🌹 🌹 🌹 🌹 🌹 🌹 🌹
14 Dec 2021
Saint John of the Cross, Priest, Doctor
on Tuesday of the 3rd week of Advent
Liturgical Colour: White.
ഒന്നാം വായന
സെഫാ 3:1-2,9-13
സകലര്‍ക്കും രക്ഷയുടെ വാഗ്ദാനം.
ധിക്കാരിയും മലിനയും മര്‍ദകയുമായ നഗരത്തിനു ദുരിതം!
അവള്‍ ആരു പറഞ്ഞാലും കേള്‍ക്കുകയില്ല.
അവള്‍ ശിക്ഷണത്തിനു വഴങ്ങുന്നില്ല.
അവള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നില്ല.
തന്റെ ദൈവത്തിങ്കലേക്ക് അവള്‍ തിരിയുന്നില്ല.
കര്‍ത്താവിന്റെ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും,
ഏക മനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി
അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.
എത്യോപ്യയിലെ നദികള്‍ക്കപ്പുറത്തുനിന്ന് എന്റെ അപേക്ഷകര്‍,
എന്റെ ജനത്തില്‍ നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍,
എനിക്കു കാഴ്ചകള്‍ കൊണ്ടുവരും.
നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികള്‍ നിമിത്തം
നിന്നെ ഞാന്‍ അന്നു ലജ്ജിതനാക്കുകയില്ല.
എന്തെന്നാല്‍, നിന്റെ മധ്യേനിന്നു വന്‍പുപറയുന്ന
അഹങ്കാരികളെ ഞാന്‍ നീക്കിക്കളയും.
നീ എന്റെ വിശുദ്ധ ഗിരിയില്‍വച്ച്
ഒരിക്കലും അഹങ്കരിക്കുകയില്ല.
ഞാന്‍ നിന്റെ മധ്യത്തില്‍ വിനയവും എളിമയും ഉള്ള
ഒരു ജനത്തെ അവശേഷിപ്പിക്കും,
അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അഭയം പ്രാപിക്കും.
ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ തിന്മ ചെയ്യുകയില്ല,
വ്യാജം പറയുകയില്ല.
അവരുടെ വായില്‍ വഞ്ചന നിറഞ്ഞ നാവ് ഉണ്ടായിരിക്കുകയില്ല.
അവര്‍ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും.
ആരും അവരെ ഭയപ്പെടുത്തുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 34:1-2,5-6,16-17,18,22
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു
കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും
എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു
ദുഷ്‌കര്‍മികളുടെ ഓര്‍മ ഭൂമിയില്‍ നിന്നു വിച്‌ഛേദിക്കാന്‍
കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍
കര്‍ത്താവു കേള്‍ക്കുന്നു;
അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു,
അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.
എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേല്ലൂയ! അല്ലേല്ലൂയ!
തൻ്റെ ജനത്തെ രക്ഷിക്കാൻ ഇതാ കർത്താവ് വരുന്നു. അവിടുത്തെ എതിരേൽക്കാൻ ഒരുക്കിയവർ അനുഗ്രഹീതരാകുന്നു.
അല്ലേല്ലൂയ!
സുവിശേഷം
മത്താ 21:28-32
ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും പറഞ്ഞു: നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക. ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല. അവന്‍ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്ചാത്തപിച്ച് അവന്‍ പോയി. ഈ രണ്ടുപേരില്‍ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.
കർത്താവിന്റെ സുവിശേഷം.
🌹 🌹 🌹 🌹 🌹 🌹 🌹



Leave a comment