Holy Mass Readings Malayalam, 3rd Sunday in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥

23 Jan 2022

3rd Sunday in Ordinary Time (Sunday of the Word of God) 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നെഹെ 8:2-6,8-10b
എസ്രാ നിയമഗ്രന്ഥം അവരുടെ മുന്‍പില്‍ വായിച്ചു. ജനം ശ്രദ്ധാപൂര്‍വം ശ്രവിച്ചു.

ഏഴാം മാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്ത്രീകളും പുരുഷന്മാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുന്‍പില്‍ നിയമഗ്രന്ഥം കൊണ്ടുവന്നു. അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതല്‍ മധ്യാഹ്‌നംവരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്ധാപൂര്‍വം ശ്രവിച്ചു. പ്രത്യേകം നിര്‍മിച്ച തടികൊണ്ടുള്ള പീഠത്തിലാണ് എസ്രാ നിന്നത്. മത്തീത്തിയാ, ഷേമാ, അനായാ, ഉറിയാ, ഹില്‍ക്കായാ, മാസെയാ എന്നിവര്‍ അവന്റെ വലത്തുവശത്തും പെദായാ, മിഷായേല്‍, മല്‍ക്കിയാ, ഹഷൂം, ഹഷ്ബദാന, സഖറിയാ, മെഷുല്ലാം എന്നിവര്‍ ഇടത്തുവശത്തും നിന്നിരുന്നു. ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട്, എല്ലാവരും കാണ്‍കെ അവന്‍ പുസ്തകം തുറന്നു. അവര്‍ എഴുന്നേറ്റുനിന്നു. എസ്രാ അത്യുന്നത ദൈവമായ കര്‍ത്താവിനെ സ്തുതിച്ചു. ജനം കൈകള്‍ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്ന് ഉദ്‌ഘോഷിക്കുകയും സാഷ്ടാംഗം വീണു കര്‍ത്താവിനെ ആരാധിക്കുകയും ചെയ്തു.
അവര്‍ ദൈവത്തിന്റെ നിയമഗ്രന്ഥം വ്യക്തമായി വായിച്ചു. ജനങ്ങള്‍ക്കു മനസ്സിലാകും വിധം ആശയം വിശദീകരിച്ചു. നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപനായ നെഹെമിയായും പുരോഹിതനും നിയമജ്ഞനായ എസ്രായും ജനത്തെ പഠിപ്പിച്ച ലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന് ഈ ദിവസം വിശുദ്ധമാണ്. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്. അനന്തരം അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പോയി വിഭവസമൃദ്ധമായ ഭക്ഷണവും മധുരവീഞ്ഞും കഴിക്കുക. ആഹാരമില്ലാത്തവന് ഓഹരി കൊടുത്തയയ്ക്കുകയും ചെയ്യുക. ഈ ദിവസം കര്‍ത്താവിനു വിശുദ്ധമാണ്. നിങ്ങള്‍ വിലപിക്കരുത്. അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 19:7-9,14

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു.

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

എന്റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ!
എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും
അങ്ങേ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

രണ്ടാം വായന

1 കോറി 12:12-30
നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്.

ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെ തന്നെയാണ് ക്രിസ്തുവും. നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു. ഒരു അവയവമല്ല, പലതു ചേര്‍ന്നതാണ് ശരീരം. ഞാന്‍ കൈ അല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു കാല്‍ പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? അതുപോലെതന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? ശരീരം ഒരു കണ്ണു മാത്രമായിരുന്നെങ്കില്‍ ശ്രവണം സാധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവി മാത്രമായിരുന്നെങ്കില്‍ ഘ്രാണം സാധ്യമാകുന്നതെങ്ങനെ? എന്നാല്‍, ദൈവം സ്വന്തം ഇഷ്ടമനുസരിച്ച് ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം കൂടെ ഒരു അവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു? ഇപ്പോഴാകട്ടെ പല അവയവങ്ങളും ഒരു ശരീരവുമാണുള്ളത്. കണ്ണിന് കൈയോട് എനിക്കു നിന്നെക്കൊണ്ട് ആവശ്യമില്ല എന്നോ, തലയ്ക്കു കാലിനോട് എനിക്കു നിന്നെക്കൊണ്ട് ഉപയോഗമില്ല എന്നോ പറയുക സാധ്യമല്ല. നേരേമറിച്ച്, ദുര്‍ബലങ്ങളെന്നു കരുതപ്പെടുന്ന അവയവയങ്ങളാണ് കൂടുതല്‍ ആവശ്യമായിരിക്കുന്നത്. മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യത കല്‍പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതല്‍ അലങ്കരിക്കുകയും ചെയ്യുന്നു. ഭംഗിയുള്ള അവയവങ്ങള്‍ക്ക് ഇവയൊന്നും ആവശ്യമില്ല. ദൈവമാകട്ടെ, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്കവിധം ശരീരം സംവിധാനം ചെയ്തിരിക്കുന്നു. അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനു തന്നെ. ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.
നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. ദൈവം സഭയില്‍ ഒന്നാമത് അപ്പോസ്തലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പോസ്തലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കുമോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്നെന്നെ അയച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 1:1-4,4:14-21
ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.

നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ. അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ ദൃക്‌സാക്ഷികളും ശുശ്രൂഷകന്മാരും ആയിരുന്നവര്‍ നമുക്ക് ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്. അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി. അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കു ബോധ്യം വരാനാണ്.
യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി. യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു: കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,
നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.


Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment