🔥 🔥 🔥 🔥 🔥 🔥 🔥
05 Feb 2022
Saint Agatha, Virgin, Martyr
on Saturday of week 4 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ഇതാ, ഊര്‍ജസ്വലയായ കന്യകയും
പാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവും
ശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതി
നമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെ
ഇപ്പോള്‍ അനുഗമിക്കുന്നു.
Or:
ഭാഗ്യവതിയായ കന്യക,
തന്നത്തന്നെ പരിത്യജിക്കുകയും
തന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,
കന്യകമാരുടെ മണവാളനും
രക്തസാക്ഷികളുടെ രാജകുമാരനുമായ
കര്‍ത്താവിനെ അനുകരിച്ചു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, രക്തസാക്ഷിത്വത്തിന്റെ ശക്തിയാലും
കന്യാത്വത്തിന്റെ യോഗ്യതയാലും
അങ്ങയെ എപ്പോഴും പ്രസാദിപ്പിച്ച
കന്യകയും രക്തസാക്ഷിണിയുമായ വിശുദ്ധ ആഗത്ത
അങ്ങേ കാരുണ്യം ഞങ്ങള്‍ക്കായി അപേക്ഷിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 3:4-13
നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങേ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
അക്കാലത്ത്, സോളമന്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു. അവിടെവച്ചു രാത്രി കര്‍ത്താവു സോളമന് സ്വപ്‌നത്തില്‍ പ്രത്യക്ഷനായി. ദൈവം അവനോട് അരുളിച്ചെയ്തു: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക. അവന്‍ പറഞ്ഞു: എന്റെ പിതാവും അങ്ങേ ദാസനുമായ ദാവീദ് വിശ്വസ്തതയോടും നീതിബോധത്തോടും പരമാര്‍ഥ ഹൃദയത്തോടും കൂടെ അവിടുത്തെ മുന്‍പില്‍ വ്യാപരിച്ചു. അങ്ങ് അവനോട് അതിയായ സ്‌നേഹം എപ്പോഴും കാണിച്ചുപോന്നു. അവിടുന്ന് ആ സ്‌നേഹം നിലനിര്‍ത്തുകയും അവന്റെ സിംഹാസനത്തിലിരിക്കാന്‍ ഒരു മകനെ നല്‍കുകയും ചെയ്തു. എന്റെ ദൈവമായ കര്‍ത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത് രാജാവാക്കിയിരിക്കുന്നു. അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങേ ദാസന്‍. ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങേ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
സോളമന്റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. അവിടുന്ന് അവനോട് അരുളിച്ചെയ്തു: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിര്‍വഹണത്തിനു വേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിന്റെ അപേക്ഷ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവ കൂടി ഞാന്‍ നിനക്കു തരുന്നു. നിന്റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 119:9,10,11,12,13,14
കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും?
അങ്ങേ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്.
പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു;
അങ്ങേ കല്‍പന വിട്ടുനടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ!
കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു
ഞാന്‍ അങ്ങേ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ!
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ നാവില്‍ നിന്നു പുറപ്പെടുന്ന ശാസനങ്ങളെ
എന്റെ അധരങ്ങള്‍ പ്രഘോഷിക്കും.
സമ്പത്സമൃദ്ധിയിലെന്നപോലെ
അങ്ങേ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.
കര്‍ത്താവേ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
സുവിശേഷ പ്രഘോഷണവാക്യം
യോഹ. 10/27
അല്ലേലൂയ! അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു: എൻ്റെ അടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
അല്ലേലൂയ! അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 6:30-34
അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു.
അക്കാലത്ത്, അപ്പോസ്തലന്മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം. അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേ അവിടെയെത്തി. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17
സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment