Holy Mass Readings Malayalam, Tuesday after Epiphany Sunday 

🌹 🌹 🌹 🌹 🌹 🌹 🌹
04 Jan 2022

Tuesday after Epiphany Sunday 
Liturgical2 Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ ഏകജാതന്‍
ഞങ്ങളുടെ ശരീരത്തിന്റെ സത്തയില്‍ പ്രത്യക്ഷപ്പെട്ടുവല്ലോ.
ബാഹ്യമായി ഞങ്ങള്‍ക്കു സദൃശനാണെന്ന്
ഞങ്ങള്‍ തിരിച്ചറിഞ്ഞ അവിടന്നുവഴി,
ആന്തരികമായി നവീകരിക്കപ്പെടാന്‍
ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 4:7-10
ദൈവം സ്‌നേഹമാണ്.


പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം;
എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍ നിന്നുള്ളതാണ്.
സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്;
അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.
സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല.
കാരണം, ദൈവം സ്‌നേഹമാണ്.
തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി
ദൈവം അവനെ ലോകത്തിലേക്കയച്ചു.
അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല,
അവിടുന്നു നമ്മെ സ്‌നേഹിക്കുകയും
നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം.

കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം

സങ്കീ 72:1-2, 3-4, 7-8

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും
ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ!
എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ!
ദരിദ്രര്‍ക്കു മോചനം നല്‍കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ!
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സമുദ്രം മുതല്‍ സമുദ്രം വരെയും
നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും
അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ഒരു വലിയ പ്രവാചകൻ നമ്മുടെയിടയിൽ ഉദയം ചെയ്തിരിക്കുന്നു.
ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 6:34-44
കൃതജ്ഞതാസ്‌തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്മാരെ ഏല്‍പിച്ചു.

യേശു കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി. നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ അവന്റെയടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജനപ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു. ചുറ്റുമുള്ള നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെങ്കിലും വാങ്ങി ഭക്ഷിക്കാന്‍ അവരെ പറഞ്ഞയയ്ക്കുക. അവന്‍ പ്രതിവചിച്ചു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുന്നൂറു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ? അവന്‍ ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? ചെന്നുനോക്കുവിന്‍. അവര്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു: അഞ്ച് അപ്പവും രണ്ടു മീനും. പുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരിക്കാന്‍ അവന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു. അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്ഞതാസ്‌തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്മാരെ ഏല്‍പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്മാരായിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിപൂര്‍വം സ്വീകരിക്കണമേ.
ഭക്തിപുരസ്സരമുളള വിശ്വാസത്താല്‍ അവര്‍ പ്രഖ്യാപിക്കുന്നവ
സ്വര്‍ഗീയ കൂദാശകളാല്‍ സ്വന്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

എഫേ 2:4; റോമാ 8:3

ദൈവം നമ്മെ സ്‌നേഹിച്ച അവിടത്തെ വലിയ സ്‌നേഹത്താല്‍,
പാപകരമായ ജഡത്തിന്റെ സാദൃശ്യത്തില്‍ അവിടന്ന് തന്റെ പുത്രനെ അയച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന
അങ്ങേ കൂദാശയുടെ പങ്കാളിത്തംവഴി
ഞങ്ങളെ സ്പര്‍ശിക്കുന്ന ദൈവമേ,
അതിന്റെ ശക്തിയുടെ ഫലം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണമേ.
അങ്ങനെ, അങ്ങേ ദാനം സ്വീകരിക്കാന്‍
അതേ ദാനത്തിലൂടെ ഞങ്ങള്‍ യോഗ്യരാകപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 🌹 🌹 🌹 🌹 🌹 🌹

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment