🌹 🌹 🌹 🌹 🌹 🌹 🌹
15 Dec 2021
Wednesday of the 3rd week of Advent
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
അങ്ങേ പുത്രന്റെ ആസന്നമായിരിക്കുന്ന മഹോത്സവം
ഞങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതത്തിന് ഔഷധവും
നിത്യസമ്മാനവും സംലബ്ധമാകാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 45:6-8,18,21-25
സ്വര്‍ഗങ്ങളേ, മുകളില്‍ നിന്ന് പൊഴിയുക.
ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല
ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്ധകാരം സൃഷ്ടിച്ചു;
ഞാന്‍ സുഖദുഃഖങ്ങള്‍ നല്‍കുന്നു.
ഇതെല്ലാം ചെയ്ത കര്‍ത്താവ് ഞാന്‍ തന്നെ.
സ്വര്‍ഗങ്ങളേ, മുകളില്‍ നിന്ന് പൊഴിയുക.
ആകാശം നീതി ചൊരിയട്ടെ!
ഭൂമി തുറന്ന് രക്ഷമുളയ്ക്കട്ടെ!
അങ്ങനെ നീതി സംജാതമാകട്ടെ!
കര്‍ത്താവായ ഞാനാണ് ഇതു സൃഷ്ടിച്ചത്.
ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല,
എന്ന് ആകാശം സൃഷ്ടിച്ച കര്‍ത്താവ് അരുളിച്ചെയ്യുന്നു.
അവിടുന്നാണ് ദൈവം;
അവിടുന്ന് ഭൂമിയെ രൂപപ്പെടുത്തി, സ്ഥാപിച്ചു;
വ്യര്‍ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ
അവിടുന്ന് അതു സൃഷ്ടിച്ചു.
നിങ്ങളുടെ ന്യായവാദം ഉന്നയിക്കുവിന്‍;
അവര്‍ കൂടിയാലോചിക്കട്ടെ.
പുരാതനമായ ഈ കാര്യങ്ങള്‍ പണ്ടുതന്നെ
നിങ്ങളോടു പറഞ്ഞതാരാണ്?
കര്‍ത്താവായ ഞാന്‍ തന്നെയല്ലേ?
ഞാനല്ലാതെ മറ്റൊരു ദൈവമില്ല.
ഞാനല്ലാതെ നീതിമാനായ ദൈവവും
രക്ഷകനുമായി മറ്റാരുമില്ല.
ഭൂമിയുടെ അതിര്‍ത്തികളേ,
എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക.
ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.
ഞാന്‍ ശപഥം ചെയ്തിരിക്കുന്നു;
ഒരിക്കലും തിരിച്ചെടുക്കാത്ത നീതിയുടെ വാക്ക്
എന്നില്‍ നിന്നു പുറപ്പെട്ടിരിക്കുന്നു.
എല്ലാവരും എന്റെ മുന്‍പില്‍ മുട്ടുമടക്കും;
എല്ലാ നാവും ശപഥം ചെയ്യും.
നീതിയും ബലവും കര്‍ത്താവിന്റെ മാത്രം
എന്ന് എന്നെക്കുറിച്ചു മനുഷ്യര്‍ പറയും.
അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം
അവിടുത്തെ മുന്‍പില്‍ ലജ്ജിതരാകും.
ഇസ്രായേലിന്റെ സന്തതികള്‍
കര്‍ത്താവില്‍ വിജയവും മഹത്വവും കൈവരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 85:8ab,9,10-11,12-13
കര്‍ത്താവ് ആകാശത്തു നിന്ന് ഭൂമിയെ കടാക്ഷിച്ച് നന്മ പൊഴിക്കുന്നു.
കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും;
അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും;
ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കുതന്നെ.
കര്‍ത്താവ് ആകാശത്തു നിന്ന് ഭൂമിയെ കടാക്ഷിച്ച് നന്മ പൊഴിക്കുന്നു.
കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും;
നീതിയും സമാധാനവും പരസ്പരം ചുംബിക്കും.
ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും;
നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
കര്‍ത്താവ് ആകാശത്തു നിന്ന് ഭൂമിയെ കടാക്ഷിച്ച് നന്മ പൊഴിക്കുന്നു.
കര്‍ത്താവു നന്മ പ്രദാനം ചെയ്യും;
നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും.
നീതി അവിടുത്തെ മുന്‍പില്‍ നടന്ന്
അവിടുത്തേക്കു വഴിയൊരുക്കും.
കര്‍ത്താവ് ആകാശത്തു നിന്ന് ഭൂമിയെ കടാക്ഷിച്ച് നന്മ പൊഴിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
സദ് വാർത്തയുമായി വരുന്ന ജറുസലേമേ, നിർഭയം വിളിച്ചു പറയുക; ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 7:19-23
നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക.
യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ച്, വരാനിരിക്കുന്നവന്‍ നീ തന്നെയോ, അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്ന് കര്‍ത്താവിനോടു ചോദിക്കാന്‍ പറഞ്ഞയച്ചു. അവര്‍ അവന്റെ അടുത്തു ചെന്നു പറഞ്ഞു: വരാനിരിക്കുന്നവന്‍ നീ തന്നെയോ അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്നു ചോദിക്കാന്‍ സ്‌നാപകയോഹന്നാന്‍ ഞങ്ങളെ നിന്റെ അടുത്തേക്ക് അയച്ചിരിക്കുന്നു. അപ്പോള്‍ യേശു വളരെപ്പേരെ രോഗങ്ങളില്‍ നിന്നും പീഡകളില്‍ നിന്നും അശുദ്ധാത്മാക്കളില്‍ നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്മാര്‍ക്ക് കാഴ്ചകൊടുക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ സ്ഥാപിതമായവ
പൂര്‍ത്തിയാക്കപ്പെടുന്നതിനും
ഞങ്ങളില്‍ അങ്ങേ രക്ഷ പ്രബലമാംവിധം
നിവര്‍ത്തിക്കപ്പെടുന്നതിനും വേണ്ടി
ഞങ്ങളുടെ ആരാധനാബലി
നിര്‍വിഘ്‌നം അങ്ങേക്ക് അര്‍പ്പിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
. ഏശ 40:10; 35:5
ഇതാ, നമ്മുടെ കര്‍ത്താവ് പ്രാഭവത്തോടെ എഴുന്നള്ളുമ്പോള്‍
അവിടന്ന് തന്റെ ദാസരുടെ കണ്ണുകള്‍ പ്രകാശിപ്പിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ അങ്ങേ കരുണയ്ക്കായി പ്രാര്‍ഥിക്കുന്നു;
തിന്മകളില്‍ നിന്നു മോചിതരായ ഞങ്ങളെ
ഈ ദിവ്യമായ പോഷണദ്രവ്യങ്ങള്‍,
ആസന്നമാകുന്ന തിരുനാളിന് ഒരുക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 🌹 🌹 🌹 🌹 🌹 🌹


Leave a comment