🌹🌹🌹🌹🌹🌹🌹
12 Dec 2021
3rd Sunday of Advent
Liturgical Colour: Rose or Violet.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവിന്റെ തിരുപ്പിറവിആഘോഷം
വിശ്വസ്തതയോടെ കാത്തിരിക്കുന്ന അങ്ങേ ജനത്തെ
കാണുന്ന ദൈവമേ,
ഇത്ര മഹത്തായ രക്ഷയുടെ സന്തോഷത്തില്‍ എത്തിച്ചേരാനും
അതിനെ സമുന്നതമായ ആരാധനയാലും
സവിശേഷമായ ആഹ്ളാദത്താലും എന്നും ആഘോഷിക്കാനും
ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
സെഫാ 3:14-18
നിന്നെക്കുറിച്ച് കര്‍ത്താവ് അതിയായി ആഹ്ളാദിക്കും.
സീയോന്‍ പുത്രീ, ആനന്ദഗാനമാലപിക്കുക.
ഇസ്രായേലേ, ആര്‍പ്പുവിളിക്കുക.
ജറുസലെം പുത്രീ,
പൂര്‍ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക.
നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു.
നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു.
ഇസ്രായേലിന്റെ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്;
നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല.
അന്ന് ജറുസലെമിനോടു പറയും:
സീയോനേ, ഭയപ്പെടേണ്ടാ,
നിന്റെ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ.
നിന്റെ ദൈവമായ കര്‍ത്താവ്,
വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്.
നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ളാദിക്കും.
തന്റെ സ്‌നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്ഠിക്കും.
ഉത്സവദിനത്തിലെന്നപോലെ
അവിടുന്ന് നിന്നെക്കുറിച്ച് ആനന്ദഗീതമുതിര്‍ക്കും.
ഞാന്‍ നിന്നില്‍ നിന്നു വിപത്തുകളെ ദൂരീകരിക്കും;
നിനക്കു നിന്ദനമേല്‍ക്കേണ്ടി വരുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഏശ 12:2-6 3
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
ദൈവമാണ് എന്റെ രക്ഷ,
ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
രണ്ടാം വായന
ഫിലി 4:4-7
കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു.
നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
ഏശ. 61/1. (ലൂക്ക. 4/18.)
അല്ലേലൂയ, അല്ലേലൂയ!
കർത്താവിൻ്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 3:10-18
ഞങ്ങള്‍ എന്തു ചെയ്യണം?
ജനക്കൂട്ടം യോഹന്നാനോടു ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ. ചുങ്കക്കാരും സ്‌നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപണവും അരുത്. വേതനം കൊണ്ടു തൃപ്തിപ്പെടണം.
പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവന്‍ തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി. യോഹന്നാന്‍ അവരോടു പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും. വീശുമുറം അവന്റെ കൈയില്‍ ഉണ്ട്. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കുകയും പതിര് കെടാത്ത തീയില്‍ ദഹിപ്പിക്കുകയും ചെയ്യും. ഇതുപോലെ, മററു പല ഉദ്‌ബോധനങ്ങളിലൂടെയും അവന്‍ ജനത്തെ സദ്‌വാര്‍ത്ത അറിയിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ
പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ഏശ 35:4
പറയുവിന്‍: ഭീരുക്കളേ, ധൈര്യം അവലംബിക്കുവിന്‍;
ഭയപ്പെടേണ്ടാ; ഇതാ നമ്മുടെ ദൈവം വരുന്നു; അവിടന്നു നമ്മെ രക്ഷിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;
തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹🌹🌹🌹🌹🌹🌹


Leave a comment