Holy Mass Readings Malayalam Mary, Mother of God – Solemnity

🌹 🌹 🌹 🌹 🌹 🌹 🌹

01 Jan 2022

Mary, Mother of God – Solemnity

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

പരിശുദ്ധ മറിയത്തിന്റെ ഫലദായകമായ കന്യാത്വംവഴി,
മനുഷ്യവര്‍ഗത്തിന് നിത്യരക്ഷയുടെ സമ്മാനം
പ്രദാനംചെയ്ത ദൈവമേ,
ജീവന്റെ ഉടയവനായ അങ്ങേ പുത്രനെ സ്വീകരിക്കാന്‍
ഞങ്ങളെ അര്‍ഹരാക്കിയ അവള്‍ വഴി,
ഞങ്ങള്‍ക്കു വേണ്ടിയുള്ള അവളുടെ മാധ്യസ്ഥ്യമനുഭവിക്കാന്‍
അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന
സംഖ്യ 6:22-27
അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അഹറോനോടും പുത്രന്മാരോടും പറയുക, നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കണം:

കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.
കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ നാമം ഉറപ്പിക്കട്ടെ.

അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 67:1-2,4,5,7

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവം നമ്മോടു കൃപ കാണിക്കുകയും
നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങേ വഴി ഭൂമിയിലും അങ്ങേ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ജനതകളെല്ലാം ആഹ്‌ളാദിക്കുകയും
ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും
ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
അവിടുന്നു നമ്മെ അനുഗ്രഹിച്ചു.
ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!

ദൈവമേ, ഞങ്ങളോടു കൃപ കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

രണ്ടാം വായന

ഗലാ 4:4-7
കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി.

കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായി കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ! എന്നു വിളിക്കുന്നതന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

ഹെബ്രാ. 1: 1,2

അല്ലേലൂയ! അല്ലേലൂയ!

പൂർവ്വകാലങ്ങളിൽ പ്രവാചകൻമാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കൻമാരോടു സംസാരിച്ചിട്ടുണ്ട്.
എന്നാൽ, ഈ അവസാന നാളുകളിൽ തൻ്റെ പുത്രൻ വഴി അവിടുന്നു സംസാരിച്ചിരിക്കുന്നു.

അല്ലേലൂയ!


സുവിശേഷം

ലൂക്കാ 2:16-21
ആട്ടിടയന്മാര്‍ മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.

ആട്ടിടയന്മാര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു. അതു കേട്ടവരെല്ലാം ഇടയന്മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകല കാര്യങ്ങളെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്മാര്‍ തിരിച്ചുപോയി.
ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്‍കി.

കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ കാരുണ്യത്താല്‍
അങ്ങ് എല്ലാ നന്മകളും ആരംഭിക്കുകയും
പൂര്‍ത്തീകരിക്കുകയും ചെയ്യുന്നുവല്ലോ,
പരിശുദ്ധ ദൈവമാതാവിന്റെ മഹോത്സവത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
അങ്ങേ കൃപയുടെ ആരംഭത്തെക്കുറിച്ച്
അഭിമാനിക്കുന്നപോലെ,
അതിന്റെ പൂര്‍ത്തീകരണത്തിലും
ആനന്ദിക്കാന്‍ ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ഹെബ്രാ 13:8

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരാള്‍ തന്നെയാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശകള്‍
ഞങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിച്ചുവല്ലോ.
നിത്യകന്യകയായ പരിശുദ്ധ മറിയത്തെ
അങ്ങേ പുത്രന്റെ മാതാവും
സഭയുടെ അമ്മയുമായി പ്രകീര്‍ത്തിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഞങ്ങളെ,
അവ നിത്യജീവിതത്തിലേക്കു നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 🌹 🌹 🌹 🌹 🌹 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment