Holy Mass Readings Malayalam, Thursday after Epiphany Sunday 

🌹 🌹 🌹 🌹 🌹 🌹 🌹

06 Jan 2022

Thursday after Epiphany Sunday 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

അങ്ങേ പുത്രന്‍വഴി സര്‍വജനതകള്‍ക്കും വേണ്ടിയുള്ള
അങ്ങേ നിത്യതയുടെ പ്രകാശമുദിപ്പിച്ച ദൈവമേ,
അങ്ങേ ജനം അവിടത്തെ പ്രഭാവത്താല്‍
നിത്യമഹത്ത്വത്തില്‍ എത്തിച്ചേരാന്‍,
അവരുടെ രക്ഷകന്റെ പൂര്‍ണപ്രഭ
തിരിച്ചറിയുന്നതിന് ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 4:19-5:4
ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം.


ആദ്യം ദൈവം നമ്മെ സ്‌നേഹിച്ചു.
അതിനാല്‍, നാമും അവിടുത്തെ സ്‌നേഹിക്കുന്നു.
ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും
സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു.
കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു
കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.
ക്രിസ്തുവില്‍ നിന്ന് ഈ കല്‍പന നമുക്കു ലഭിച്ചിരിക്കുന്നു:
ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം.

യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്.
പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍
ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍,
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം.
അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.
എന്തെന്നാല്‍, ദൈവത്തില്‍ നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു.
ലോകത്തിന്മേലുള്ള വിജയം ഇതാണ് – നമ്മുടെ വിശ്വാസം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 72:1-2,14,15bc,17

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

പീഡനത്തില്‍ നിന്നും അക്രമത്തില്‍ നിന്നും
അവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും;
അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.
അവനു ദീര്‍ഘായുസ്സുണ്ടാകട്ടെ!
ഷേബായിലെ സ്വര്‍ണം അവനു കാഴ്ചയായി ലഭിക്കട്ടെ!
അവനുവേണ്ടി ഇടവിടാതെ പ്രാര്‍ഥന ഉയരട്ടെ!
അവന്റെ മേല്‍ അനുഗ്രഹം ഉണ്ടാകട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

അവന്റെ നാമം നിത്യം നിലനില്‍ക്കട്ടെ!
സൂര്യനുള്ളിടത്തോളം കാലം
അവന്റെ കീര്‍ത്തി നിലനില്‍ക്കട്ടെ!
അവനെപ്പോലെ അനുഗൃഹീതരാകട്ടെ
എന്നു ജനം പരസ്പരം ആശംസിക്കട്ടെ!
ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു.
മരണത്തിൻ്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 4:14-22
നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.

യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപ പ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി.
യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു: കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസ്സുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ കൈമാറ്റം സാക്ഷാത്കരിക്കുന്ന
ഞങ്ങളുടെ കാഴ്ചവസ്തുക്കള്‍ അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങു നല്കിയവ സമര്‍പ്പിക്കുന്ന ഞങ്ങളെ
അങ്ങയെത്തന്നെ സ്വീകരിക്കാന്‍ യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിന്
തന്റെ ഏകജാതനെ നല്കാന്‍ തക്ക വിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പരിശുദ്ധമായ ഈ ദിവ്യരഹസ്യങ്ങളുടെ ശക്തിയാല്‍
ഞങ്ങളുടെ ജീവിതം നിരന്തരം ശക്തിപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

💐 💐 💐 💐 💐 💐 💐

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment