🔥 🔥 🔥 🔥 🔥 🔥 🔥
07 Feb 2022
Saints Gonsalo Garzia, Peter Baptista and Companions, Martyrs
on Monday of week 5 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
സങ്കീ 96:3-4
ജനതകളുടെയിടയില്‍ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്.
സമിതിപ്രാര്‍ത്ഥന
എല്ലാ വിശുദ്ധരുടെയും ശക്തികേന്ദ്രമായ ദൈവമേ,
കുരിശിന്‍റെ രഹസ്യംവഴി, വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയയെ
രക്തസാക്ഷിത്വത്തിന്‍റെ വിജയത്താല്‍ അങ്ങ് അലങ്കരിച്ചുവല്ലോ.
അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥത്താല്‍, മരണംവരെ
വിശ്വാസത്തില്‍ സ്ഥിരതയുളളവരാകാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 8:1-7,9-13
കര്‍ത്താവിന്റെ വാഗ്ദാനപേടകം അതിവിശുദ്ധസ്ഥലമായ ശ്രീകോവിലില്‍ സ്ഥാപിച്ചു.
അക്കാലത്ത്, കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവീദിന്റെ നഗരമായ സീയോനില്‍ നിന്നു കൊണ്ടുവരാന്‍ സോളമന്‍രാജാവ് ഇസ്രായേലിലെ ശ്രേഷ്ഠന്മാരെയും ഗോത്രനേതാക്കന്മാരെയും ഇസ്രായേല്‍ജനത്തിലെ കുടുംബത്തലവന്മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി. ഏഴാംമാസമായ എത്താനിമില്‍, തിരുനാള്‍ ദിവസം ഇസ്രായേല്‍ ജനം രാജസന്നിധിയില്‍ സമ്മേളിച്ചു. ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ വന്നുചേര്‍ന്നു; പുരോഹിതന്മാര്‍ പേടകം വഹിച്ചു. പുരോഹിതന്മാരും ലേവ്യരും ചേര്‍ന്ന് കര്‍ത്താവിന്റെ പേടകവും, സമാഗമകൂടാരവും, അതിലുള്ള വിശുദ്ധപാത്രങ്ങളും കൊണ്ടുവന്നു. സോളമന്‍ രാജാവും അവിടെ സമ്മേളിച്ച ഇസ്രായേല്‍ ജനവും പേടകത്തിന്റെ മുന്‍പില്‍, അസംഖ്യം കാളകളെയും ആടുകളെയും ബലികഴിച്ചുകൊണ്ടിരുന്നു.
പുരോഹിതര്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം അതിവിശുദ്ധ സ്ഥലമായ ശ്രീകോവിലില്‍ യഥാസ്ഥാനം കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ സ്ഥാപിച്ചു. കെരൂബുകള്‍ പേടകത്തിനു മുകളില്‍ ചിറകുകള്‍ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും മറച്ചിരുന്നു.
മോശ ഹോറെബില്‍വച്ചു നിക്‌ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തില്‍ ഉണ്ടായിരുന്നില്ല. അവിടെ വച്ചാണ് ഈജിപ്തില്‍ നിന്നു മോചിതരായിപ്പോന്ന ഇസ്രായേല്‍ ജനവുമായി കര്‍ത്താവ് ഉടമ്പടി ചെയ്തത്.
പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു. മേഘംകാരണം പുരോഹിതന്മാര്‍ക്ക് അവിടെനിന്നു ശുശ്രൂഷ ചെയ്യാന്‍ സാധിച്ചില്ല. കര്‍ത്താവിന്റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞുനിന്നു. അപ്പോള്‍ സോളമന്‍ പറഞ്ഞു: കര്‍ത്താവ് സൂര്യനെ ആകാശത്തു സ്ഥാപിച്ചു; എന്നാല്‍, നിറഞ്ഞ അന്ധകാരത്തിലാണ് താന്‍ വസിക്കുക എന്ന് അവിടുന്ന് അരുളിച്ചെയ്തു. അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മിച്ചിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 132:6-7,8-10
കര്‍ത്താവേ, അങ്ങേ വിശ്രമസ്ഥലത്തേക്കു വരണമേ!
എഫ്രാത്തായില്‍വച്ചു നാം അതിനെപ്പറ്റി കേട്ടു;
യാആറിലെ വയലുകളില്‍ അതിനെ നാം കണ്ടെത്തി.
നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്കു പോകാം;
അവിടുത്തെ പാദപീഠത്തിങ്കല്‍ ആരാധിക്കാം.
കര്‍ത്താവേ, അങ്ങേ വിശ്രമസ്ഥലത്തേക്കു വരണമേ!
കര്‍ത്താവേ, എഴുന്നേറ്റ് അവിടുത്തെ ശക്തിയുടെ പേടകത്തോടൊപ്പം
അങ്ങേ വിശ്രമസ്ഥലത്തേക്കു വരണമേ!
അങ്ങേ പുരോഹിതന്മാര്‍ നീതി ധരിക്കുകയും
അങ്ങേ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കുകയും ചെയ്യട്ടെ!
അങ്ങേ ദാസനായ ദാവീദിനെ പ്രതി
അങ്ങേ അഭിഷിക്തനെ തിരസ്‌കരിക്കരുതേ!
കര്‍ത്താവേ, അങ്ങേ വിശ്രമസ്ഥലത്തേക്കു വരണമേ!
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
യേശുരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കുകയും ജനതകളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 6:53-56
അവിടുത്തെ സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിച്ചു.
അക്കാലത്ത്, യേശുവും ശിഷ്യന്മാരും കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അവനെ തിരിച്ചറിഞ്ഞു. അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവന്‍ ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി. ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അ പേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയയുടെ
വിലയേറിയ രക്തസാക്ഷിത്വത്തിന്‍റെ സ്മരണയില്‍,
ഈ വിശുദ്ധ അള്‍ത്താരയില്‍ ഞങ്ങള്‍ കാഴ്ചവയ്ക്കുന്ന
ഈ കാണിക്കകള്‍ കാരുണ്യപൂര്‍വം കടാക്ഷിക്കണമേ.
അങ്ങേക്കു ശുശ്രൂഷയര്‍പ്പിക്കുന്ന ഈ ദിവ്യരഹസ്യങ്ങളാല്‍ തന്നെ
അങ്ങേ ദാസരായ ഞങ്ങള്‍ ശുദ്ധീകരിക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ 16:24
ആരെങ്കിലും എന്‍റെ പിന്നാലേ വരാന്‍ ആഗ്രഹിക്കുന്നെങ്കില്‍
അവന്‍ സ്വയം പരിത്യജിച്ച് തന്‍റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ സ്വര്‍ഗീയകൂദാശയാല്‍
പരിപോഷിതരായ ഞങ്ങള്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു.
വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയയുടെ മാതൃകയാല്‍,
അങ്ങേ പുത്രന്‍റെ സ്‌നേഹത്തിന്‍റെയും
സഹനത്തിന്‍റെയും അടയാളങ്ങള്‍
ഞങ്ങളുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ വഹിക്കുകയും
ശാശ്വതസമാധാനത്തിന്‍റെ ഫലം നിരന്തരം
അനുഭവിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment