പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തിമോ 6:13-16
കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായി നീ കാത്തുസൂക്ഷിക്കണം.

വാത്സല്യമുള്ളവനേ, എല്ലാറ്റിനും ജീവന്‍ നല്‍കുന്ന ദൈവത്തിന്റെയും, പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്‍കിയ യേശുക്രിസ്തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്‍പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 100:1-2,3,4,5

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;
അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

കൃതജ്ഞതാഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍;
സ്തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

അവിടുത്തേക്കു നന്ദിപറയുവിന്‍;
അവിടുത്തെ നാമം വാഴ്ത്തുവിന്‍.
കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.

സന്തോഷത്തോടെ കര്‍ത്താവിന്റെ സന്നിധിയില്‍ വരുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 8:4-15
നല്ല നിലത്തു വീണ വിത്ത്, വചനം കേട്ട് അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

അക്കാലത്ത്, പല പട്ടണങ്ങളിലും നിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ യേശു അരുളിച്ചെയ്തു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. ആളുകള്‍ അതു ചവിട്ടിക്കളയുകയും പക്ഷികള്‍ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതുകൊണ്ട് ഉണങ്ങിപ്പോയി. ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല നിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടര്‍ന്ന് അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ഈ ഉപമയുടെ അര്‍ഥമെന്ത് എന്നു ശിഷ്യന്മാര്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്. മററുള്ളവര്‍ക്കാകട്ടെ അവ ഉപമകളിലൂടെ നല്‍കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്. ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്. ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാന്‍ വേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികില്‍ വീണ വിത്ത്. പാറയില്‍ വീണത്, വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത് അവര്‍ വീണുപോകുന്നു. മുള്ളുകളുടെ ഇടയില്‍ വീണത്, വചനം കേള്‍ക്കുന്നെങ്കിലും ജീവിതക്ലേശങ്ങള്‍, സമ്പത്ത്, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്. നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷകള്‍ തൃക്കണ്‍പാര്‍ക്കുകയും
അങ്ങേ ദാസരുടെ ഈ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, ഓരോരുത്തരും അങ്ങേ
നാമത്തിന്റെ സ്തുതിക്കായി അര്‍പ്പിക്കുന്നത്
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 36:7

ദൈവമേ, അങ്ങേ കാരുണ്യം എത്ര അമൂല്യം!
മനുഷ്യമക്കള്‍ അങ്ങേ ചിറകുകളുടെ തണലില്‍ അഭയംതേടുന്നു.


Or:
cf. 1 കോറി 10:16

നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം
ക്രിസ്തുവിന്റെ രക്തത്തിലുള്ള പങ്കുചേരലാണ്;
നാം മുറിക്കുന്ന അപ്പം കര്‍ത്താവിന്റെ
ശരീരത്തിലുള്ള ഭാഗഭാഗിത്വമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്തിന്റെ പ്രവര്‍ത്തനം
ഞങ്ങളുടെ മനസ്സുകളിലും ശരീരത്തിലും നിറഞ്ഞുനില്ക്കണമേ.
അങ്ങനെ, ഞങ്ങളുടെ അനുഭവങ്ങളല്ല, പിന്നെയോ,
അതിന്റെ പ്രവര്‍ത്തനഫലംതന്നെ
എന്നും ഞങ്ങളില്‍ വര്‍ധമാനമാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment