🔥 🔥 🔥 🔥 🔥 🔥 🔥
16 Jan 2022
2nd Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 62:1-5
നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.
സീയോന്റെ ന്യായം പ്രഭാതം പോലെയും
ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും
പ്രകാശിക്കുന്നതു വരെ
അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല.
ജനതകള്‍ നിന്റെ നീതികരണവും
രാജാക്കന്മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും.
കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും.
കര്‍ത്താവിന്റെ കൈയില്‍ നീ
മനോഹരമായ ഒരു കിരീടമായിരിക്കും;
നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും.
പരിത്യക്തയെന്നു നീയോ, വിജനം എന്നു നിന്റെ ദേശമോ
ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സന്തോഷം എന്നു നീയും,
വിവാഹിതയെന്നു നിന്റെ ദേശവും വിളിക്കപ്പെടും.
എന്തെന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു;
നിന്റെ ദേശം വിവാഹിതയാകും.
യുവാവ് കന്യകയെ എന്നപോലെ
നിന്റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും;
മണവാളന്‍ മണവാട്ടിയിലെന്ന പോലെ
നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 96:1-2,2-3,7-8,9-10
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍;
ഭൂമി മുഴുവന്‍ അവിടുത്തെമുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ!
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
രണ്ടാം വായന
1 കോറി 12:4-11
തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.
ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനന്മയ്ക്കു വേണ്ടിയാണ്. ഒരേ ആത്മാവു തന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. ഒരേ ആത്മാവു തന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു. തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അരുൾ ചെയ്താലും, അങ്ങേ ദാസൻ ഇതാ ശ്രവിക്കുന്നു നിത്യജീവൻ്റെ വചന അൾ അങ്ങേ പക്കൽ ഉണ്ട്.
അല്ലേലൂയ!
സുവിശേഷം
യോഹ 2:1-11
യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.
ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണ കര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്റെ അടുത്തു കൊണ്ടു ചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം
ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
. സങ്കീ 23:5
എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;
എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.
Or:
1 യോഹ 4:16
ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം
ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Leave a comment