🌹 🌹 🌹 🌹 🌹 🌹 🌹
13 Dec 2021
Saint Lucy, Virgin, Martyr
on Monday of the 3rd week of Advent
Liturgical Colour: Red.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയും രക്തസാക്ഷിണിയുമായ
വിശുദ്ധ ലൂസിയുടെ മാധ്യസ്ഥ്യം ഞങ്ങളെ സഹായിക്കട്ടെ.
ഈ വിശുദ്ധയുടെ സ്വര്‍ഗീയ ജന്മദിനം
ഇഹത്തില്‍ ഞങ്ങള്‍ ആഘോഷിക്കുകയും
നിത്യതയില്‍ ദര്‍ശിക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
സംഖ്യ 24:2-7,15-17
ഇസ്രായേലില്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും.
അവന്‍ കണ്ണുകളുയര്‍ത്തി; ഗോത്രങ്ങള്‍ അനുസരിച്ച് ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിച്ചു. അവന്‍ പ്രവചിച്ചു പറഞ്ഞു :
ബയോറിന്റെ മകന്‍ ബാലാമിന്റെ പ്രവചനം,
ദര്‍ശനം ലഭിച്ചവന്റെ പ്രവചനം.
ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍,
സര്‍വശക്തനില്‍ നിന്നു ദര്‍ശനം സിദ്ധിച്ചവന്‍,
തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു:
യാക്കോബേ, നിന്റെ കൂടാരങ്ങള്‍ എത്ര മനോഹരം!
ഇസ്രായേലേ, നിന്റെ പാളയങ്ങളും.
വിശാലമായ താഴ്‌വര പോലെയാണവ;
നദീതീരത്തെ ഉദ്യാനങ്ങള്‍ പോലെയും,
കര്‍ത്താവു നട്ടകാരകില്‍ നിര പോലെയും,
നീര്‍ച്ചാലിനരികെയുള്ള ദേവദാരു പോലെയും.
അവന്റെ ഭരണികളില്‍ നിന്നു വെള്ളം കവിഞ്ഞൊഴുകും,
വിത്തുകള്‍ക്കു സമൃദ്ധമായി ജലം ലഭിക്കും.
അവന്റെ രാജാവ് അഗാഗിനെക്കാള്‍ ഉന്നതനായിരിക്കും.
അവന്റെ രാജ്യം മഹത്വമണിയും.
ബാലാം പ്രവചനം തുടര്‍ന്നു :
ബയോറിന്റെ മകന്‍ ബാലാമിന്റെ പ്രവചനം,
ദര്‍ശനം ലഭിച്ചവന്റെ പ്രവചനം:
ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍,
അത്യുന്നതന്റെ അറിവില്‍ പങ്കുചേര്‍ന്നവന്‍,
സര്‍വശക്തനില്‍ നിന്നു ദര്‍ശനം സിദ്ധിച്ചവന്‍,
തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു :
ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല;
ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല.
യാക്കോബില്‍ നിന്ന് ഒരു നക്ഷത്രം ഉദിക്കും,
ഇസ്രായേലില്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 25:4-5,6-7,8-9
കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!
കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവു വരുന്നു. അവിടുത്തെ എതിരേൽക്കുവിൻ; അവിടുന്നാണ് സമാധാന രാജൻ.
അല്ലേലൂയ!
സുവിശേഷം
മത്താ 21:23-27
യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെ നിന്നായിരുന്നു?
യേശു ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നല്‍കിയത് ആരാണ്? യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ എന്നോട് ഉത്തരം പറഞ്ഞാല്‍ എന്തധികാരത്താലാണ് ഞാന്‍ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? അവര്‍ പരസ്പരം ആലോചിച്ചു; സ്വര്‍ഗത്തില്‍ നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. മനുഷ്യരില്‍ നിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു. അതിനാല്‍, അവര്‍ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ അവന്‍ പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17
സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 🌹 🌹 🌹 🌹 🌹 🌹


Leave a comment