Holy Mass Readings Malayalam, Saint Josephine Bakhita / Tuesday of week 5 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

08 Feb 2022
Saint Josephine Bakhita, Virgin 
or Tuesday of week 5 in Ordinary Time 
or Saint Jerome Emilian 

Liturgical Colour: White.

പ്രവേശകപ്രഭണിതം

ഇതാ, കത്തിച്ച വിളക്കുമായി
ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട
വിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക.


Or:

ക്രിസ്തുവിന്റെ കന്യകേ,
നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെ
കിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ജോസഫൈന്‍ ബക്കിത്തയെ
ഹീനമായ അടിമത്തത്തില്‍നിന്ന്
അങ്ങേ പുത്രിയുടെയും ക്രിസ്തുവിന്റെ മണവാട്ടിയുടെയും
പദവിയിലേക്ക് അങ്ങ് നയിച്ചുവല്ലോ.
ഈ പുണ്യവതിയുടെ മാതൃകയാല്‍,
ക്രൂശിതനും കര്‍ത്താവുമായ യേശുവിനെ
നിരന്തര സ്‌നേഹത്തോടെ പിഞ്ചെല്ലാനും
അനുകമ്പ കാണിക്കുന്നതില്‍ തീക്ഷ്ണതയുള്ളവരായി
സ്‌നേഹത്തില്‍ നിലനില്ക്കാനും അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 രാജാ 8:22-23,27-30
അങ്ങേ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.

അക്കാലത്ത്, സോളമന്‍ കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍പില്‍ ഇസ്രായേല്‍ജനത്തിന്റെ സന്നിധിയില്‍, ഉന്നതങ്ങളിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ അങ്ങേ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്ത സ്‌നേഹം അവരുടെമേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല.
എന്നാല്‍, ദൈവം യഥാര്‍ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും അസാധ്യമെങ്കില്‍ ഞാന്‍ നിര്‍മിച്ച ഈ ഭവനം എത്ര അപര്യാപ്തം! എന്റെ ദൈവമായ കര്‍ത്താവേ, അങ്ങേ ദാസന്റെ പ്രാര്‍ഥനകളും യാചനകളും ശ്രവിക്കണമേ! അങ്ങേ ദാസന്‍ ഇന്നു തിരുമുന്‍പില്‍ സമര്‍പ്പിക്കുന്ന അര്‍ഥനകളും നില വിളിയും കേള്‍ക്കണമേ! അങ്ങേ ദാസന്‍ ഈ ഭവനത്തില്‍ വച്ചു സമര്‍പ്പിക്കുന്ന പ്രാര്‍ഥന കേള്‍ക്കുന്നതിന് അങ്ങേ കടാക്ഷം ഇതിന്മേല്‍ രാപകല്‍ ഉണ്ടായിരിക്കണമേ! അങ്ങേ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഈ ദാസനും അങ്ങേ ജനമായ ഇസ്രായേലും ഇവിടെ സമര്‍പ്പിക്കുന്ന യാചനകള്‍ സ്വീകരിക്കണമേ! അങ്ങു വസിക്കുന്ന സ്വര്‍ഗത്തില്‍ നിന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ട് ഞങ്ങളോട് ക്ഷമിക്കണമേ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 84:2-4,9-10

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

എന്റെ ആത്മാവു കര്‍ത്താവിന്റെ
അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു;
എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ
ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

എന്റെ രാജാവും ദൈവവുമായ
സൈന്യങ്ങളുടെ കര്‍ത്താവേ,
കുരികില്‍പ്പക്ഷി ഒരു സങ്കേതവും
മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും
അങ്ങേ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
ഞങ്ങളുടെ പരിചയായ ദൈവമേ,
അങ്ങേ അഭിഷിക്തനെ കടാക്ഷിക്കണമേ!

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍
അങ്ങേ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു
കൂടുതല്‍ അഭികാമ്യമാണ്;
ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍,
എന്റെ ദൈവത്തിന്റെ ആലയത്തില്‍
വാതില്‍കാവല്‍ക്കാരനാകാനാണു
ഞാന്‍ ആഗ്രഹിക്കുന്നത്.

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവമേ, അങ്ങേ കൽപനകളിലേയ്ക്ക് എൻ്റെ ഹൃദയത്തെ തിരിക്കേണമേ; കാരുണ്യപൂർവ്വം അങ്ങേ നിയമം എന്നെ പഠിപ്പിക്കേണമേ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 7:1-13
ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.

അക്കാലത്ത്, ഫരിസേയരും ജറുസലെമില്‍ നിന്നു വന്ന ചില നിയമജ്ഞരും യേശുവിനുചുറ്റും കൂടി. അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്? അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ ദൂരെയാണ്. വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു. എന്തെന്നാല്‍, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചുപറയുന്നവന്‍ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരുവന്‍ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക് എന്നില്‍ നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ – അതായത് വഴിപാട് – ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു. പിന്നെ പിതാവിനോ മാതാവിനോ വേണ്ടി യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6

ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.


Or:
cf. സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment