🔥 🔥 🔥 🔥 🔥 🔥 🔥
24 Jan 2022
Saint Francis de Sales, Bishop, Doctor
on Monday of week 3 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, മെത്രാനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ്
ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി,
എല്ലാവര്‍ക്കും എല്ലാമായിത്തീരാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അദ്ദേഹത്തിന്റെ മാതൃകയാല്‍ ഞങ്ങള്‍ എപ്പോഴും
ഞങ്ങളുടെ സഹോദരങ്ങളുടെ സേവനത്തില്‍
അങ്ങേ സ്‌നേഹത്തിന്റെ സൗമ്യശീലം പ്രകടമാക്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 സാമു 5:1-7,10
എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും.
അക്കാലത്ത്, ഇസ്രായേല്‍ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നുപറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്. സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍ പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകം ചെയ്തു. ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതു വയസ്സായിരുന്നു. അവന്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഹെബ്രോണില്‍ യൂദായെ ഏഴു വര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു; ജറുസലെമില്‍ ഇസ്രായേലിനെയും യൂദായെയും മുപ്പത്തിമൂന്നു വര്‍ഷവും.
രാജാവും സൈന്യവും ജറുസലേമിലേക്ക് ജബൂസ്യര്‍ക്കെതിരേ പുറപ്പെട്ടു. ദാവീദിന് ഇവിടെ കടക്കാന്‍ കഴിയുകയില്ല എന്നു വിചാരിച്ച് അവര്‍ അവനോടു പറഞ്ഞു: നിനക്കിവിടെ കടക്കാനാവില്ല. നിന്നെ തടയാന്‍ കുരുടനും മുടന്തനും മതി. ദാവീദ് സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ദാവീദിന്റെ നഗരം എന്ന് അത് അറിയപ്പെടുന്നു. ദാവീദ് മേല്‍ക്കുമേല്‍ പ്രാബല്യം നേടി. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 89:19,20-21,24-25
എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.
പണ്ട് ഒരു ദര്‍ശനത്തില്‍
അവിടുന്നു തന്റെ വിശ്വസ്തനോട് അരുളിച്ചെയ്തു:
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു;
ഒരുവനെ ഞാന്‍ ജനത്തില്‍ നിന്നു തിരഞ്ഞെടുത്ത് ഉയര്‍ത്തി.
എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു.
എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും.
എന്റെ ഭുജം അവനു ശക്തി നല്‍കും.
എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.
എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും;
എന്റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്‍ക്കും.
ഞാന്‍ അവന്റെ അധികാരം സമുദ്രത്തിന്മേലും
അവന്റെ ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.
എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കു കയും സുവിശേഷത്തിലൂടെ ജീവൻ വെളിപ്പെടുത്തുകയും ചെയ്തു.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 3:22-30
അത് സാത്താന്റെ അവസാനമായിരിക്കും.
അക്കാലത്ത്, ജറുസലെമില്‍ നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്. യേശു അവരെ അടുത്തുവിളിച്ച്, ഉപമകള്‍ വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക? അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല. അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല. സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ച ചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ച നടത്താന്‍ കഴിയൂ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍ നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും. അവന്‍ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ഫ്രാന്‍സിസിന്റെ മനസ്സിനെ
പരിശുദ്ധാത്മാവിന്റെ ദിവ്യാഗ്നിയാല്‍
അദ്ഭുതകരമായ വിധത്തില്‍
ഏറ്റവും സൗമ്യശീലമുള്ളതായി അങ്ങ് ജ്വലിപ്പിച്ചുവല്ലോ.
അതേ അഗ്നിയാല്‍ അങ്ങേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്ന
ഈ രക്ഷാകര ബലിയിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെയും ജ്വലിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 12:42
യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.
Or:
cf. സങ്കീ 1:2-3
രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഇഹത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ
സ്‌നേഹവും സൗമ്യശീലവും അനുകരിച്ച്,
ഞങ്ങള്‍ സ്വീകരിച്ച കൂദാശ വഴി
സ്വര്‍ഗത്തില്‍ മഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment