Holy Mass Readings Malayalam, Thursday of the 3rd week of Advent 

🌹 🌹 🌹 🌹 🌹 🌹 🌹

16 Dec 2021
Thursday of the 3rd week of Advent 

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പ്രവൃത്തികളുടെ പാപക്കറയാല്‍ വേദനിക്കുന്ന
അയോഗ്യ ദാസരായ ഞങ്ങളെ
അങ്ങേ ഏകജാതന്റെ രക്ഷാകരമായ ആഗമനത്താല്‍
ആഹ്ളാദഭരിതരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 54:1-10
പരിത്യക്തയായ, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു


കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ, പാടിയാര്‍ക്കുക.
പ്രസവവേദന അനുഭവിക്കാത്തവളേ,
ആഹ്ളാദത്തോടെ കീര്‍ത്തനമാലപിക്കുക.
ഏകാകിനിയുടെ മക്കളാണ്
ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം.

നിന്റെ കൂടാരം വിസ്തൃതമാക്കുക;
അതിലെ തിരശ്ശീലകള്‍ വിരിക്കുക;
കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക:
കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക.
നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും.
നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും
വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.

ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല;
നീ അപമാനിതയുമാവുകയില്ല.
നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും;
വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല.

നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്.
സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെ നാമം.
ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍.
ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.

പരിത്യക്തയായ, യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട,
ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ
കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന്
നിന്റെ ദൈവം അരുളിച്ചെയ്യുന്നു.

നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു.
മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.
കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു
ഞാന്‍ എന്റെ മുഖം നിന്നില്‍ നിന്നു മറച്ചുവച്ചു;
എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ
നിന്നോടു ഞാന്‍ കരുണകാണിക്കും
എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്.
അവന്റെ കാലത്തെന്നപോലെ ജലം ഭൂമിയെ
മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്.
അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ
നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന്
ഞാന്‍ ശപഥം ചെയ്തിരിക്കുന്നു.

നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു:
മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം.
എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല;
എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 30:1,3-5a,10-12

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും,
അവിടുന്ന് എന്നെ രക്ഷിച്ചു;
എന്റെ ശത്രു എന്റെമേല്‍
വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.
കര്‍ത്താവേ, അവിടുന്ന് എന്നെ
പാതാളത്തില്‍ നിന്നു കരകയറ്റി;
മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന്
എന്നെ ജീവനിലേക്ക് ആനയിച്ചു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവിന്റെ വിശുദ്ധരേ,
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍;
അവിടുത്തെ പരിശുദ്ധ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം
നിമിഷനേരത്തേക്കേ ഉള്ളൂ;
അവിടുത്തെ പ്രസാദം
ആജീവനാന്തം നിലനില്‍ക്കുന്നു.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

കര്‍ത്താവേ, എന്റെ യാചന കേട്ട്
എന്നോടു കരുണ തോന്നണമേ!
കര്‍ത്താവേ, അവിടുന്ന്
എന്നെ സഹായിക്കണമേ!
അവിടുന്ന് എന്റെ വിലാപത്തെ
ആനന്ദനൃത്തമാക്കി മാറ്റി;
ദൈവമായ കര്‍ത്താവേ,
ഞാനങ്ങേക്ക് എന്നും നന്ദി പറയും.

കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയാ!
കർത്താവിൻ്റെ ദിവസം സമീപിച്ചിരിക്കുന്നു; ഇതാ, നമ്മെ രക്ഷിക്കാൻ അവിടുന്നു വരുന്നു.
അല്ലേലൂയ!

സുവിശേഷം

ലൂക്കാ 7:24-30
യോഹന്നാന്‍, കര്‍ത്താവിന് വഴിയൊരുക്കുന്ന ദൂതന്‍.

യോഹന്നാന്റെ ദൂതന്മാര്‍ പോയപ്പോള്‍ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കില്‍ പിന്നെ എന്തു കാണാനാണ് നിങ്ങള്‍ പോയത്? മൃദുലവസ്ത്രങ്ങള്‍ ധരിച്ചവനെയോ? മോടിയായി വസ്ത്രം ധരിച്ച് ആഡംബരത്തില്‍ ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ. അതുമല്ലെങ്കില്‍, എന്തു കാണാനാണു നിങ്ങള്‍ പോയത്? പ്രവാചകനെയോ? അതേ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഇതാ, നിനക്കുമുമ്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു.
അവന്‍ മുമ്പേ പോയി നിനക്കു വഴിയൊരുക്കും.

ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്. ഇതു കേട്ട്, യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു. ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചു കളഞ്ഞു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വരദാനങ്ങളില്‍നിന്നു ശേഖരിച്ച്
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുകയും
ഞങ്ങളുടെ കാലാനുസൃതമായ വണക്കത്തിന്റെ ഫലമായി അങ്ങു നല്കുന്നത്
ഞങ്ങള്‍ക്ക് നിത്യരക്ഷയുടെ സമ്മാനമായി ഭവിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

തീത്തോ 2 :12-13
അനുഗൃഹീതമായ പ്രത്യാശയും
അത്യുന്നത ദൈവത്തിന്റെ മഹത്ത്വത്തിന്റെ
ആഗമനവും പ്രതീക്ഷിച്ചുകൊണ്ട്
നീതിയോടും ഭക്തിയോടുംകൂടെ
ഈ ലോകത്ത് നമ്മള്‍ ജീവിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളാചരിച്ച ദിവ്യരഹസ്യങ്ങള്‍
ഞങ്ങള്‍ക്ക് ഫലദായകമാകണമേ.
നശ്വരമായ വഴിയിലൂടെ ചരിക്കുന്ന ഞങ്ങളെ
ഇപ്പോള്‍ത്തന്നെ ഈ രഹസ്യങ്ങളിലൂടെ
സ്വര്‍ഗീയകാര്യങ്ങളില്‍ തത്പരരാക്കുന്നതിനും
അനശ്വരമായവ മുറുകെപ്പിടിക്കുന്നതിനും പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 🌹 🌹 🌹 🌹 🌹 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment