🔥 🔥 🔥 🔥 🔥 🔥 🔥
04 Feb 2022
Saint John de Britto, Martyr
on Friday of week 4 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ലൂക്കാ 12:8
ഞാന്‍ നിങ്ങളോടു പറയുന്നു:
മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ആരെയും
ദൈവത്തിന്‍റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും.
സമിതിപ്രാര്‍ത്ഥന
ദൈവമേ, ഞങ്ങളുടെ രാജ്യത്ത്
രക്ഷയുടെ സന്ദേശം പ്രചരിപ്പിക്കാന്‍
വിശുദ്ധ ജോണ്‍ ദെ ബ്രിട്ടോയുടെ ഹൃദയം
അങ്ങയോടും അങ്ങേ ജനത്തോടുമുളള സ്‌നേഹത്താല്‍
അങ്ങ് നിരന്തരം പരിപോഷിച്ചുവല്ലോ.
അദ്ദേഹത്തിന്‍റെ സാക്ഷ്യത്താലും മാധ്യസ്ഥ്യത്താലും ശക്തിപ്രാപിച്ച്
സുവിശേഷത്തില്‍ ആനന്ദിക്കാനും
എല്ലാവരോടും ധീരതയോടെ അത് പ്രഘോഷിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 47:2-13
അവന്‍ പൂര്‍ണഹൃദയത്തോടെ സ്രഷ്ടാവിനെ സ്‌നേഹിക്കുകയും അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു.
സമാധാനബലിയില്‍ വിശിഷ്ടമായ കൊഴുപ്പെന്നപോലെ
ഇസ്രായേല്‍ ജനത്തില്‍ നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.
അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെ എന്നപോലെ സിംഹങ്ങളുമായും
ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്ന പോലെ
കരടികളുമായും കളിയാടി.
അവന്‍, യൗവനത്തില്‍ കവിണയില്‍ കല്ലുചേര്‍ത്ത്
കരം ഉയര്‍ത്തിയപ്പോള്‍
ഗോലിയാത്തിന്റെ അഹങ്കാരം തകര്‍ത്തില്ലേ?
ആ മല്ലനെ കൊന്ന് അവന്‍ ജനത്തിന്റെ അപമാനം നീക്കിയില്ലേ?
അവന്‍ അത്യുന്നതായ കര്‍ത്താവിനോട് അപേക്ഷിച്ചു;
തന്റെ ജനത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനു വേണ്ടി
ഒരു യുദ്ധവീരനെ കൊല്ലുന്നതിന്
അവിടുന്ന് അവന്റെ വലത്തുകരം ശക്തമാക്കി.
പതിനായിരങ്ങളുടെമേല്‍ വിജയം വരിച്ചവന്‍
എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട്
അവര്‍ അവനെ മഹത്വത്തിന്റെ കിരീടം അണിയിച്ചു;
കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതി അവര്‍ അവനെ സ്തുതിച്ചു.
ചുറ്റുമുള്ള ശത്രുക്കളെ അവന്‍ തുടച്ചുമാറ്റി;
എതിരാളികളായ ഫിലിസ്ത്യരെ അവന്‍ നശിപ്പിച്ചു;
ഇന്നും അവര്‍ ശക്തിയറ്റവരായി കഴിയുന്നു.
തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍
അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച്
പരിശുദ്ധനായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു;
അവന്‍ പൂര്‍ണ ഹൃദയത്തോടെ സ്രഷ്ടാവിനെ സ്‌നേഹിക്കുകയും
അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു.
ബലിപീഠത്തിനു മുമ്പില്‍ മധുരമായ ഗാനം ആലപിക്കുവാന്‍
അവന്‍ ഗായകസംഘത്തെ നിയോഗിച്ചു.
അവന്‍ ഉത്സവങ്ങള്‍ക്കു മനോഹാരിത പകരുകയും
അവയുടെ കാലം നിശ്ചയിക്കുകയും ചെയ്തു.
അവര്‍ ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിച്ചപ്പോള്‍
അവരുടെ സ്തുതിഗീതങ്ങളാല്‍
ഉദയത്തിനു മുമ്പുതന്നെ വിശുദ്ധസ്ഥലം മുഖരിതമായി.
കര്‍ത്താവ് അവന്റെ പാപം നീക്കിക്കളയുകയും
അവന്റെ അധികാരം എന്നേക്കും ഉറപ്പിക്കുകയും ചെയ്തു;
അവിടുന്ന് അവന് രാജത്വവും
ഇസ്രായേലില്‍ മഹത്വത്തിന്റെ സിംഹാസനവും ഉടമ്പടി വഴി നല്‍കി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 18:30,46,49,50
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
ദൈവത്തിന്റെ മാര്‍ഗം അവികലമാണ്;
കര്‍ത്താവിന്റെ വാഗ്ദാനം നിറവേറും;
തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
കര്‍ത്താവു ജീവിക്കുന്നു;
എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ;
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
ആകയാല്‍ കര്‍ത്താവേ, ജനതകളുടെ മധ്യേ
ഞാന്‍ അങ്ങേക്കു കൃതജ്ഞതാസ്‌തോത്രം ആലപിക്കും;
അങ്ങേ നാമം പാടി സ്തുതിക്കും.
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു:
തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു;
ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ.
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
ദൈവത്തിൻ്റെ വചനം കേട്ട് ഉത്കൃഷ്ടവും നിർമ്മലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ അനുഗ്രഹീതർ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 6:14-29
ഞാന്‍ ശിരശ്‌ഛേദം ചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
അക്കാലത്ത്, ഹേറോദേസ് രാജാവ് യേശുവിനെപ്പറ്റി കേട്ടു. യേശുവിന്റെ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: സ്‌നാപകയോഹന്നാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ഭുതകരമായ ഈ ശക്തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ഏലിയാ ആണ്, വേറെ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്. എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ് പ്രസ്താവിച്ചു: ഞാന്‍ ശിരശ്‌ഛേദം ചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെ ചെയ്തത്. അവന്‍ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. തന്മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്‍കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
ഹേറോദേസ് തന്റെ ജന്മദിനത്തില്‍ രാജസേവകന്മാര്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്‍കിയപ്പോള്‍ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു. അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും. അവന്‍ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും. അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്സ്. അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് അമ്മയെ ഏല്‍പിച്ചു. ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ അനുഗ്രഹത്താല്‍
ഞങ്ങളുടെ കാണിക്കകള്‍ വിശുദ്ധീകരിക്കണമേ.
അങ്ങേ സ്‌നേഹാഗ്നിയാലാണല്ലോ
വിശുദ്ധ ജോണ്‍ ദെ ബ്രിട്ടോ
തന്‍റെ എല്ലാ ശാരീരിക പീഡകളെയും അതിജീവിച്ചത്.
അതേ സ്‌നേഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:49
ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്.
അത് ഇതിനകം കത്തിയെരിഞ്ഞിരുന്നെങ്കില്‍!
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയ വിരുന്നാല്‍ പരിപോഷിതരായി,
ഞങ്ങള്‍ താഴ്മയോടെ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ ജോണ്‍ ദെ ബ്രിട്ടോയുടെ മാതൃകയാല്‍,
ഞങ്ങള്‍ ഭൂമിയില്‍ അങ്ങയോടുളള
ആത്മാര്‍ഥ സ്‌നേഹത്തില്‍ വളരുകയും
സ്വര്‍ഗീയ മഹത്ത്വം എന്നേക്കും പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment