🔥 🔥 🔥 🔥 🔥 🔥 🔥
30 Jan 2022
4th Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനും
എല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജെറ 1:4-5,17-19
ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
ജോസിയായുടെ വാഴ്ചയുടെ കാലത്ത് കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ
ഞാന്‍ നിന്നെ അറിഞ്ഞു;
ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു;
ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
നീ എഴുന്നേറ്റ് അര മുറുക്കുക.
ഞാന്‍ കല്‍പിക്കുന്നതൊക്കെയും അവരോടു പറയുക.
അവരെ നീ ഭയപ്പെടേണ്ടാ;
ഭയപ്പെട്ടാല്‍ അവരുടെ മുന്‍പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും.
ദേശത്തിനു മുഴുവനും യൂദായിലെ രാജാക്കന്മാര്‍ക്കും
പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദേശവാസികള്‍ക്കും എതിരേ
അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി
ഇന്നു നിന്നെ ഞാന്‍ ഉറപ്പിക്കും.
അവര്‍ നിന്നോടു യുദ്ധം ചെയ്യും; എന്നാല്‍ വിജയിക്കുകയില്ല;
നിന്റെ രക്ഷയ്ക്കു ഞാന്‍ കൂടെയുണ്ട് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 71:1-2,3-4a,5-6ab,15ab,17
എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.
കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
അങ്ങേ നീതിയില്‍ എന്നെമോചിപ്പിക്കുകയും
രക്ഷിക്കുകയും ചെയ്യണമേ!
എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ!
എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.
അങ്ങ് എനിക്ക് അഭയശിലയും
ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!
എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.
കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍ നിന്ന്
അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.
എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.
എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും
രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും;
അവ എന്റെ അറിവിന് അപ്രാപ്യമാണ്.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങേ
അത്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.
എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.
രണ്ടാം വായന
1 കോറി 12:31-13:13
വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.
സഹോദരരേ, ഉത്കൃഷ്ടദാനങ്ങള്‍ക്കു വേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം. ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരം ഉണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.
സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു. സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.
നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്. പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്തമിക്കുന്നു. ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തി വന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു. ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്കു വരുന്നില്ല.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 4:21-30
ഏലിയായെയും ഏലിശായെയും പോലെ യേശുവും യഹൂദര്‍ക്ക് വേണ്ടി മാത്രമല്ല അയക്കപ്പെട്ടത്.
യേശു നസറത്തിലെ സിനഗോഗില്‍ വച്ച് പറഞ്ഞു: നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു. അവന്‍ അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ എന്നോട് കഫര്‍ണാമില്‍ നീ ചെയ്ത അദ്ഭുതങ്ങള്‍ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും. എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന് മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവര്‍ അവനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍ നിന്നു താഴേക്കു തള്ളിയിടാനായികൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ അള്‍ത്താരയിലേക്കു കൊണ്ടുവന്നിരിക്കുന്ന
ഞങ്ങളുടെ ശുശ്രൂഷയുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിച്ച്
ഞങ്ങളുടെ പരിത്രാണത്തിന്റെ
കൂദാശയായി രൂപാന്തരപ്പെടുത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 31:17-18
അങ്ങേ മുഖം അങ്ങേ ദാസന്റെമേല്‍ പതിക്കണമേ.
അങ്ങേ കാരുണ്യത്തില്‍ എന്നെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നെ ലജ്ജിതനാക്കരുതേ,
എന്തെന്നാല്‍, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു.
Or:
മത്താ 5:3-4
ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്;
ശാന്തശീലര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ഭൂമി അവകാശമാക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ പരിത്രാണത്തിന്റെ ദാനങ്ങളാല്‍
പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
നിത്യരക്ഷയുടെ ഈ സഹായത്താല്‍
സത്യവിശ്വാസം എന്നും പുഷ്ടിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment